ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

ആറ്റിങ്ങലിൽ “ഹിമവാൻ്റെ മടിത്തട്ടിലൂടെ” പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു

ആറ്റിങ്ങൽ: ജയന്തി ജി രചിച്ച “ഹിമവാൻ്റെ മടിത്തട്ടിലൂടെ” എന്ന പുതിയ പുസ്തകത്തിൻ്റെ കവർ പ്രകാശനം നടന്നു. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി എം. ലിജു, അബിൻ വർക്കി എം.എൽ.എയ്ക്ക് പുസ്തകത്തിന്റെ കവർ കൈമാറി പ്രകാശനം നിർവ്വഹിച്ചു

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സൊസൈറ്റിക്ക് കീഴിലുള്ള ‘സിറ്റ്‌കോ ബുക്സ്’ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യാത്രാസാഹിത്യ ലോകത്ത് വലിയ ശ്രദ്ധ നേടുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുസ്തകം, ഹിമാലയൻ യാത്രകളുടെ അപൂർവ്വവും ആത്മീയവുമായ അനുഭവങ്ങളാണ് വായനക്കാരിലേക്ക് എത്തിക്കുന്നത്.
​യാത്രകളും ഹിമാലയൻ അനുഭവങ്ങളും

​യാത്രകൾ വെറുമൊരു വിനോദത്തിനപ്പുറം മനുഷ്യനെ മാനസികമായും ആത്മീയമായും വളർത്തുന്ന അനുഭവമാണ്. വിശാലമായ കാഴ്ചപ്പാടുകളും പുതിയ തിരിച്ചറിവുകളും സമ്മാനിക്കുന്ന ഇത്തരം യാത്രകളിൽ ഹിമാലയൻ മലനിരകൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്. പ്രകൃതിയുടെ മഹാകാന്തിയും മൗനവും ഒരേപോലെ സംഗമിക്കുന്ന ഹിമാലയൻ യാത്രകൾ സഞ്ചാരികൾക്ക് സമാനതകളില്ലാത്ത മനഃശാന്തിയും വ്യക്തിപരമായ വളർച്ചയും നൽകുന്നു. ആധുനിക ജീവിതത്തിൻ്റെ തിരക്കുകളിൽ നിന്നും ഡിജിറ്റൽ ലോകത്തു നിന്നും മാറി പ്രകൃതിയോട് നേരിട്ട് സംവദിക്കാനും തദ്ദേശീയ സംസ്കാരങ്ങൾ അടുത്തറിയാനും ഇത്തരം യാത്രാനുഭവങ്ങൾ വായനക്കാരെ സഹായിക്കും.

​ചടങ്ങിൽ ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ, മുൻ സിൻഡിക്കേറ്റ് അംഗം എം.എം. താഹ, സജിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഹിമാലയത്തിൻ്റെ ആത്മാവിലേക്കും അവിടുത്തെ മനോഹരമായ കാഴ്ച്ചകളിലേക്കുമുള്ള കവാടമാണ് ഈ പുസ്തകമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ; വഖഫ് ബോർഡിൽ മുസ്ലിം ഇതരരെ ഉൾപ്പെടുത്താൻ തയ്യാർ

ഹൈക്കോടതിയിൽ നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ; വഖഫ് ബോർഡിൽ മുസ്ലിം ഇതരരെ ഉൾപ്പെടുത്താൻ തയ്യാർ

കൊച്ചി: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന നിലപാട് ഹൈക്കോടതിയിലും ആവർത്തിച്ച് അഡ്വക്കറ്റ് ജനറല്‍. വഖഫ് ബോര്‍ഡിലെ മുസ്‌ലിം ഇതരരുടെ ഒഴിവുകള്‍ ആദ്യം നികത്തിയാല്‍ പോരേയെന്നും ബോര്‍ഡ് പിന്നീട് പുനഃസംഘടിപ്പിക്കാമല്ലോയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. അതോടെ വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമല്ലോ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിൻ്റെ ചോദ്യം. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.

വഖഫ് ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിർദ്ദേശിച്ചു. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം എന്നും അക്കാര്യത്തില്‍ കോടതി ഇടപെടുന്നതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മതത്തിലെ വിഭാഗങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോയെന്നും വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗിന് വിലക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തി.

ഹൈക്കോടതിയുടെ ഉത്തരവ് ഒരു വാചകം ഒഴികെ സുപ്രിംകോടതി ശരിവെച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് പറഞ്ഞു. രണ്ട് പേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത്. വഖഫ് ബോര്‍ഡ് രൂപീകരിച്ചത് സര്‍ക്കാരാണെന്നും ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിലും സര്‍ക്കാരിന് തീരുമാനിക്കാം എന്നും ഹൈക്കോടതി നിരീക്ഷിച്ചു

ജോയിന്റ് സെക്രട്ടറിയെ വഖഫ് ബോർഡിൻ്റെ സുപ്രീംകോടതി അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ വഖഫ് ബോര്‍ഡ് സെക്രട്ടറി എക്‌സ് ഒഫീഷ്യോ അംഗമായി മാത്രം തുടരും. നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലായിരുന്നു നടപടി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.

വസ്തുതകളും വഖഫ് ബോര്‍ഡ് സാഹചര്യങ്ങളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിന്റെ 22-ാം വകുപ്പിന് വിരുദ്ധമാണെന്നും മുസ്‌ലിം ഇതരരെ നിയമിച്ചില്ല എന്നത് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള കാരണമല്ല. ഒഴിവുകള്‍ നികത്തിയില്ല എന്ന കാരണത്താല്‍ ബോര്‍ഡ് രൂപീകരണം റദ്ദാക്കാനാവില്ല. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടായാലും പ്രവര്‍ത്തനം തടയാനാവില്ലെന്നും അപ്പീലില്‍ വിശദീകരിച്ചിരുന്നു.

