by Midhun HP News | Oct 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗാന്ധി ജയന്തി ദിനത്തിൽ കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, പരിസര ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടികൾക്ക് ഹെഡ്മാസ്റ്റർ എസ്. സജികുമാർ പി.ടി.എ ഭാരവാഹികൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ തല ഗാന്ധി കലോത്സവം മൂന്ന്, നാല് തീയതികളിൽ നടക്കും കലോത്സവത്തിൻ്റെ ഭാഗമായി പ്രസംഗം, ഗാന്ധി കവിതാലാപനം, ദേശഭക്തിഗാനം, ലഹരി വസ്തുക്കൾക്കും മയക്കുമരുന്നിനുമെതിരേ ബോധവൽക്കരണ സ്കിറ്റ്, രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ തൊഴിൽ പരിശീലന ക്ലാസുകൾ, ബോധവൽകരണ ക്ലാസുകൾ എന്നിവ നടക്കും.



by Midhun HP News | Oct 3, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
പ്രഖ്യാപനം മുതൽ തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് കാന്താര ചാപ്റ്റർ 1. കാന്താര ആദ്യ ഭാഗത്തിന്റെ വൻ വിജയവും ഋഷഭ് ഷെട്ടിയുടെ ഗംഭീര അഭിനയവുമെല്ലാം ഈ കാത്തിരിപ്പിന് കാരണങ്ങളായി. മൂന്ന് വർഷമെടുത്താണ് ഋഷഭ് ഷെട്ടിയും കൂട്ടരും ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. ദസറ റിലീസായി ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്തു.
വൻ പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. മിത്തോളജിയും സ്പിരിച്വാലിറ്റിയും ഫാന്റസിയും എല്ലാം കോർത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്. മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് കാന്താര 2 പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മേക്കിങ്ങ് കൊണ്ടും പ്രൊഡക്ഷൻ ക്വാളിറ്റി കൊണ്ടും അടുത്തിടെ പുറത്തിറങ്ങിയ കന്നഡ ചിത്രങ്ങളിൽ നിന്നെല്ലാം മികവ് പുലർത്തിയിട്ടുണ്ട് കാന്താര 2. 125 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സൗത്തിലും നോർത്തിലും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രൊമോഷനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

പ്രമുഖ ഇൻഡസ്ട്രി ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 60 കോടി ആണ് ചിത്രം നേടിയിരിക്കുന്നത്. ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. അഡ്വാന്‍സ് ബുക്കിങ്ങില്‍ ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവും ആവേശകരമായ പ്രതികരണങ്ങള്‍ നേടിയ ചിത്രമാണിത്.
കാന്താര ചാപ്റ്റർ 1 ഹിന്ദിയിൽ നിന്ന് മാത്രം 19-21 കോടി ആദ്യ ദിനം കളക്ട് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരു കന്നഡ ചിത്രത്തിന് ലഭിക്കുന്ന മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണിത്. ഇതിന് മുൻപ് കെജിഎഫ് : ചാപ്റ്റർ 2 ആണ് ഹിന്ദിയിൽ ആദ്യ ദിന കളക്ഷനിൽ ഞെട്ടിച്ചത്. 54 കോടിയാണ് ചിത്രം ആദ്യ ദിനത്തിൽ സ്വന്തമാക്കിയത്. അതേസമയം കേരളം അടക്കമുള്ള മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
കന്നഡത്തിലെ പ്രമുഖ ബാനര്‍ ആയ ഹോംബാലെ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ആഗോള റിലീസ് ആയി ചിത്രം ഇന്നലെ എത്തിയത്.


