ട്രിവിയ 2k25 ഉം റോബോട്ടിക്സ് ഫെസ്റ്റും സംഘടിപ്പിച്ച് വക്കം ജി വി എച്ച് എസ് എസ്

ട്രിവിയ 2k25 ഉം റോബോട്ടിക്സ് ഫെസ്റ്റും സംഘടിപ്പിച്ച് വക്കം ജി വി എച്ച് എസ് എസ്

വക്കം ജി വി എച്ച് എസ് എസിൽ സ്കൂൾ തല സയൻസ്, സോഷ്യൽ സയൻസ്, ഗണിത പ്രവൃത്തി പരിചയ മേള ട്രിവിയ 2025 ഉം റോബോട്ടിക്സ് ഫെസ്റ്റും സംഘടിപ്പിച്ചു. പുതുക്കിയ മേള നിർദേശങ്ങൾക്കനുസരിച്ചു എസ് എസ് മേളയ്ക്ക് തൽസമയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്നു

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്നു

മുംബൈ: വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടത്തിന്റെ പാതയിലായിരുന്ന ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി.

ഓഹരി വിപണിയുടെ ഇടിവിന് പ്രധാനമായി രണ്ട് കാരണങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ആര്‍ബിഐയുടെ നാളെ നടക്കാനിരിക്കുന്ന പണ വായ്പ നയ പ്രഖ്യാപനമാണ് ഇതില്‍ ഒന്ന്. നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐ മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തില്ലെന്നാണ് അറിയുന്നത്. പലിശനിരക്ക് കുറയ്ക്കാതെ തല്‍സ്ഥിതി തുടര്‍ന്നാല്‍ ഇത് വിപണിയില്‍ ഒരു നെഗറ്റീവ് ഇംപാക്ടിനുള്ള സാധ്യത സൃഷ്ടിച്ചേക്കാം. ആര്‍ബിഐയുടെ തീരുമാനം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കരുത്തുപകരുന്നതല്ല എന്ന വിലയിരുത്തലില്‍ വിപണി ഇടിയാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് നിക്ഷേപകര്‍ വിപണിയില്‍ കരുതലോടെ ഇടപെടുന്നതാണ് ഇന്നത്തെ വിപണിയുടെ നഷ്ടത്തിന് കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

ആര്‍ബിഐയുടെ വായ്പ നയ പ്രഖ്യാപനം വരാനിരിക്കേ, ബാങ്ക് ഓഹരികളാണ് പ്രധാനമായി ഇന്ന് നഷ്ടം നേരിട്ടത്.ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് മറ്റൊരു കാരണം. വിപണിക്ക് കരുത്തു പകരുന്ന ഘടകങ്ങള്‍ ഒന്നും ഇല്ലാത്തതാണ് വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നതിന് ഒരു പ്രധാന കാരണം. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

സ്വര്‍ണവില 90,000 തൊടുമോ?, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ

സ്വര്‍ണവില 90,000 തൊടുമോ?, രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 2080 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 1040 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ രണ്ടു തവണയായി 1040 രൂപയാണ് വര്‍ധിച്ചത്. ഈ കുതിപ്പ് ഇന്നും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2080 രൂപയുടെ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.

ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്.

300 കോടിയോളം രൂപയുടെ നാനോ എക്‌സല്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

300 കോടിയോളം രൂപയുടെ നാനോ എക്‌സല്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍. പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെ തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ACJM) കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഹൈദരാബാദില്‍ ഉള്ള വിലാസത്തില്‍ സ്ഥിരതാമസമാക്കിയിരുന്ന പ്രതികള്‍ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്നാട്ടിലേക്ക് മാറുകയും അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു.

ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് സ്ഥാപനം നടത്തിവരികയായിരുന്ന ഇവരെ തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സംഘം പിടികൂടുകയായിരുന്നു . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നിരവധി കേസുകളില്‍ അറസ്റ്റ് വാറണ്ട് ഉള്ള ഇവര്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് ആണ് നടത്തിയത്. 600ലധികം തട്ടിപ്പ് കേസുകള്‍ ഇവര്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്.

സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിര്‍ദ്ദേശാനുസരണം തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ടി കെ സുബ്രഹ്മണ്യന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ തോംസണ്‍ ആന്ററണി, സബ് ഇന്‍സ്‌പെക്ടര്‍ ലിജോ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുബീര്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.