‘ഹൈ വോള്‍ട്ടേജ് ഫിനാലെ’! ഏഷ്യാ കപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

‘ഹൈ വോള്‍ട്ടേജ് ഫിനാലെ’! ഏഷ്യാ കപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

ദുബൈ: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഫൈനലിലെ ഹൈലൈറ്റ്. ഇന്ത്യ അപരാജിതരായാണ് കലാശപ്പോരിനെത്തുന്നതെങ്കില്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ രണ്ട് തോല്‍വികളാണുള്ളത്. രണ്ടും തോറ്റത് ഇന്ത്യയോട്. അതിനാല്‍ പാകിസ്ഥാന്‍ കണക്കു തീര്‍ക്കാനും ഇന്ത്യ കിരീടം നിലനിര്‍ത്താനുമാണ് ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ പോരിനെത്തുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയോട് സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരിലാണ് ഇന്ത്യ വിജയം പിടിച്ചത്. 202 റണ്‍സടിച്ചിട്ടും ലങ്കന്‍ ബാറ്റര്‍മാര്‍ പൊരുതിക്കയറിയതോടെ ഇന്ത്യ വിയര്‍ത്തിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരികെ പിടിക്കുകയായിരുന്നു. ലങ്ക നല്‍കിയ ഷോക്ക് ഇന്ത്യയ്ക്കിന്നു പാഠമാകുമെന്നു പ്രതീക്ഷിക്കാം.

അഭിഷേകിന്റെ കത്തും ഫോം

ആഴവും പരപ്പുമുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കളി ഒറ്റയ്ക്ക് നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള 8 ബാറ്റര്‍മാരാണ് പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കുള്ളത്. ഓപ്പണര്‍ അഭിഷേക് ശര്‍മ കത്തും ഫോമിലാണ്. പവര്‍പ്ലേ ഇത്ര കൃത്യമായി ഉപയോഗിച്ച ഒരു ഓപ്പണര്‍ ഏഷ്യാ കപ്പില്‍ വേറെയില്ല. തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികളുമായി ടൂര്‍ണമെന്റിലെ തന്നെ ടോപ് സ്‌കോററും അഭിഷേകാണ്. ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ മറ്റ് കരുത്തര്‍. ഓപ്പണര്‍മാര്‍ നല്‍കുന്ന അതിവേഗ തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കും സാധിച്ചാല്‍ ഇന്ത്യയുടെ നില ഭദ്രമാകും.

കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍

ബൗളിങില്‍ സ്പിന്‍ കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍ ത്രയം പാകിസ്ഥാനെതിരായ ആദ്യ രണ്ട് കളികളിലും ജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ ബൗളര്‍മാരെ പാക് ബാറ്റര്‍മാര്‍ നേരിടുന്നതിനനുസരിച്ചായിരിക്കും അവരുടെ വിധി. പേസര്‍ ജസ്പ്രിത് ബുംറ ഫോമില്‍ എത്തിയിട്ടില്ല എന്നതാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന ഏക പോരായ്മ. എന്നാല്‍ ചരിത്രം നോക്കിയാല്‍ നിര്‍ണായക പോരാട്ടത്തിലെല്ലാം ബുംറ മികവോടെ പന്തെറിഞ്ഞിട്ടുണ്ട്.

ചോരുന്ന കൈകൾ

ഫീല്‍ഡിങിലെ അസ്ഥിരതയാണ് ഇന്ത്യ കാര്യമായി പരിഗണിക്കേണ്ട മേഖല. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ എളുപ്പത്തില്‍ എടുക്കാവുന്ന ക്യാച്ചുകള്‍ വരെ വിട്ടത് ഉദാഹരണം. ശ്രീലങ്കക്കെതിരായ അവസാന പോരിലും ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളാണ് മത്സരം ഒരര്‍ഥത്തില്‍ സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത് എന്നതും പരിശോധിച്ചാല്‍ മനസിലാകും.

ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനിടെ ഹർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവർക്ക് പരിക്കേറ്റിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇരുവരും ഇന്ന് കളിക്കാനിറങ്ങും എന്നു തന്നെയാണ് ബൗളിങ് പരിശീലകൻ മോണി മോർക്കൽ വ്യക്തമാക്കിയിട്ടുള്ളത്.

പാകിസ്ഥാനെ കരുതിയിരിക്കണം

മറുഭാഗത്ത് ഇന്ത്യയോടു മാത്രം തോറ്റാണ് പാകിസ്ഥാന്‍ വരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ അവര്‍ കളിച്ചത് കണ്ടാല്‍ ഇന്ത്യയ്ക്ക് ഇന്ന് അത്രയെളുപ്പമാകില്ല കാര്യങ്ങള്‍ എന്നു മനസിലാകും. ബംഗ്ലാദേശിനോടു കുറഞ്ഞ സ്‌കോറില്‍ പുറത്തായിട്ടും ബൗളിങ് മികവില്‍ അവര്‍ കളി ജയിച്ചു കയറി. ബാറ്റിങിലെ അസ്ഥിരതയാണ് അവര്‍ നേരിടുന്ന പ്രധാന പോരായ്മ.

