by Midhun HP News | Nov 8, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയുടെ സാധ്യതകള്‍ മെച്ചപ്പെടണമെങ്കില്‍ കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
‘2019ല്‍ ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെയാണ്. തൃശൂരിലേക്കുള്ള മെട്രോയല്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് കോയമ്പത്തൂരിലേക്കുള്ള എക്സ്റ്റന്‍ഷന്‍ ആണ്. അത് പാലിയേക്കര എന്നെ പറഞ്ഞിട്ടുള്ളൂ. തൃശൂര്‍ക്കാര്‍ക്ക് വേണ്ടിയല്ല. ഒരു കോമേഴ്‌സ്യല്‍ കോറിഡോര്‍ എന്ന് പറയുന്നത് രണ്ടു കോമേഴ്‌സ്യല്‍ സിറ്റികളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ്. രണ്ടില്‍ ഏതാണ് വലുത് എന്ന് ഇപ്പോഴും പറയാന്‍ കഴിയില്ല. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണം. കൊച്ചിക്ക് ഒരു വിസിബിലിറ്റി വരണമെങ്കില്‍ രണ്ടു ട്വിന്‍ കോമേഴ്‌സ്യല്‍ സിറ്റികളുടെ കണക്ടിവിറ്റി അത്യാവശ്യമാണ്. കുട്ടികളുടെ ഭാവിക്ക് ഗുണകരമാണ്. പുതിയ കേരളത്തിന് ഏറെ ഗുണം ചെയ്യും. വികസിത് ഭാരത് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ ഇതെല്ലാം വേഗത്തില്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്’- സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനം ലഭിക്കുന്ന സര്‍വീസാക്കി മാറ്റാന്‍ കഴിയും. നിലവില്‍ കണക്ടിവിറ്റി പ്രശ്‌നമാണ്. ഫ്‌ലൈറ്റ് കൊണ്ട് മാത്രം ഇതിന് പരിഹാരമാകില്ല. വിമാനത്താവളത്തിലേക്ക് മാത്രമായി പകുതി ദൂരം ഓടേണ്ടി വരില്ലേ. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടിയാല്‍ വായുമലിനീകരണം കുറയ്ക്കാനും സാധിക്കും. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ ഒന്നും നടക്കില്ല. കേരളത്തിലെ 700 കിലോമീറ്ററില്‍ നാലു ലൈന്‍ സാധ്യമായാല്‍ കൂടുതല്‍ ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ പുതിയ ട്രെയിന്‍ ചോദിക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ റെയില്‍വേ വികസനത്തിന് റെയില്‍വേ സജ്ജമാണ്. ഈ വര്‍ഷം 3042 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. പതിനായിരമോ അതില്‍ കൂടുതലോ നല്‍കാന്‍ തയ്യാറാണ്. ആവശ്യം ഭൂമി മാത്രമാണ്. വന്ദേഭാരത് പോലെ എക്‌സ്പ്രസ് ട്രെയിനുകളുടെയും വേഗം ഇനിയും വര്‍ധിപ്പിക്കാന്‍ സാധിക്കും. പക്ഷേ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഒരു സീറോ കര്‍വ് വേണ്ട. നോ ഡീപ് കര്‍വ് റെയില്‍ ലൈന്‍ വരുന്നതിനുള്ള സ്ഥലം കണ്ടെത്തി നല്‍കണം. അതുവഴി റെയില്‍ ഇപ്പോള്‍ കടന്നുപോകുന്ന ലൈനിന് പകരം ഭൂമി നല്‍കുന്ന തരത്തില്‍ ബാര്‍ട്ടര്‍ സിസ്റ്റവും ആലോചിക്കാവുന്നതാണ്.
അത്രയും വില കൊടുത്ത് വാങ്ങണമെന്നില്ല. അതുപോലെ റെയില്‍വേ സ്‌റ്റേഷനുകളും റീലൊക്കേറ്റ് ചെയ്യേണ്ടതുണ്ട്. കൊച്ചിയുടെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതിന് പൊന്നുരുന്നിയില്‍ കേരളത്തിന്റെ തന്നെ ഏറ്റവും വലിയ റെയില്‍വേ ഹബ് വരണം. പൊന്നുരുന്നിയില്‍ 110 ഏക്കര്‍ ഭൂമി ഉണ്ട്. താന്‍ സ്വപ്‌നം കാണുന്നത് ചെന്നൈയിലുള്ള എംജിആര്‍ സെന്‍ട്രല്‍ സ്റ്റേഷന് സമാനമായ വികസനമാണ്. അവിടെ ഒരു സ്റ്റേഷനുള്ളു. ബാക്കിയെല്ലാം പുറത്താണ്. സൗകര്യങ്ങളുടെ വര്‍ധനയ്ക്ക് റെയില്‍വേ തടസമായി നില്‍ക്കുന്ന അഞ്ചു പട്ടണങ്ങള്‍ കേരളത്തില്‍ ഉണ്ട്. അതിന് പ്രതിവിധി വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയുലുള്ള പ്രതിരോധത്തിൽ നിൽക്കുകയാണ്.
