by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസും ബാങ്കുകളും കൈകോര്‍ക്കുന്നു. സംശയാസ്പദമായ അക്കൗണ്ടുകള്‍, എടിഎം പിന്‍വലിക്കലുകള്‍, ചെക്ക് ഇടപാടുകള്‍, വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറല്‍ തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പൊലീസും ബാങ്കുകളും പരസ്പരം സഹകരിക്കുന്നത്. പൊലീസ് സഹായത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി എടിഎം കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സിസിടിവി നിരീക്ഷണം ശക്തമാക്കും. ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.സെക്യൂരിറ്റി /അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും 27 മുതല്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി പൊലീസിന്റെയും ബാങ്ക് മാനേജര്‍മാരുടേയും സംയുക്ത യോഗങ്ങള്‍ സംഘടിപ്പിക്കും. മ്യൂള്‍ അക്കൗണ്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന വാടക ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്തു വ്യാപകമാകുകയാണ്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് തട്ടിപ്പിനു കൂടുതലായി ഇരയാകുന്നത്. ഇടപാടുകാരുടെ കെവൈസി രേഖകളും തട്ടിപ്പുകാരുടെ മൊബൈല്‍ നമ്പറും ഉപയോഗിച്ചാണ് ഈ തട്ടിപ്പു നടത്തുന്നത്.

ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ യുവാക്കളെ അയച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഈ യുവാക്കളുടെ ആധാര്‍ അടക്കമുള്ള കെവൈസി രേഖകളും ഫോട്ടോയുമെല്ലാം അക്കൗണ്ട് തുടങ്ങാനായി ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പക്ഷേ, രജിസ്റ്റര്‍ ചെയ്യാനായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത് തട്ടിപ്പുകാരുടേതായിരിക്കും. കള്ളപ്പണം വെളുപ്പിക്കല്‍, സൈബര്‍ തട്ടിപ്പുകള്‍ തുടങ്ങിയവയ്ക്കാകും ഇത്തരത്തില്‍ ആരംഭിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുക. പിടിക്കപ്പെടുമ്പോള്‍ കുടുങ്ങുന്നത് അക്കൗണ്ടുകള്‍ വാടകയ്ക്കു നല്‍കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും.

by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി പകരം നിധിന്‍ അഗര്‍വാളിനെ പുതിയ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ റോഡ് സേഫ്റ്റി കമ്മീഷണര്‍.
വനിത എസ്‌ഐമാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഉള്‍പ്പെട്ട എസ്പി വി ജി വിനോദ് കുമാറിനും മാറ്റമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ എഐജി സ്ഥാനത്ത് നിന്നും ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കാണ് മാറ്റം. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ എസ്പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനും മാറ്റമുണ്ട്. നകുല്‍ ദേശ്മുഖിനെ തൃശ്ശൂര്‍ കമ്മീഷണറായി നിയമിച്ചു. ആര്‍ ഇളങ്കോ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം.

ക്രമസമാധാന എഡിജിപിയുടെ ഓഫീസിലെ എഐജി കസേരയില്‍ നിന്നാണ് എസ്പി വി ജി വിനോദ് കുമാറിനെ മാറ്റിയത്. പത്തനംതിട്ട ജില്ലയിലെ രണ്ട് വനിതാ എസ്‌ഐമാരാണ് എസ്പിക്കെതിരെ പരാതി നല്‍കിയത്. എസ്പി വി ജി വിനോദ് കുമാര്‍ അര്‍ദ്ധരാത്രിയില്‍ സന്ദേശയങ്ങളയച്ചുവെന്നായിരുന്നു പരാതി. വനിതാ എസ്‌ഐമാരുടെ മൊഴിയും തെളിവുകളും പരിശോധിച്ച ശേഷം നടപടി വേണമെന്ന് ഡിഐജി ശുപാര്‍ശ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിനോട് വിശദമായ അന്വേഷണം നടത്താന്‍ ഡിജിപി ആവശ്യപ്പെട്ടത്.


by Midhun HP News | Sep 26, 2025 | Latest News, കേരളം
കൊച്ചി: രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 10,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോഴും വില ഉയര്‍ന്ന് നില്‍ക്കാന്‍ പ്രധാന കാരണം.



by Midhun HP News | Sep 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപറിന്റെ കോടിപതികള്‍ ആരെന്ന് ശനിയാഴ്ച അറിയാം. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ പകല്‍ രണ്ടിനാണ് നറുക്കെടുപ്പ്. മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സിക്ക് കൈമാറിയിരുന്നു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.