വെമ്പായം ബാറിലെ ആക്രമണം: ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു

വെമ്പായം ബാറിലെ ആക്രമണം: ചികിത്സയിലായിരുന്ന ഒരു യുവാവ് കൂടി മരിച്ചു

വെമ്പായം ബാറിൽ മദ്യപിക്കാൻ എത്തിയവർ തമ്മിൽ അടിപിടിയും തുടർന്ന് തീവയ്പ്‌പും ഉണ്ടായ സംഭവത്തിൽ തീയിട്ട യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) ആണ് മരിച്ചത്. തീവെപ്പിൽ 80 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര കുട്ടതട്ടി നവാസ് മൻസിലിൽ നവാസ് (35) ചൊവ്വാഴ്ച ഉച്ചയ്ക്ക് മരിച്ചിരുന്നു. ഇവരെ കൂടാതെ ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ(32), റിയാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. അരുൺ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 9.30-ന് വെമ്പായം ജങ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിൽവെച്ചായിരുന്നു സംഭവം. നവാസ്, നൗഫൽ അരുൺ എന്നിവർ ഉൾപ്പെടുന്ന ആറംഗ സംഘം ബാറിലെ എസി ഹാളിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഈസമയം ഇവിടെയെത്തിയ ഇവരുടെ പരിചയക്കാരനായ അനീഷ് ഇവർക്കൊപ്പമിരുന്ന് മദ്യപിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്തു. തുടർന്ന് അനീഷ് പുറത്തേക്ക് പോയി.

അരമണിക്കൂറിന് ശേഷം അനീഷ് കന്നാസിൽ പെട്രോളുമായി ബാറിലേക്ക് എത്തുകയും തുടർന്ന് ഇവർ തമ്മിൽ പിടിവലി നടക്കുകയും ചെയ്തു. ഇതിനിടയിൽ അനീഷ് കൈയിൽ ഇരുന്ന പെട്രോൾ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊടുത്തു.

പെട്രോൾ ഇവരുടെ പുറത്തേക്ക് ഒഴിച്ച് തീ കത്തിക്കുന്നിടയിൽ അനീഷിന്റെ പുറത്തേക്കും തീ പടർന്ന് പിടിച്ചു. അനീഷ് പെട്രോൾ ഒഴിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോളാണ് അടുത്ത ടേബിളിൽ ഇരുന്ന റിയാസിന് പൊള്ളലേറ്റത്. ബാറിലേക്ക് പെട്രോളുമായി എത്തുന്ന അനീഷ് മൂന്നുവട്ടം നിലത്ത് വീഴുന്നതും സിസിടിവിയിൽ കാണാം. വെമ്പായത്തിന് സമീപത്തായി രണ്ട് പെട്രോൾ പമ്പുകൾഉണ്ട്. ഇതിൽ എവിടെനിന്നെങ്കിലും ആവാം പെട്രോൾ വാങ്ങിയത് എന്നാണ് പോലീസിന്റെ നിഗമനം.

സംഭവം നടക്കുന്ന സമയത്ത് മുപ്പതോളംപേർ ബാറിനുള്ളിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. എസി ബാറിനകത്ത് ഉണ്ടായിരുന്ന മേശ, കസേര, എസി, ഫാൻ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.

പ്രമുഖ കോൺഗ്രസ് നേതാവ് കെ. മൊയ്തീൻകുട്ടി ഹാജി അന്തരിച്ചു

പ്രമുഖ കോൺഗ്രസ് നേതാവ് കെ. മൊയ്തീൻകുട്ടി ഹാജി അന്തരിച്ചു

കാസർകോട്: പ്രമുഖ പൊതുമരാമത്ത് കരാറുകാരനും മുതിർന്ന കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായ ചട്ടഞ്ചാലിലെ പട്ടുവത്തിൽ കെ. മൊയ്തീൻകുട്ടി ഹാജി (92) അന്തരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെ.പി.സി.സി അംഗവുമായിരുന്നു. ചട്ടഞ്ചാൽ എൻജിനീയറിങ് ഇൻഡസ്ട്രീസ് ഉടമയാണ്.കണ്ണൂരിലെ പഴശ്ശി ഡാം പ്രൊജക്ട്, കാസർകോട് ചന്ദ്രഗിരി പാലം ഉൾപ്പെടെ മലബാറിലെ പ്രമുഖമായ പല വൻകിട പദ്ധതികളുടെയും നിർമ്മാണ ചുമതല ഏറ്റെടുത്ത് നടത്തിയത് മൊയ്തീൻ കുട്ടി ഹാജിയാണ്.

ദീർഘകാലം ചട്ടഞ്ചാൽ ജുമാ മസ്ജിദിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം കീഴൂർ സംയുക്ത ജമാഅത്ത് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ചട്ടഞ്ചാൽ മാഹിനാബാദ് ഇസ്ലാമിക് കോളേജ് ഉൾപ്പെടെ കാസർകോട് ജില്ലയിലെ പ്രമുഖ ഇസ്ലാമിക സ്ഥാപനങ്ങളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രധാന ഭാരവാഹിത്വം വഹിച്ചിരുന്നു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിന്റെ മുൻ മാനേജർ കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി ബുധനാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു.

ഭാര്യ: പരേതയായ ആയിഷാബി.

മക്കൾ: സുബൈദ, ഇക്ബാൽ, ത്വാഹിറ, ഫൈസൽ.

മരുമക്കൾ: കെ.എസ്. ഹബീബ്, എൻ.എ. ഹാരിസ് (ബംഗളൂരു), ഖമറുന്നീസ മൂസ, ഡോ. റമീസ് മഹമൂദ്.

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂലൈ മാസത്തില്‍ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.