ഈ സമയത്താണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്.
ഇതിൽ കൂടുതൽ പരിഗണന കെ ജയകുമാർ ഐഎഎസിനായിരുന്നു. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. പത്തനംതിട്ടയിൽ നിന്നുള്ള സതീശൻ എന്നയാളുടെ പേരാണ് ദേവസ്വം മന്ത്രി നിർദേശിച്ചത്. കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയേക്കുമോ എന്ന കാര്യത്തിൽ നാളെ തന്നെ അന്തിമ തീരുമാനം ഉണ്ടാകും. കെ ജയകുമാർ ഐഎഎസ് ഇതാദ്യമല്ല ശബരിമലയുടെ ചുമതലയിൽ വരുന്നത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


by Midhun HP News | Nov 8, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വാരാണസിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക. ചെയര്‍ കാറിന് 1095യും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. കഴിഞ്ഞദിവസം വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പതിവ് സര്‍വീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആര്‍ ബംഗളൂരുവില്‍ നിന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്തു നിന്ന് തിരിച്ച് രാത്രി 11ന് ബംഗളൂരുവിലെത്തും. 8 മണിക്കൂര്‍ 40 മിനിറ്റ് സര്‍വീസ് സമയം. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.
എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ദക്ഷിണ റെയില്‍വേ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ട്രെയിന്‍ നമ്പര്‍ 26651/26652 വന്ദേഭാരത് ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുക. ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.


by Midhun HP News | Nov 8, 2025 | Latest News, കേരളം
കൊച്ചി: കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ കൂടുതലുണ്ടെന്നു കണക്കുകൾ. ഈ സ്ഥാപനങ്ങളിലെ മൊത്തം സ്വർണ ശേഖരം രാജ്യങ്ങളുടെ കണക്കിൽപ്പെടുത്തിയാൽ 16ാം സ്ഥാനത്തുണ്ടാകും. പോർച്ചുഗലിനു തൊട്ടു പിന്നിൽ ധനകാര്യ സ്ഥാപനങ്ങൾ വരും. സ്പെയിൻ, യുകെ, ഓസ്ട്രിയ രാജ്യങ്ങളേക്കാൾ സ്വർണം ഈ സ്ഥാപനങ്ങളിലുണ്ട്.
കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കോർപറേഷനുകൾ (എൻബിഎഫ്സി) നിലവിൽ കൈവശം വച്ചിരിക്കുന്നത് 381 ടൺ സ്വർണം. 4.6 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ശേഖരത്തിലുള്ളത്. സംസ്ഥാനത്തെ എൻബിഎഫ്സികൾ ഇപ്പോൾ ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളേക്കാൾ സ്വർണം കൈവശം വച്ചിട്ടുണ്ട്.
സ്വർണത്തിനോടു മലയാളിക്കുള്ള ആസക്തി കൂടി വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കെഎസ്എഫ്ഇ, (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ പ്രമുഖ സ്വർണ വായ്പാ ഭീമന്മാരുടെ സംയോജിത നിക്ഷേപം സ്പെയിനിന്റെയും (282 ടൺ) യുകെയുടെയും (310 ടൺ) സ്വർണ ശേഖരത്തേക്കാൾ കൂടുതലാണ്.
സ്വർണം മലയാളിയുടെ സമ്പാദ്യ ശീലത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകളായി. ഒപ്പം പദവിയുടെ അടയാളമായും മലയാളി സ്വർണം ധരിക്കുന്നു. ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു. സംസ്ഥാനത്ത് അതിവേഗം വളരുന്ന ശക്തമായ സാമ്പത്തിക അടിത്തറയുള്ള വ്യവസായമായും സ്വർണ വായ്പാ രംഗം അതോടെ കേരളത്തിൽ വേരൂന്നി.
