by Midhun HP News | Oct 6, 2025 | Latest News
മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനെ വീണ്ടും തഴഞ്ഞതിനെ അന്യായം എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായ കൃഷ്മാചാരി ശ്രീകാന്ത് വിശേഷിപ്പിച്ചത്. തന്റെ യുട്യൂബ് ചാനലിലാണ് ശ്രീകാന്തിന്റെ ശ്രദ്ധേയ നിരീക്ഷണങ്ങള്‍. രണ്ട് ടീമുകളിലുമായി ഏഴ് താരങ്ങള്‍ ഇടംപിടിച്ചപ്പോഴാണ് സഞ്ജു വീണ്ടും തഴയപ്പെട്ടത്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
‘വീണ്ടും സഞ്ജുവിനോടു അന്യായമാണ് കാണിച്ചത്. അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ അദ്ദേഹം ഏകദിന ടീമില്‍ ഉള്‍പ്പെടേണ്ട താരമാണ്. എന്നാല്‍ എല്ലായ്‌പ്പോഴുമെന്ന പോലെ ഒരോ വ്യക്തിക്കു വേണ്ടി അദ്ദേഹത്തെയാണ് തഴയുന്നത്. ഒരു ദിവസം അഞ്ചാം സ്ഥാനത്ത് അദ്ദേഹത്തെ ഇറക്കുന്നു. മറ്റൊരു ദിവസം ഓപ്പണര്‍. ചിലപ്പോള്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പറയുന്നു. ധ്രുവ് ജുറേല്‍ പെട്ടെന്നു എവിടെ നിന്നാണ് വന്നത്. സഞ്ജു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുമോ എന്നൊന്നും പറയുന്നില്ല. പക്ഷേ അദ്ദേഹത്തിനു ടീമിലെത്താനുള്ള അവകാശമുണ്ട്.’
ടീമില്‍ നിരന്തരമായ മാറ്റങ്ങള്‍ വരുത്തുന്നതു കളിയെ ബാധിക്കുമെന്നും മുന്‍ ഓപ്പണര്‍ പറയുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇത്തരം അടിക്കടിയുള്ള മാറ്റങ്ങള്‍.


‘ഇത്തരം തിരഞ്ഞെടുപ്പുകള്‍ നിരന്തരം നടത്തുന്നതിലൂടെ അവര്‍ കളിക്കാരില്‍ തന്നെ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. സെലക്ഷനെപ്പറ്റി മുന്‍കൂട്ടി ഒന്നും പറയാനാകില്ല. യശസ്വി ജയ്‌സ്വാള്‍ ഒരു സമയത്ത് നോക്കുമ്പോള്‍ ടീമിലുണ്ടാകും. അടുത്ത പ്രഖ്യാപനത്തില്‍ അദ്ദേഹം ടീമിലുണ്ടാകില്ല. എപ്പോഴും വെട്ടിയും മാറ്റിയും ഇങ്ങനെ ടീമിനെ തിരഞ്ഞെടുക്കുന്നത് കളിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായി മാറും’- ശ്രീകാന്ത് തുറന്നടിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലാണ്. രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെയല്ല പരിഗണിച്ചത്. ധ്രുവ് ജുറേലിനാണ് നറുക്കു വീണത്.

by Midhun HP News | Oct 6, 2025 | Latest News, കേരളം
തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ ആണ് മരിച്ചത്. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിക്കാണ്(62) ജീവന്‍ നഷ്ടമായത്.
ഇന്ന് രാവിലെ 11.45ഓടെയാണ് ആക്രമണം. ഏലത്തോട്ടത്തില്‍ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു ജോസഫ്.

നേരത്തെ തന്നെ നിരവധി തവണ ഇവിടെ കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.


by Midhun HP News | Oct 6, 2025 | Latest News, ജില്ലാ വാർത്ത
പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിയമനം നേടാൻ അവസരം. ആൻഡമാൻ & നിക്കോബാറിലുള്ള കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനത്ത് ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിലാണ് നിയമനം നടത്തുന്നത്. പ്രതിമാസം 63,200 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11.
മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ, ഡാഫ്ട്രി, പാക്കർ), ലാസ്കർ ഒന്നാം ക്ലാസ് എന്നി തസ്തികളിലായി ആകെ ഒൻപത് ഒഴിവുകൾ ഉണ്ട്. എല്ലാ തസ്തികയിലേക്കും അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയവർക്ക് അപേക്ഷ സമർപ്പിക്കാം. മുൻ പരിചയം ആവശ്യമാണ്.


മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ (ഓർഡിനറി ഗ്രേഡ്):
ഹെവി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുവാൻ ആവശ്യമായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം.
ചെറിയ തകരാറുകൾ പരിഹരിക്കുന്നതിന് മോട്ടോർ മെക്കാനിസങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പ്യൂൺ):
ഓഫീസ് അറ്റൻഡന്റായി രണ്ട് വർഷത്തെ പരിചയം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ഡാഫ്ട്രി):
ഓഫീസ് അറ്റൻഡന്റായി രണ്ട് വർഷത്തെ പരിചയം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (പാക്കർ):
ട്രേഡിൽ രണ്ട് വർഷത്തെ പരിചയം.
ലാസ്കർ ഒന്നാം ക്ലാസ്:
ബോട്ടുകളിൽ മൂന്ന് വർഷത്തെ സേവന പരിചയം.
ഡോക്യുമെന്റ് വെരിഫിക്കേഷൻ,എഴുത്ത് പരീക്ഷ,സ്കിൽ ടെസ്റ്റ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഉയർന്ന പ്രായപരിധി,അപേക്ഷാ ഫീസ്, തുടങ്ങിയ വിവരങ്ങൾ അറിയാൻ https://indiancoastguard.gov.in/ സന്ദർശിക്കുക.

by Midhun HP News | Oct 6, 2025 | Latest News, കേരളം
കൊച്ചി: ദേശീയപാതാ അതോറിറ്റിക്ക് (എന്‍എച്ച്എഐ) ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി ലഭിച്ചു. പാലിയേക്കരയിലെ ടോള്‍ നിരക്ക് വെള്ളിയാഴ്ചവരെ തുടരും. ഹൈക്കോടതി നിരക്ക് കുറച്ചുകൂടേയെന്ന് ചോദിച്ചിരുന്നു. വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
മണ്ണുത്തിഇടപ്പള്ളി ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മാണത്തെ തുടര്‍ന്ന് ഏറെക്കാലം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. കൊരട്ടി, പുതുക്കാട്, മുരിങ്ങൂര്‍, ചിറങ്ങര, പേരാമ്പ്ര എന്നിവിടങ്ങളിലെ അഞ്ച് പ്രധാന ഭാഗങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് 8-ന് ദേശീയപാത അതോറിറ്റിയുടെ പരാജയത്തെ ചൂണ്ടിക്കാട്ടി ടോള്‍ പിരിവ് സ്റ്റേ ചെയ്തത്. ആദ്യം നാലാഴ്ചത്തേക്കാണ് ടോള്‍ പിരിവ് സ്റ്റേ ചെയ്തതെങ്കിലും പിന്നീട് പലഘട്ടങ്ങളിലായി നീട്ടിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും സര്‍വീസ് റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കുകയും ചെയ്ത ശേഷം നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി മുമ്പ് ഉത്തരവിട്ടിരുന്നു.


by Midhun HP News | Oct 6, 2025 | Latest News, കേരളം
തൃശൂര്‍: ഉപ്പ് ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ പടുകൂറ്റന്‍ ഛായാചിത്രം തീര്‍ത്ത് ലോക റെക്കോര്‍ഡിട്ട് ചമ്മണൂര്‍ അമല്‍ ഇംഗ്ലീഷ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും. 10,000 കിലോഗ്രാം ഉപ്പ് ഉപയോഗിച്ചാണ് 12,052 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ ഛായാചിത്രം നിര്‍മ്മിച്ചത്.
‘മഹാത്മാഗാന്ധിയുടെ ഏറ്റവും വലിയ ഉപ്പ് ഛായാചിത്രം’ എന്ന നിലയിലാണ് ടാലന്റ് റെക്കോര്‍ഡ് ബുക്ക് വേള്‍ഡ് റെക്കോര്‍ഡ് വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും നേടിയെത്തിയത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടെ ആകെ 1,524 പേരാണ് ചിത്രം തയാറാക്കിയത്. സ്വാതന്ത്ര്യസമരത്തിന് ഉപ്പ് ഒരു സമരമാര്‍ഗമായി ഉപയോഗിച്ച ഗാന്ധിജിയോടുള്ള ആദരസൂചകമായാണ് ഛായാചിത്രം ഉപ്പില്‍ തീര്‍ത്തതെന്ന് കുട്ടികളും അധ്യാപകരും പറഞ്ഞു.
ആറ് മണിക്കൂറിനുള്ളിലാണ് ഛായാചിത്രം പൂര്‍ത്തിയാക്കിയത്. കലാ അധ്യാപകനായ വി പി പ്രജിത്താണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിനായാണ് ഈ ഛായാചിത്രം സൃഷ്ടിച്ചതെന്ന് പ്രജിത്ത് പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു നിര്‍ണ്ണായക സംഭവമായിരുന്ന ഉപ്പ് സത്യാഗ്രഹത്തിന്റെ മനോഹരമായ ഓര്‍മ്മകള്‍ വീണ്ടും ജ്വലിപ്പിക്കുന്നതിനു കൂടി ഈ പ്രയത്‌നം വഴി തുറന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.



Recent Comments