by Midhun HP News | Oct 3, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ വെളിപ്പെടുത്തലുമായി ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി. 2019 ല്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കി. കമ്പനിയിലെത്തിച്ചത് മുമ്പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ചെമ്പുപാളികളാണ്. സ്ഥാപനത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലകരെ കവര്‍ ചെയ്ത ക്ലാഡിങ് ആണ് എത്തിച്ചത്. ശബരിമലയില്‍ നിന്നും അഴിച്ചു മാറ്റിയതു തന്നെയാണോ എന്ന് അറിയില്ല. ഒത്തിരി കോംപ്ലിക്കേഷന്‍സ് ഉള്ളതുകൊണ്ടാണ് ഒരിക്കല്‍ സ്വര്‍ണം പൂശിയത് വീണ്ടും കമ്പനി സ്വീകരിക്കാത്തത്. ഞങ്ങളുടെ കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പു കൊണ്ടുള്ള സാധനമാണ്. 38 കിലോ ഭാരമുള്ള ദ്വാരപാലക ശില്‍പങ്ങളിലാണ് കമ്പനി ഇലക്ട്രോ പ്ലേറ്റിങ്ങ് നടത്തിയത്.
അന്ന് ലഭിച്ചപ്പോള്‍ ആദ്യ ക്ലീനിങ്ങില്‍ ദ്വാരപാലക ശില്‍പങ്ങളിലെ കുമിളകള്‍ക്കുള്ളിലെ മെഴുക് അടക്കം മാറ്റി ക്ലീന്‍ ചെയ്തപ്പോഴുള്ള ഭാരം 40.137 കിലോ ഗ്രാമാണ്. തുടര്‍ന്ന് ആസിഡ് വാഷ്, എല്‍ഗ്രേറ്റ് കെമിക്കല്‍ വാഷ്, ബഫിങ് എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ 38 കിലോയാണ് ലഭിച്ചത്. ശബരിമലയിലെ ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയിട്ടുള്ളതായിരുന്നെങ്കില്‍, കമ്പനിയിലെത്തിച്ചിട്ടുള്ളത് ശുദ്ധമായ ചെമ്പു പാളിയാണ്. സ്വര്‍ണം പൂശിയതായിരുന്നെങ്കില്‍ കമ്പനി പോളിസി പ്രകാരം അതു സ്വീകരിക്കുമായിരുന്നില്ലെന്നും അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കി.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദേവസ്വം വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നിര്‍ദേശം നല്‍കിയിരുന്നു. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തല്‍. 2019 ജൂലായ് 20 ന് സ്വര്‍ണപ്പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസത്തിലേറെ ഇതെവിടെയായിരുന്നു എന്നാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത്.


by Midhun HP News | Oct 3, 2025 | Latest News, കേരളം
കരുവാരക്കുണ്ട്: വെള്ളച്ചാട്ടത്തില്‍ വീണ ഐ ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. മലപ്പുറം കരുവാരക്കുണ്ട് കേരളാംകുണ്ട് വെള്ളച്ചാട്ടത്തില്‍ ആയിരുന്നു അഗ്‌നിരക്ഷാസേനയുടെ രക്ഷാ പ്രവര്‍ത്തനം. അവധി ദിനം ആഘോഷിക്കാനെത്തിയ പുത്തനത്താണി സ്വദേശി റനീഷിന്റെ ഫോണായിരുന്നു അബദ്ധത്തില്‍ വെള്ളച്ചാട്ടിലേക്ക് പതിച്ചത്. ശക്തമായി വെള്ളം പതിക്കുന്ന അപകടസാധ്യതയുള്ള ഭാഗത്തേക്കായിരുന്നു ഒരു ലക്ഷത്തില്‍ അധികം വില വരുന്ന ഫോണ്‍ പതിച്ചത്. അപകട സാധ്യത മുന്നില്‍ക്കണ്ട് ആരും ഫോണ്‍ എടുക്കാന്‍ മുതിര്‍ന്നില്ല. ഈ സാഹചര്യത്തിലാണ് തിരുവാലി ഫയര്‍സ്റ്റേഷനില്‍ സഹായം തേടിയത്.
കരീം കണ്ണൂക്കാരന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ശക്തമായ കുത്തൊഴുക്കുള്ളതിനാല്‍ കയര്‍കെട്ടിയാണ് മുങ്ങല്‍ വിദഗ്ധര്‍ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്. ഉദ്യോഗസ്ഥര്‍ സമയോജിതമായി ഇടപെട്ട് ഫോണ്‍ കണ്ടെത്തുകയായിരുന്നു. വലിയ ആള്‍ക്കൂട്ടമാണ് ഫോണ്‍ എടുക്കുന്നത് കാണാന്‍ തടിച്ചുകൂടിയത്.



by Midhun HP News | Oct 3, 2025 | Latest News, കേരളം
ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
വലതുകാലിലെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 27 നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടുത്ത ദിവസം പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ മുറിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത്. രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകള്‍ മുറിച്ചുമാറ്റിയതായാണ് ആക്ഷേപം. സംഭവത്തില്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.

സീനത്ത് ഗുരുതര പ്രമേഹബാധിതയാണ് എന്നും ഇവരുടെ വിരലുകള്‍ മുറിച്ചുമാറ്റേണ്ടത് തന്നെയാണ് എന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി. പദ്മകുമാറിന്റെ വിശദീകരണം. എന്നാല്‍ ഇത്തരം നടപടികള്‍ക്ക് മുന്‍പ് രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടണം എന്നതാണ് നിബന്ധന. ഈ നടപടി ക്രമങ്ങളില്‍ വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. വിഷയം പരിശോധിക്കുന്ന അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കുന്നു.


Recent Comments