അടിയന്തര ആവശ്യങ്ങൾക്ക് മലയാളികൾ ആദ്യം തന്നെ സമീപിക്കുക സ്വർണ വായ്പകളെയാണെന്നു ഇൻഡൽ മണിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറയുന്നു. മകന്റെ കോളജ് പഠനം, വീട് നിർമാണം, വർക്ക്ഷോപ്പിലേക്ക് യന്ത്രങ്ങൾ വാങ്ങൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ധനകാര്യ സ്ഥാപനങ്ങളെ സ്വർണവുമായി സമീപിക്കുന്നു. സ്വർണത്തിന്റെ വില വർധന വായ്പകളെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ആളുകൾ അവരുടെ സ്വർണാഭരണങ്ങൾ തന്നെ വായ്പയായി വയ്ക്കുമ്പോൾ സ്വർണം കൂടുതൽ വിപണിയിലേക്ക് തിരിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച ഗ്രാമിന് 12,202 രൂപയും പവന് 81,000 രൂപയുമായിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യം റെക്കോർഡ് ഉയരങ്ങളിലെത്തി. സുരക്ഷിതമല്ലാത്ത വായ്പ നൽകൽ, വായ്പകൾ പിൻവലിക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ആർബിഐ കർശനമാക്കിയത് എൻബിഎഫ്സികൾക്ക് ചെറിയ തിരിച്ചടിയാണ്. വായ്പാ പ്രതിസന്ധിയുണ്ടെന്നു മോഹനൻ സമ്മതിക്കുന്നു. സ്വർണ വായ്പകൾ ആ വിടവ് നികത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വർണത്തിന്റെ വില ഉയർന്നു നിൽക്കുന്നത് ചെറുകിട വായ്പാ സംഘങ്ങളേയും ഉത്തേജിപ്പിച്ചിട്ടുണ്ട്. സ്വർണ വായ്പകളിൽ 37 ശതമാനം മാത്രമാണ് സംഘടിത കമ്പനികളിൽ നിന്നുള്ളത്. 63 ശതമാനവും അസംഘടിത മേഖലകളിൽ നിന്നാണ്. പണയക്കടകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക പണമിടപാടുകാർ എന്നിവർ. നിയന്ത്രണങ്ങൾ അസംഘടിത വിപണിയെയാണ് പരോക്ഷമായി സഹായിക്കുന്നത്. ഇടനിലക്കാർ ഒറ്റ ദിവസത്തേക്ക് മാത്രമായി സ്വർണം പുറത്തിറക്കി വീണ്ടും പണയം വച്ച് ആർബിഐ നിയന്ത്രണങ്ങളെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നുണ്ടെന്നും മോഹനൻ പറഞ്ഞു.
അതേസമയം വില കൂടിയതോടെ ഉപഭോക്താക്കൾ കൂടുതൽ വായ്പകളെടുക്കുന്നില്ലെന്നു മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറയുന്നു. വായ്പാ കാലാവധി ഒരു വർഷമാണെങ്കിലും മിക്ക ഉപഭോക്താക്കളും അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ സ്വർണം തിരിച്ചെടുക്കുന്നുണ്ട്. അവർ അത്യാവശ്യ ഘട്ടങ്ങളിൽ വായ്പ എടുക്കുന്നവരാണ്. അവരുടെ ലക്ഷ്യം പൂർത്തിയായാൽ ഉപഭോക്താക്കൾ വായ്പ തിരിച്ചടച്ച് സ്വർണം എടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ്. വായ്പാ വിപണിയിൽ ഇന്ത്യയൊട്ടാകെ ഏതാണ്ട് 2,950 മുതൽ 3,350 ടൺ വരെ സ്വർണം ഈടായി സ്വീകരിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യ ആണ് ഈ സ്വർണ വായ്പാ സംസ്കാരത്തിന്റെ രാജ്യത്തെ നിർണായക കേന്ദ്രം.


by Midhun HP News | Nov 8, 2025 | Latest News, ജില്ലാ വാർത്ത
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീമിനെതിരെ കേസെടുത്തു. പടിഞ്ഞാറെ നടയിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ഗുരുവായൂർ പൊലീസ് കേസെടുത്തത്. ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
നേരത്തെയും ജസ്ന ഗുരുവായൂർ നടയിൽ വച്ച് റീൽസ് ചിത്രീകരിച്ചത് വിവാദമായിരുന്നു. അന്ന് കിഴക്കേ നടയിലെ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമത്തിനാണ് അന്ന് കേസെടുത്തത്.
കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ ജസ്ന ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് കേക്ക് മുറിച്ചതടക്കം വിവാദമായിരുന്നു. സംഭവത്തിൽ ദേവസ്വം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും ഇത്തരത്തിൽ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.


Recent Comments