മഴ ശമിച്ചിട്ടില്ല; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

മഴ ശമിച്ചിട്ടില്ല; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദ്ദം തെക്കൻ ഒഡിഷയിലെ ഗോപാൽപൂരിന് സമീപം ഇന്നലെ രാവിലെയോടെ കരയിൽ പ്രവേശിച്ചു. നിലവിൽ തെക്കൻ ഒഡിഷയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്നു. ഇത് തുടർന്ന് പടിഞ്ഞാറോട്ട് നീങ്ങി തെക്കൻ ഒഡിഷക്കും ഛത്തീസ്ഗഢും വഴി നീങ്ങി ശക്തികൂടിയ ന്യൂനമർദ്ദമായി മാറാൻ സാധ്യത. ഈ മാസം 30-ന് വടക്കൻ ആൻഡമാൻ കടലിൽ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യത. ഇതിന്റെ സ്വാധീനത്തിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത്, കൊങ്കൺ – ഗോവ തീരം, തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, വടക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, തെക്കൻ ഒഡിഷ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കൻ ഗുജറാത്ത് അതിനോട് ചേർന്ന വടക്കൻ കൊങ്കൺ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കരൂര്‍ ദുരന്തത്തില്‍ അതീവ ദുഃഖം; ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്യുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

കരൂര്‍ ദുരന്തത്തില്‍ അതീവ ദുഃഖം; ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്യുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുഃഖം രേഖപ്പെടുത്തി. മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുന്നു. ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു എന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

‘തമിഴ്‌നാട്ടിലെ കരൂരില്‍ റാലിക്കിടെ ഉണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.’ – മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 110 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി. ഇന്ദിരാദേവി അമ്മ (85) അന്തരിച്ചു

പി. ഇന്ദിരാദേവി അമ്മ (85) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് ജയഭവനിൽ പി. ഇന്ദിരാദേവി അമ്മ (85) അന്തരിച്ചു.

ഭർത്താവ്: പരേതനായ എം ജയദേവൻ നായർ (റിട്ട:വില്ലേജ് ഓഫീസർ,ആറ്റിങ്ങൽ)
മക്കൾ: ഉഷാകുമാരി, മുരളീധരൻ നായർ (ബിസിനസ്), അനിൽ കുമാർ(ബിസിനസ്), മോളി, കൃഷ്ണകുമാർ (ഐ.ഡി.ബി.ഐ ബാങ്ക്), പരേതരായ ശാന്തകുമാരി, ജയകുമാർ.
മരുമക്കൾ: വിജയകുമാരൻ നായർ, സരള(എഞ്ചിനിയർ), സുനിത, ജയ്മി (സോഷ്യൽ വർക്കർ, വലിയകുന്ന്), വിജയകുമാർ(ബിസിനസ്), പരേതനായ ഗോപിനാഥൻ നായർ(വിമുക്തഭടൻ).
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.

മകളെ പീഡിപ്പിച്ച പിതാവിന് ആജീവനാന്ത തടവ്

മകളെ പീഡിപ്പിച്ച പിതാവിന് ആജീവനാന്ത തടവ്

ആറ്റിങ്ങൽ: 9 വയസ്സുള്ള സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പോക്സോ കോടതി ആജീവനാന്ത തടവിനും 8 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ)യാണ് ശിക്ഷിച്ചത്.

അത്യന്തം ഹീനമായ കുറ്റകൃത്യമായി പരിഗണിച്ചാണ് കോടതി ആജീവനാന്തമുള്ള ശിക്ഷ വിധിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പഷ്യൽ കോടതി ജഡ്ജ് സി.കെ.ബിജുകുമാർ ആണ് പ്രതിയെ ശിക്ഷിച്ചു കൊണ്ടുള്ള വിധി പ്രസ്താവിച്ചത്. പള്ളിക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന വി.കെ.ശ്രീജേഷ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയ പോക്സോ നിയമ പ്രകാരമുള്ള കേസിൽ പ്രോസിക്യൂഷന് വേണ്ടി ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്വൽ കോടതി സ്പെഷ്യൽ പബ്ലിക് പ്രസിക്യൂട്ടർ അഡ്വ.യു.സലിംഷാ ഹാജരായി.

കെപിഎസ്ടിഎ മാറ്റൊലിക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വലമായ സ്വീകരണം

കെപിഎസ്ടിഎ മാറ്റൊലിക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വലമായ സ്വീകരണം

ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ വികലമായ പരിഷ്കാരങ്ങൾക്കും നയങ്ങൾക്കും ആനുകൂല്യ നിഷേധങ്ങൾക്കുമെതിരെ കെപിഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ക്യാപ്റ്റനായും, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മാനേജരായും, ട്രഷറർ അനിൽ വട്ടപ്പാറ കോഡിനേറ്ററായും നേതൃത്വം നൽകുന്ന പൊതുവിദ്യാഭ്യാസ പരിവർത്തനസന്ദേശ യാത്ര മറ്റൊലിക്ക് ആറ്റിങ്ങലിൽ ആവേശോജ്വലമായ സ്വീകരണം നൽകി.

വികലമായ നയങ്ങൾ മൂലം വിദ്യാഭ്യാസമേഖല ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. വർഷാവർഷം ലക്ഷക്കണക്കിന് കുട്ടികളാണ് പൊതു വിദ്യാലയങ്ങളിൽ കുറവ് വന്നു കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങളാണ് വർഷങ്ങളായി അംഗീകരിക്കപ്പെടാതെ കിടക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങളാണ് അധ്യാപകരിൽ നിന്നും സർക്കാർ തടഞ്ഞു വെച്ചിരിക്കുന്നത്. എല്ലാ മേഖലയിലും ഈ സർക്കാർ വൻപരാജയമായി മാറിയിരിക്കുന്നു. ജില്ലാ പ്രസിഡന്റ് എ.ആർ. ഷമീം അധ്യക്ഷത വഹിച്ച സ്വീകരണ യോഗം ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റി അംഗം വി.എസ്. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭാരവാഹികളായ കെ. അബ്ദുൽ മജീദ്, പി.കെ. അരവിന്ദൻ, വട്ടപ്പാറ അനിൽകുമാർ, യു.ഡി.എഫ്. ചെയർമാൻ വി. ജയകുമാർ, കെ.എസ്.എസ്.പി.എ ഭാരവാഹി കെ. അജന്തൻ നായർ, ജി.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, കോൺ. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ബഷീർ, കെപിഎസ്ടിഎ ഭാരവാഹികളായ എൻ. രാജ്‌മോഹൻ, അനിൽ വെഞ്ഞാറമൂട്, പ്രദീപ്‌ നാരായൺ, ജെ. സജീന, എസ്. ബിജു, ആർ. അനിൽരാജ്, ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ, ട്രഷറർ ബിജു ജോബായ്, സി. എസ്. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, മുഹമ്മദ്‌ അൻസർ എന്നിവർ സംസാരിച്ചു.