ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ

തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും.

ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനേക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സര്‍ചാര്‍ജ്.

300 കോടിയോളം രൂപയുടെ നാനോ എക്‌സല്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

300 കോടിയോളം രൂപയുടെ നാനോ എക്‌സല്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍. പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെ തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ACJM) കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഹൈദരാബാദില്‍ ഉള്ള വിലാസത്തില്‍ സ്ഥിരതാമസമാക്കിയിരുന്ന പ്രതികള്‍ വിചാരണ നടപടികളോട് സഹകരിക്കാതെ തമിഴ്നാട്ടിലേക്ക് മാറുകയും അതിസമ്പന്നര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളില്‍ ഒളിവില്‍ താമസിക്കുകയുമായിരുന്നു.

ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയില്‍ ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് സ്ഥാപനം നടത്തിവരികയായിരുന്ന ഇവരെ തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സംഘം പിടികൂടുകയായിരുന്നു . അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. നിരവധി കേസുകളില്‍ അറസ്റ്റ് വാറണ്ട് ഉള്ള ഇവര്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് ആണ് നടത്തിയത്. 600ലധികം തട്ടിപ്പ് കേസുകള്‍ ഇവര്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ നിലവിലുണ്ട്.

സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയുടെ നിര്‍ദ്ദേശാനുസരണം തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ടി കെ സുബ്രഹ്മണ്യന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ റിയാസ് രാജ, ഡിറ്റക്ടീവ് സബ് ഇന്‍സ്‌പെക്ടര്‍ തോംസണ്‍ ആന്ററണി, സബ് ഇന്‍സ്‌പെക്ടര്‍ ലിജോ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുബീര്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

അനാഥയായ ഇന്ത്യന്‍ പെണ്‍കുട്ടി ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍; ജീവിതം മാറിമറിഞ്ഞ കഥ

അനാഥയായ ഇന്ത്യന്‍ പെണ്‍കുട്ടി ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍; ജീവിതം മാറിമറിഞ്ഞ കഥ

ഡല്‍ഹി: അവളുടെ കഥ ആരംഭിക്കുന്നത് ക്രിക്കറ്റ് മൈതാനത്തിലല്ല, മറിച്ച് പുനെയിലെ ഒരു അനാഥാലയത്തിന് പുറത്തുള്ള ചവറ്റുകുട്ടയിലാണ്. നവജാതശിശുവായി ഉപേക്ഷിക്കപ്പെട്ട അവള്‍ക്ക് ശ്രീവാസ്തവ ഓര്‍ഫനേജിലെ ജീവനക്കാര്‍ ലൈല എന്ന പേര് നല്‍കി. ജീവിതത്തില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും നല്‍കാത്ത തുടക്കമായിരുന്നു അത്. പക്ഷേ വിധി മറ്റൊന്നായിരുന്നു.

അമേരിക്കന്‍ ദമ്പതികളായ ഹരേണും സൂവും ഒരു ആണ്‍കുട്ടിയെ ദത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചതാണ് ലൈലയുടെ ജീവിതം മാറ്റിമറിച്ചത്. ലൈലയുടെ തിളങ്ങുന്ന തവിട്ടുനിറത്തിലുള്ള കണ്ണുകള്‍ സൂവിനെ ആകര്‍ഷിച്ചു. മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടി അവരുടെ ഹൃദയം കവര്‍ന്നു. ദമ്പതികളുടെ പദ്ധതി തല്‍ക്ഷണം മാറി. ലൈലയെ ദത്തെടുത്തു. ലിസ എന്ന് പുനര്‍നാമകരണം ചെയ്തു. തുടര്‍ന്ന് ലിസയുടെ ജീവിതത്തില്‍ നാടകീയമായ വഴിത്തിരിവ് ഉണ്ടായി. ആദ്യം അമേരിക്കയിലേക്കും ഒടുവില്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കുമാണ് ലിസ പോയത്.

ലിസയുടെ ഭാവി സിഡ്നിയിലെ ഒരു പാര്‍ക്കില്‍ വെച്ചാണ് നിര്‍ണയിച്ചത്. അവളുടെ അച്ഛന്‍ അവളെ ക്രിക്കറ്റ്് പരിചയപ്പെടുത്തി. അവള്‍ അനായാസമായി കളിക്കാന്‍ തുടങ്ങി. ആണ്‍കുട്ടികളുമായി കളിച്ചുകൊണ്ട് അവള്‍ പെട്ടെന്ന് വേറിട്ടു നിന്നു. ലിസ മികച്ച പ്രകടനം കാഴ്ചവയ്ക്കുക മാത്രമല്ല, ബാറ്റിങ്ങിലും പന്തിലും ഒരേപോലെ വൈദഗ്ധ്യമുള്ള പ്രതിഭയുടെ മിന്നലാട്ടമാണ് പിന്നീട് കണ്ടത്. അപ്പോഴും പഠനം ഉപേക്ഷിക്കാന്‍ ലിസ തയ്യാറായില്ല. പഠനത്തോടൊപ്പം കളിയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന തരത്തില്‍ ലിസ ജീവിതത്തെ ചിട്ടപ്പെടുത്തി.

