by Midhun HP News | Jul 23, 2026 | Latest News, മരണം
ആറ്റിങ്ങൽ:കളിവിളാകം ക്ഷേത്രത്തിന് സമീപം എസ്.പി വില്ലയിൽ (വി.ആർ.എ :172) വി സദാശിവൻ പിള്ള (76)( റിട്ടയേർഡ് ഗൾഫ്) അന്തരിച്ചു. ഭാര്യ എസ് പത്മകുമാരി .മക്കൾ എസ്.പി ശങ്കർ പ്രസാദ് (ഖത്തർ),എസ്.പി കൃഷ്ണ പ്രശാന്ത് (ഫിറ്റ്നസ് ട്യൂട്ടർ,സി.സി.ഇ.കെ). മരുമക്കൾ വി.എസ് നയന((റവന്യൂ വകുപ്പ്),വി.എസ് ലയന( അനലിസ്റ്റ് ,ഡ്രഗ്സ് കൺട്രോൾ വകുപ്പ്)) സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്
by Midhun HP News | Jul 23, 2026 | Latest News, മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി കാളിമുക്ക് ആലുംമൂട്ടിൽ വിള വീട്ടിൽ പി രാജമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ പി ചെല്ലപ്പൻ പിള്ള. മക്കൾ സി സുകുമാരൻ നായർ (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം.), ആർ സുകുമാരി അമ്മ, സി സുരേന്ദ്രൻ നായർ, ആർ പത്മിനി അമ്മ, സി ജയകുമാർ, സി ഗോപകുമാർ, സി അനിൽകുമാർ, സി ശശി കുമാർ. മരുമക്കൾ എസ്.ജെ സുലോചന, ജി ചെന്താമ്മരാക്ഷൻ നായർ, എസ് മോഹനൻ നായർ , എ ശ്രീജ, ജെ ജയപത്മ, എസ് ആർ സിന്ധു,എം എസ് സരിത,എൽ ഉഷാകുമാരി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്
by Midhun HP News | Jul 23, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: നാവായിക്കുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തിയിരുന്ന യുവാവിനെ ഡാൻസഫ് സംഘം പിടികൂടി. കല്ലമ്പലം മുള്ളറംകോട് സന്ധ്യ നിവാസിൽ സനൽ എസ് (36) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മീഡിയം അളവിലുള്ള എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.
പ്രതി ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ നാവായിക്കുളം ചിറ്റായിക്കോടിന് സമീപത്ത് നിന്നാണ് സനലിനെ എംഡിഎംഎയുമായി പിടികൂടിയത്.
ഡാൻസഫ് എസ്.ഐ. മനു, എസ്.ഐ. ബിജുകുമാർ, എ.എസ്.ഐ. അനൂപ്, എസ്.സി.പി.ഒ. വിനീഷ്, സി.പി.ഒമാരായ ഫാറൂഖ്, സുജിൽ, സുനി രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി കല്ലമ്പലം പോലീസിന് കൈമാറുമെന്ന് അറിയിച്ചു.
by Midhun HP News | Jul 23, 2026 | Latest News, കേരളം
മൂന്നാർ: മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പയെന്ന ഒറ്റയാന്റെ സാന്നിധ്യം. സൈലന്റ് വാലിയിൽ വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്ന കടയും തകർത്തു കടയിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സൈലൻറ് വാലി എസ്റ്റേറ്റ് മേഖലയിലാണ് ഇന്ന് പുലർച്ചെയോടെ പടയപ്പ വീണ്ടും നാശം വിതച്ചത്. റോഡരികിലെ ബസ് വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്നിരുന്ന കടയും ആന തകർത്തു. കടയ്ക്കുള്ളിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും പൂർണമായും നശിച്ചതായി വ്യാപാരി പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിലെ വിവിധ ഡിവിഷനുകളിൽ കാട്ടാന സ്ഥിരമായി എത്തുന്നത് തൊഴിലാളികളിലും പ്രദേശവാസികളിലും ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് പടയപ്പ വരുത്തിവെച്ചിട്ടുള്ളത്.
സൈലന്റ് വാലി എസ്റ്റേറ്റിലെ ഒന്നും രണ്ടും ഡിവിഷനുകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പയെ പതിവായി കണ്ടുവരുന്നത്. എസ്റ്റേറ്റ് റോഡുകളിലും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടടുത്തും കാട്ടാന എത്തുന്നതോടെ വലിയ ഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നത്. രാത്രികാലങ്ങളിൽ ലയങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
രാത്രിക്ക് പുറമെ പകൽ സമയങ്ങളിലും പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം തുടരുന്നത് തൊഴിലാളികളുടെ ജോലിക്കും ഭീഷണിയായിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് പലരും ജോലിക്കിറങ്ങുന്നത്. വനവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും, പടയപ്പയെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
by Midhun HP News | Jul 23, 2026 | Latest News, കേരളം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സംസ്ഥാനവ്യാപക മിന്നല്‍ പരിശോധനയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. അഴിമതി നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
‘ഓപ്പറേഷന്‍ പാര്‍പ്പിടം’ എന്ന പേരില്‍ ബുധനാഴ്ച സംസ്ഥാനത്തെ 68 ഓഫീസുകളിലായാണ് പരിശോധന നടത്തിയത്. ആറ് കോര്‍പ്പറേഷനുകള്‍, 30 മുന്‍സിപ്പാലിറ്റികള്‍, 24 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധന അര്‍ദ്ധരാത്രി വരെ നീണ്ടു. കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കുന്നതിലും അനുമതിക്കായി സമര്‍പ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കരാറുകാര്‍, ഏജന്റുമാര്‍ എന്നിവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി 45 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.
കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അനധികൃതമായി പണം കൈപ്പറ്റിയെന്ന സംശയം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ കരാറുകാരും കണ്‍സള്‍ട്ടന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന നിരവധി ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുന്നംകുളം മുന്‍സിപ്പാലിറ്റി സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാര്‍ വഴി 21.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയെന്നും എന്നാല്‍ ഈ ഇടപാടുകളെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്നും വിജിലന്‍സ് പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷന്റെ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫിസിലെ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഒരു ഓവര്‍സിയര്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ചേര്‍ന്ന് കരാറുകാരില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി ആകെ 12.69 ലക്ഷം രൂപ കൈപ്പറ്റി. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ സര്‍വേയറുടെ സ്വകാര്യ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 45,000 രൂപ കണ്ടെത്തി. നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികള്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഇടപാടുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കെട്ടിട പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട നമ്പറുകള്‍, നികുതി നിര്‍ണയം എന്നിവ നല്‍കുന്നതില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായി പരിശോധനയില്‍ തെളിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെ അനധികൃതമായുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനിന്നെന്നും, പല കേസുകളിലും കൈക്കൂലി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകളും കെട്ടിട നമ്പറുകളും നല്‍കിയെന്നും ആരോപണമുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ കെട്ടിട നമ്പറുകള്‍ നല്‍കി നികുതി വെട്ടിപ്പിന് ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കിയതായും, അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായും വിജിലന്‍സ് നിരീക്ഷിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍, തീരദേശ പരിപാലന ചട്ടങ്ങളുടെ ലംഘനം, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കല്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ പരിശോധനയില്‍ പുറത്തുവന്നതായി പ്രസ്താവനയില്‍ പറയുന്നു. പരിശോധനയില്‍ കണ്ടെത്തിയ എല്ലാ ക്രമക്കേടുകളിലും വിശദമായ തുടര്‍ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് അഭ്യര്‍ത്ഥിച്ചു.
Recent Comments