14.07,100 ടിക്കറ്റുകള്‍ വിറ്റ പാലക്കാട് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. തൃശൂര്‍ ജില്ല 9,37,400 ടിക്കറ്റും തിരുവനന്തപുരം 8,75,900 ടിക്കറ്റും വിറ്റു. കഴിഞ്ഞവര്‍ഷം 71.40 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റത്. 500 രൂപയാണ് ടിക്കറ്റ് വില.
രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടുലക്ഷം വീതം പത്ത് പരമ്പരകള്‍ക്കും നല്‍കുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുണ്ട്.

by Midhun HP News | Sep 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്നഫൈനല്‍. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്ഥാനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 30 റണ്‍സെടുത്ത ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സൈഫ് ഹസന്‍ 18 റണ്‍സെുത്തപ്പോള്‍ നൂറുല്‍ ഹസന്‍ 16 റണ്‍സെടുത്തു. വാലറ്റത്ത് റിഷാദ് ഹൊസൈന്‍ 10 പന്തിൽ 16 റണ്‍സുമായി പൊരുതിയെങ്കിലും പാകിസ്ഥാന്‍റെ ജയം തടയാനായില്ല. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 17 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ് 33 റണ്‍സിന് മൂന്നും സയ്യിം അയൂബ് 16 റണ്‍സിന് രണ്ടു വിക്കറ്റുമെടുത്തു. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9

തുടക്കത്തിലെ അടിതെറ്റി
136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ അടിതെറ്റി. ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(0) മടക്കിയ ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ സെയ്ഫ് ഹസന്‍ പ്രതീക്ഷ നല്‍കിയെങ്കിലും തൗഹിദ് ഹൃദോയിയെ വീഴ്ത്തിയ ഷഹീന്‍ തന്നെ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ഹാരിസ് റൗഫ് സെയ്ഫ് ഹസനെ മടക്കിയതോടെ ബംഗ്ലാദേശ് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സിലൊതുക്കി. പവര്‍ പ്ലേക്ക് പിന്നാലെ മെഹ്ദി ഹസനെ(11) വീഴ്ത്തിയ മുഹമ്മദ് നവാസ് ബംഗ്ലാദേശിനെ 44-4ലേക്ക് തള്ളിയിട്ടെങ്കിലും നൂറുല്‍ ഹസനും(21 പന്തില്‍ 16) ഷമീം ഹൊസൈനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി.
സ്കോര്‍ 63ല്‍ നില്‍ക്കെ നൂറുല്‍ ഹസനെയും 73ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ജേക്കര്‍ അലിയെയും(5) വീഴ്ത്തിയ സയ്യിം അയൂബ് ബംഗ്ലാദേശിന് ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലപം ക്രീസിലുറച്ച ഷമീം ഹൊസൈന്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. അവസാന നാലോവറിൽ 46 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ തന്‍സിം ഹസന്‍ ബൗണ്ടറി നേടി ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം പന്തില്‍ മനോഹരമായൊരു സ്ലോ ബോളില്‍ ഷമീമിനെ(25 പന്തില്‍ 30) ഹാരിസ് റൗഫിന്‍റെ കൈകളിലെത്തിച്ച ഷഹീന്‍ അഫ്രീദി അവരുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. തന്‍സിം ഹസന്‍ സാക്കിബിനെയും(10), ടസ്കിന്‍ അഹമ്മദിനെയും(4) ഒരോവറില്‍ മടക്കിയ ഹാരിസ് റൗഫ് ബംഗ്ലാദേശിന്‍റെ വാലറുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ അവസാന എട്ടോവറില്‍ 80 റണ്‍സടിച്ചാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. മുഹമ്മദ് നവാസ് 15 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദിയും ക്യാപറ്റൻ സല്‍മാന്‍ ആഗയും 19 റണ്‍സ് വീതമെടുത്തു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് മൂന്നും മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ പാകിസ്ഥാൻ 100 പോലും കടക്കില്ലായിരുന്നു.

Recent Comments