1997 ല്‍ ന്യൂ സൗത്ത് വെയില്‍സിനായി ലിസ അരങ്ങേറ്റം കുറിച്ചു. വെറും നാല് വര്‍ഷത്തിന് ശേഷം, ലിസ തന്റെ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു. ഓള്‍റൗണ്ട് മികവില്‍ അവരുടെ കരിയര്‍ ഒരു മാസ്റ്റര്‍ക്ലാസ് ആയിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ്: 8 മത്സരങ്ങളില്‍ നിന്ന് 416 റണ്‍സും 23 വിക്കറ്റും.

ഏകദിനങ്ങള്‍: 125 മത്സരങ്ങളില്‍ നിന്ന് 2,728 റണ്‍സും 146 വിക്കറ്റും.

ടി20: 54 മത്സരങ്ങളില്‍ നിന്ന് 769 റണ്‍സും 60 വിക്കറ്റും.

ഏകദിനത്തില്‍ 1,000 റണ്‍സും 100 വിക്കറ്റും നേടുന്ന ചരിത്രത്തിലെ ആദ്യ വനിതയായി ലിസ മാറി. ഐസിസി ഔദ്യോഗിക റാങ്കിങ് അവതരിപ്പിച്ചപ്പോള്‍, ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി അവരെ തെരഞ്ഞെടുത്തു. 2013 ല്‍ വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചപ്പോഴാണ് അവരുടെ കിരീട നേട്ടം. തൊട്ടടുത്ത ദിവസം തന്നെ അവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഐസിസി ഹാള്‍ ഓഫ് ഫെയിം ബഹുമതി നേടിയതോടെ ക്രിക്കറ്റ് ലോകത്ത് ഒരു ഇതിഹാസ പദവിയിലേക്കാണ് അവര്‍ ഉയര്‍ന്നത്.

കരൂര്‍ ദുരന്തം: ടിവികെ നേതാവ് ജീവനൊടുക്കി; മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്

കരൂര്‍ ദുരന്തം: ടിവികെ നേതാവ് ജീവനൊടുക്കി; മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പ്

ചെന്നൈ: കരൂര്‍ ദുരന്തത്തെത്തുടര്‍ന്ന് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം ( ടിവികെ ) പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പനാണ് ജീവനൊടുക്കിയത്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചിട്ടാണ് അയ്യപ്പന്‍ ആത്മഹത്യ ചെയ്തത്.

സെന്തില്‍ ബാലാജിയുടെ സമ്മര്‍ദ്ദം കാരണമാണ് വിജയുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കുറിപ്പില്‍ അയ്യപ്പന്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗമായിരുന്നു. പിന്നീട് വിജയ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹിയാകുകയായിരുന്നു.

കരൂര്‍ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പടെ അഞ്ച് പ്രധാന വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്.

അതിനിടെ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതല്‍ ടിവികെ നേതാക്കളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും വിജയിന് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് ഡിഎംകെ വ്യക്തമാക്കി. ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്. നിരവധി പേര്‍ ചികിത്സയിലാണ്.

വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍, ഇന്ന് ദുര്‍ഗാഷ്ടമി; പ്രാധാന്യം അറിയാം

വിദ്യാരംഭത്തിന് ഇനി രണ്ടുനാള്‍, ഇന്ന് ദുര്‍ഗാഷ്ടമി; പ്രാധാന്യം അറിയാം

കൊച്ചി: ദേവീ ഉപാസനയുടെ പൂര്‍ണതയിലെത്തുന്ന ദുര്‍ഗാഷ്ടമി ഇന്ന്. തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചെങ്കിലും ചൊവ്വാഴ്ചയും പൂജവെപ്പ് തുടരും. നവരാത്രിയിലെ പ്രധാന ദിനമായ മഹാനവമി ബുധനാഴ്ചയാണ്. വ്യാഴാഴ്ച രാവിലെ പൂജയെടുപ്പിനുശേഷം വിദ്യാരംഭം ആരംഭിക്കും. എല്ലായിടത്തും കുട്ടികളെ എഴുത്തിനിരുത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

വീടുകളിലും ക്ഷേത്രങ്ങളിലും പൂജവയ്ക്കുന്നതിനു പുറമേ കച്ചവടസ്ഥാപനങ്ങള്‍, തൊഴില്‍കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും ആയുധപൂജയും പതിവുണ്ട്. പുസ്തകം, പേന എന്നിവയ്ക്കുപുറമേ പണിയായുധങ്ങള്‍, വാഹനങ്ങള്‍ എന്നിവയും പൂജിക്കാറുണ്ട്. ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍, പൂജാരിമാര്‍ എന്നിവരും ആചാര്യന്മാരും സംഗീതകാരന്മാരും ചിത്രകാരന്മാരും വിദ്യാരംഭത്തിനു നേതൃത്വം നല്‍കും. അക്ഷരമെഴുത്തിനു തുടക്കംകുറിക്കുന്നതിനൊപ്പം സംഗീതം, കലകള്‍, ചിത്രരചന എന്നിവയ്ക്കും വിജയദശമിക്കു തുടക്കമാകും.

ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുര്‍ഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കണം. സാധാരണ ഗതിയില്‍ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാല്‍ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടില്‍ പൂജ വെക്കുമ്പോള്‍ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാന്‍.

അഷ്ടമി കഴിഞ്ഞാല്‍ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുര്‍ഗ്ഗമാരില്‍ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂര്‍ണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തന്‍ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയില്‍ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തില്‍ എത്താന്‍ ശ്രമിക്കണം.

അതിനു ശേഷമാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങള്‍ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.