ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട്.

തെക്കന്‍ ഒഡിഷ, വടക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് മുക ളിലായി സമുദ്രനിരപ്പില്‍നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ കനക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ ഇടവിട്ട ശക്തമായ മഴയുണ്ടായി. രണ്ടുദിവസം കൂടി മധ്യ തെക്കന്‍ ജില്ലകളില്‍ ഇത് തുടരും. ശനിയാഴ്ചയ്ക്കുശേഷം മഴ കുറയും. ശനിയാഴ്ച വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യകിഴക്കന്‍, വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ച ശക്തിപ്രാപിച്ച് ന്യൂനമര്‍ദമാകും. തുടര്‍ന്ന് പടിഞ്ഞാറേക്ക് നീങ്ങി പടിഞ്ഞാറന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ട് 27ന് ആന്ധ്രാ തീരത്തെത്തും.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയു ള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ മാറി ത്താമസിക്കണം. വെള്ളിയും ശനിയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കുറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത. കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല.

‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്, അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’; കലക്ടറുടെ പേജില്‍ ‘ട്രോള്‍ മഴ’

‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്, അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’; കലക്ടറുടെ പേജില്‍ ‘ട്രോള്‍ മഴ’

തിരുവനന്തപുരം: ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. ഇന്നലെ രാത്രി മുഴുവന്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്തിട്ടും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പലയിടത്തും സ്‌കൂള്‍ ബസ്സുകള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് അവധി പ്രഖ്യാപനം വന്നതാണ് ആക്ഷേപം.

രാവിലെ വിദ്യാഭ്യാസമന്ത്രി കലക്ടറുമായി സംസാരിച്ച ശേഷമാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി സാമൂഹിക മാധ്യമത്തില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചെന്ന് അറിയിച്ചതിന് പിന്നാലെയാണ് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ അവധി സംബന്ധിച്ച കുറിപ്പിട്ടത്. മന്ത്രിയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ… ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു… സ്‌കൂളില്‍ കുട്ടികള്‍ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു… രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടര്‍ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി’. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15 മണിക്ക് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുന്‍പ് അപ്‌ഡേറ്റ്’. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നെല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ട് എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’.

‘നാട്ടിലെ അവസ്ഥ മനസിലാക്കാന്‍ മന്ത്രി പറഞ്ഞു തരേണ്ടി വരുന്നു കഷ്ടം മാഡം സാധാരണക്കാരുടെ വിഷയങ്ങള്‍ ഏറെയുള്ള ജില്ലയാണ് നമ്മുടെ ജില്ല. വി ശിവന്‍കുട്ടി അണ്ണന്റെ ഫെയ്‌സ്ബുക്കില്‍ വന്നതിനു പിന്നാ സഹീബ ഉറക്കത്തില്‍ നിന്ന് ഏണീറ്റ് പോസ്റ്റ് ഇട്ടത്’- എന്നിങ്ങനെ പോകുന്നു കലക്ടറുടെ പോസ്റ്റിന് താഴത്തെ കമന്റുകള്‍.

രാവിലെ ആറോ മുക്കാലോടെയാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. കനത്ത മഴയില്‍ നഗരത്തിലെ തമ്പാനൂരില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയിയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി.

മയക്കുമരുന്ന് പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ ടിപ്പര്‍ ഇടിച്ചു; പൊലീസുകാരന്‍ മരിച്ചു

മയക്കുമരുന്ന് പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ ടിപ്പര്‍ ഇടിച്ചു; പൊലീസുകാരന്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ ദേഹത്തേയ്ക്ക് വീണു; ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: നിരക്കി മാറ്റുന്ന ഗേറ്റ് മറിഞ്ഞു വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. തൃശൂര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ അഖില്‍ മണിയപ്പന്റെയും ആലപ്പുഴ പഴവീട് തെക്കേ അത്തിത്തറ വീട്ടില്‍ അശ്വതിയുടെയും ഏക മകന്‍ റിഥവ് ആണ് മരിച്ചത്.

കഴിഞ്ഞ 22ന് രാവിലെ 11ന് കുട്ടിയുടെ അമ്മയുടെ ആലപ്പുഴ അത്തിത്തറയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. ഗേറ്റ് അടയ്ക്കുന്നതിനിടെ മുറ്റത്തുനിന്നു കളിച്ച കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര ക്ഷതമേറ്റ കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം വെന്റിലേറ്ററിലായിരുന്ന കുഞ്ഞ് ബുധനാഴ്ച രാത്രി എട്ടോടെയാണ് മരിച്ചത്.

വിഴിഞ്ഞത്തു നിന്നും കാണാതായ പതിമൂന്നുകാരി വിമാന മാര്‍ഗം ഡല്‍ഹിയില്‍; തിരികെയെത്തിക്കാന്‍ പൊലീസ്

വിഴിഞ്ഞത്തു നിന്നും കാണാതായ പതിമൂന്നുകാരി വിമാന മാര്‍ഗം ഡല്‍ഹിയില്‍; തിരികെയെത്തിക്കാന്‍ പൊലീസ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാര്‍ഗം ഡല്‍ഹിയില്‍. പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ പൊലീസ് ഡല്‍ഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡല്‍ഹിയിലെത്തിയത്.

കുട്ടിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെ, കുട്ടിയെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വിമാനം കയറിയതായി വിവരം ലഭിച്ചത്.