ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 800 രൂപയാണ് കുറഞ്ഞത്. 1,09,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 100 രൂപയാണ് കുറഞ്ഞത്. 13,675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂട്ടിയതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലാണ്. അമേരിക്കയില്‍ ബോണ്ട് യീല്‍ഡ് വര്‍ധിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്ക- ഇറാന്‍ സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതാവസ്ഥ തുടരുന്നതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണത്തിലെ പ്രതിസന്ധിയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അമ്പെയ്ത് ‘സ്വര്‍ണം’ വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം ‘കുംകും’! പുതു ചരിത്രം

അമ്പെയ്ത് ‘സ്വര്‍ണം’ വീഴ്ത്തി ഇന്ത്യയുടെ കൗമാര വിസ്മയം ‘കുംകും’! പുതു ചരിത്രം

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മൊഹോദ്. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് മെഡല്‍. അതും സുവര്‍ണ നേട്ടം! 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ 17കാരിക്ക് സാധിച്ചു. താരത്തിന്റെ ​ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാ​ഗത്തിലും കുംകും സ്വർണം നേടിയിരുന്നു.

ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും കലാശപ്പോരിന് ഇറങ്ങിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജിന്റെ കടുത്ത വെല്ലുവിളി കുംകും കൂളായി തന്നെ നേരിട്ടു. ത്രില്ലര്‍ പോരില്‍ 10-8 എന്ന സ്‌കോറിനാണ് താരം സ്വര്‍ണം എയ്തു വീഴ്ത്തിയത്.

ഒരു ഘട്ടത്തില്‍ 5-5 എന്ന നിലയില്‍ ഇരു താരങ്ങളും തുല്യ നിലയില്‍ മുന്നേറിയിരുന്നു. ഒടുവില്‍ പെര്‍ഫെക്ട് 10 അടിച്ചാണ് കുംകും ഇന്ത്യയുടെ സുവര്‍ണ രാജകുമാരിയായത്. സുവര്‍ണ നേട്ടത്തിനൊപ്പം താരം ലൊസാഞ്ചലസ് ഒളിംപിക്‌സിനു യോഗ്യതയും സ്വന്തമാക്കി.

ഗെയിംസില്‍ ഇന്ത്യയുടെ 17ാം സ്വര്‍ണമാണിത്. 17 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ മൊത്തം നേട്ടം 77ല്‍ എത്തി.

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: പൊലീസുകാര്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎല്‍എ, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നേതാക്കള്‍ കൊലവിളി നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.

വധിക്കുമെന്നും കലാപമുണ്ടാക്കാനും ഉതകും വിധം വി ജോയി പ്രസംഗിച്ചുവെന്ന് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നു. കൊലപാതകം നടത്തുമെന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. കുഞ്ഞുങ്ങളെ താലോലിക്കാന്‍ കഴിയാതെ ഇല്ലാതാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രാത്രി ആക്രമിക്കുമെന്നും കടകംപള്ളി ഭീഷണി മുഴക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. സിഐ സതീഷ്, എസ്‌ഐ ഗോകുല്‍ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്.

യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പരസ്യ വധഭീഷണി മുഴക്കിയത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗോകുലിനെതിരെയാണ് വി. ജോയി പരസ്യമായി കൊലവിളി നടത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ജയചന്ദ്രന്റെ മുഖത്തുനോക്കിയാണ് എംഎല്‍എയായ വി ജോയി ഭീഷണി മുഴക്കിയത്. ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ’ എന്നായിരുന്നു വി. ജോയിയുടെ വാക്കുകള്‍. മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍, സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജോയിയുടെ ഭീഷണി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

റെജി പ്രകാശ് നിര്യാതനായി

റെജി പ്രകാശ് നിര്യാതനായി

ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് വിളയിൽ വീട്ടിൽ റെജി പ്രകാശ് (42) സെപ്റ്റംബർ 16-ന് ലണ്ടനിലെ ഈസ്റ്റ്ഹാമിൽ അന്തരിച്ചു. പരേതനായ പ്രകാശന്റെയും ബീനയുടെയും മകനാണ്. ഭാരതി എയർടെൽ, ജെ.എസ്.എം ഹോസ്പിറ്റൽ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മുൻ ജീവനക്കാരനായിരുന്ന അദ്ദേഹം ‘അറ്റ് വൺസ്’, ‘മായാപുരി’, ‘1000 – ഒരു നോട്ട് പറഞ്ഞ കഥ’ എന്നീ സിനിമകളിലും ശ്രദ്ധേയമായ നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.