ബാറ്റിങില്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ ഫോമിലാണ്. സയം ആയൂബും മികവിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ടി20 സ്‌പെഷലിസ്റ്റായ ഫഖര്‍ സമാന്റെ ഫോമില്ലായ്മയാണ് അവരെ കുഴക്കുന്നത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും മികവിലേക്കെത്തിയിട്ടില്ല. ഹസന്‍ തലത്, മുഹമ്മദ് ഹാരിസ് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍. ഇവരെല്ലാം ഒറ്റപ്പെട്ട നിലയില്‍ മികവു പുലര്‍ത്തിയിട്ടുണ്ടെങ്കിലും അസ്ഥിരതയാണ് മൊത്തത്തില്‍ ബാറ്റിങ് നിരയില്‍ മുഴച്ചു നില്‍ക്കുന്നത്.

മൂന്ന് പേസര്‍മാരെയാണ് പാകിസ്ഥാന്‍ ബൗളിങില്‍ മുഖ്യമായി അണിനിരത്തിയിട്ടുള്ളത്. ആദ്യ കളികളില്‍ മങ്ങിപ്പോയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഫോമിലേക്കെത്തിയത് അവര്‍ക്ക് കരുത്താണ്. ഫഹീം അഷ്‌റഫും മികവിലെത്തിയിട്ടുണ്ട്. ഹാരിസ് റൗഫ്, സ്പിന്നര്‍ അബ്രാര്‍ അഹമദ് എന്നിവരും ടീമിന്റെ കരുത്താണ്.

പൊതു അവധി; പിഎസ്‍സി പരീക്ഷകൾ മാറ്റി

പൊതു അവധി; പിഎസ്‍സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി പൊതു അവധി പ്രഖ്യാപിച്ചതിനാൽ ഈ മാസം 30നു (ചൊവ്വാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും പിഎസ്‍സി മാറ്റിവച്ചു. പരീക്ഷകൾ, കായിക പരീക്ഷ, നിയമന പരിശോധന എന്നിവയാണ് മാറ്റിയത്. ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ്, കയർഫെ‍ഡിൽ കെമിസ്റ്റ്, ആർക്കൈവ്സ് വകുപ്പിൽ കൺസർവേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള ഒക്ടോബർ എട്ടിനു നടത്തും.

വനം- വന്യജീവി വകുപ്പിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റ​ഗറി നമ്പർ 277/2024) തസ്തികയ്ക്കു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, പേരൂർക്കട എസ്എപി പരേഡ് ​ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും വാക്കിങ് ടെസ്റ്റും ഒക്ടോബർ മൂന്നിലേക്ക് മാറ്റി. 30നു നടത്താനിരുന്ന നിയമന പരിശോധനയും മാറ്റിവച്ചു.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മുങ്ങി

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മുങ്ങി

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മുങ്ങി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ വടം കെട്ടി വലിച്ച് മാറ്റിയെങ്കിലും വള്ളം തകർന്ന് അകത്തേക്ക് വെള്ളം കയറുകയായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. വർക്കല സ്വദേശി എഫ് കെ ഗ്രൂപ്പ് ഉടമ സുധീറിൻ്റെ ഉടമസ്ഥതയിലുള്ള താങ്ങുവല വള്ളമാണ് അകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ പെരുമാതുറ വലിയ വിളാകം സ്വദേശി അൻസാർ (46) നെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയാതായാണ് സൂചന.

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍ നിയമ വിരുദ്ധമായി വിദേശത്ത് നിന്നും എത്തിച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ പേരിലാണ് വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍. പിന്നീട് കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. ഇതിന് ശേഷമാണ് ദുല്‍ഖറിന്റെ കൈവശം എത്തിയത്. ഹിമാചല്‍ സ്വദേശിയില്‍ നിന്നാണ് ദുല്‍ഖര്‍ വാഹനം കടത്തിയത്.

ഓപ്പറേഷന്‍ നുംഖോറിന് ശേഷം ദുല്‍ഖറിന്റെ പക്കല്‍ ഉണ്ടായിരുന്ന മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് അന്വേഷിച്ചത്. ഇതിലൊന്നാണ് ഇപ്പോള്‍ കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.

ഓപ്പറേഷന്‍ നുംഖോറില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം നേരത്തെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലെ ‘മധുരം-1983’ കൂട്ടായ്മയുടെ രണ്ടാം മെഗാമീറ്റ് സെപ്റ്റംബർ 28ന്

ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലെ ‘മധുരം-1983’ കൂട്ടായ്മയുടെ രണ്ടാം മെഗാമീറ്റ് സെപ്റ്റംബർ 28ന്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളില്‍ 1982-83 കാലഘട്ടങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ മധുരം – 1983 സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാമീറ്റ് 2025 സെപ്റ്റംബര്‍ 28 ഞായറാഴ്ച ആറ്റിങ്ങല്‍ പൂവമ്പാറ പാലത്തിനു സമീപമുള്ള എസ്.എ.വി. ഹാളില്‍ ഒത്തു കൂടുന്നു.

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും ആറ്റിങ്ങല്‍ നിവാസിയുമായ ബി. സുനില്‍കുമാര്‍ വിശിഷ്ടാതിഥിയാകും. ഗുരുനാഥന്മാരായ രവീന്ദ്രന്‍, ശശീധരന്‍ നായര്‍, രമ, സൈദ എന്നിവരും പങ്കെടുക്കും. ഒരു ദിനം മുഴുവന്‍ നീളുന്ന കൂട്ടായ്മ വൈകുന്നേരം 4.30
മണിയോടുകൂടി അവസാനിക്കും.