എസ്.എസ്.എം സ്കൂളിലെ മുൻ അധ്യാപിക അനുവിദ്യയാണ് ഭാര്യ.
മക്കൾ: കാർത്തിക് ആർ. എ, റിതു ആർ. എ.
സംസ്കാരം: (04/10/2026 ഞായർ) രാവിലെ 8 മണിക്ക് ടോൾമുക്കിലെ വസതിയിൽ നടക്കും.

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി. ശശി നീലേശ്വരം അന്തരിച്ചു

പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ വി. ശശി നീലേശ്വരം അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രശസ്ത നാടക രചയിതാവും പ്രമുഖ സംവിധായകനുമായ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി. ശശി നീലേശ്വരം (75) അന്തരിച്ചു. കേരളത്തിലെ പ്രൊഫഷണൽ, അമച്വർ നാടക രംഗങ്ങളിൽ സ്വന്തമായ കയ്യൊപ്പ് പതിപ്പിച്ച അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് വിടവാങ്ങിയത്. വടക്കൻ മലബാറിന്റെ സാംസ്കാരിക-നാടക മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു ശശികുമാർ നീലേശ്വരം എന്ന വി. ശശി നീലേശ്വരം.

നാടകം എന്നത് കേവലമൊരു വിനോദോപാധി മാത്രമല്ലെന്നും സമൂഹത്തിലും മനുഷ്യന്റെ ചിന്തകളിലും ആഴത്തിലുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ശക്തമായ രംഗകലയാണെന്നും അടിവരയിട്ട കലാകാരനായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയുള്ള ഗൗരവമേറിയ വിഷയങ്ങൾ, സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിത പോരാട്ടങ്ങൾ, ബന്ധങ്ങളിലെ സങ്കീർണ്ണതകൾ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങളുടെ കേന്ദ്രബിന്ദു. സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ഏകലവ്യൻ’ മുതൽ സംസ്ഥാന തലത്തിൽ ശ്രദ്ധനേടിയ ‘മരമീടൻ’ വരെ നിരവധിയായ നാടകങ്ങൾ അദ്ദേഹത്തിന്റെ രചനയിലും സംവിധാനത്തിലും അരങ്ങിലെത്തി.

മാറ്റി വെച്ച തലകൾ, പാക്കനാർ സൂക്തം, മാനസാന്തരത്തിന്റെ ബാക്കിപത്രം, കൂകി പായും തീവണ്ടി, ബൊളിവിയ, ശ്വാസം, പെൺവിളക്ക്, ഹൃദയത്തിലേക്കൊരു ചക്രം തുടങ്ങിയവയാണ് വി. ശശി സംവിധാനം ചെയ്ത മറ്റ് പ്രധാന നാടകങ്ങൾ. ‘മരമീടൻ’ എന്ന നാടകത്തിലൂടെ മികച്ച സംവിധായകനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

നാടക കലയ്ക്ക് നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ച് 2023-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, പ്രശസ്ത നാടകപ്രവർത്തകൻ എ. ശാന്തകുമാറിന്റെ സ്മരണാർത്ഥമുള്ള എ. ശാന്തകുമാർ നാടക പുരസ്‌കാരം, കൂടാതെ ഏറ്റവും ഒടുവിൽ ആക്റ്റ് നീലേശ്വരത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനതല ബഹുമതികൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ നാടക-സാംസ്കാരിക വേദികൾക്ക് വലിയ നഷ്ടമാണ് സമ്മാനിച്ചിരിക്കുന്നത്.