നിയമസഭയില്‍ അതിഥിയായെത്തി മൂന്നാം ക്ലാസുകാരന്‍

നിയമസഭയില്‍ അതിഥിയായെത്തി മൂന്നാം ക്ലാസുകാരന്‍

തിരുവനന്തപുരം: ‘സ്പൂണും നാരങ്ങയും’ കളിക്ക് നിയമാവലി എഴുതി വൈറലായ മൂന്നാം ക്ലാസുകാരന്‍ അഹാന്‍ നിയമ സഭയില്‍ അതിഥി. ഇന്ന് സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തിയ അഹാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ കണ്ടു.

മൂന്നാം ക്ലാസ് പരീക്ഷയിലെ അഹാന്റെ ഉത്തരക്കടലാസ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഷെയര്‍ ചെയ്തിരുന്നു. വാട്സ്ആപ്പില്‍ സ്റ്റാറ്റസായും ഇന്‍സ്റ്റ സ്റ്റോറിയായും റീലായും ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പുകളായും പിന്നീടത് വൈറലായി. പരീക്ഷയില്‍ ഇഷ്ടകളിക്ക് നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിനാണ് ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയില്‍ ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്ന വലിയ നിയമം അഹാന്‍ എഴുതിച്ചേര്‍ത്തത്.

ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാന്‍ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ക്ഷണിക്കുകയായിരുന്നു.രാവിലെ സ്പീക്കറുടെ വസതിയിയായ ‘നീതി’യിലെത്തിയ അഹാന്‍ സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന് നിയമസഭയിലെത്തി സഭാ നടപടികള്‍ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങള്‍ നല്‍കിയാണ് അഹാനെ സ്പീക്കര്‍ യാത്രയാക്കിയത്.

മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെയും അഹാന്‍ കണ്ടു. ഇരുവരും അഹാനെ കണ്ടതിന്റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ‘കൊച്ചുമിടുക്കന്‍ അഹാന്‍ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തില്‍ വന്ന് കണ്ടിരുന്നു. പരസ്പര സ്‌നേഹത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താന്‍ അഹാന് സാധിക്കട്ടെ’യെന്നും മുഖ്യമന്ത്രി ആശംസിച്ചു.

‘അഹാനെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും പക്വതയാര്‍ന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാന്‍ ഏവര്‍ക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്. ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ച അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എന്റെ അഭിനന്ദനങ്ങള്‍’ മന്ത്രി ശിവന്‍കുട്ടി ഫെയ്ബുക്കില്‍ കുറിച്ചു.

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ‘ഹരിതകൂടാരം’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ‘ഹരിതകൂടാരം’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ നടപ്പിലാക്കിയ ‘ഹരിതകൂടാരം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സംഘടിപ്പിച്ചു. ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ അവർ വീട്ടിൽ നട്ടുവളർത്തുകയും അതിൽ നിന്ന് ഉണ്ടായ വിളവ് സ്കൂളിൽ എത്തിച്ചാണ് വിപണി ഒരുക്കിയത്.

സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് വിപണനോദ്ഘാടനം നിർവ്വഹിച്ചു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയതാണ് ഹരികൂടാരം പദ്ധതി. 150 ൽ അധികം വീടുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. സ്കൂളിൽ നിന്ന് ലഭ്യമാക്കിയ ഗുണമേന്മയുള്ള വിത്തിനങ്ങൾ കുട്ടികൾ നട്ടുനനച്ച് വളർത്തിയാണ് ഇപ്പോൾ വിപണനോദ്ഘാടനത്തിൽ എത്തിയത്. വളർച്ചയുടെ ഘട്ടങ്ങൾ കുറിപ്പുകളാക്കി മാറ്റാനുള്ള നിർദ്ദേശം കൂടിയായപ്പോൾ കുട്ടികളുടെ നിരീക്ഷണ പാടവവും വർദ്ധിച്ചു എന്ന് അധ്യാപകർ വിലയിരുത്തുന്നു. അധ്യാപകരായ സാബു നീലകണ്ഠൻ, ജെ. രാജേഷ്, പി.എസ്. ജൂലി, എസ്. കാവേരി, എം. എസ്. ജസ്‌ന, ആർ.എസ്. റീജറാണി, ശരണ്യ ദേവ്, എം.എസ്. ശ്രീലേഖ, രാഖി രാമചന്ദ്രൻ, ദീപാറാണി എന്നിവർ പങ്കെടുത്തു.

ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ ‘ഓയിൽ’ കുമാർ

ഭക്ഷണം കഴിക്കില്ല; ദിവസവും 7-8 ലിറ്റർ എഞ്ചിൻ ഓയിൽ അകത്താക്കും; കർണാടക സ്വദേശിയായ ‘ഓയിൽ’ കുമാർ

സാധാരണഗതിയിൽ എല്ലാവരും അരിയോ ചപ്പാത്തിയോ പോലുള്ള സാധാരണ ഭക്ഷണം കഴിക്കുമ്പോൾ, എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന ഒരു കർണാടക സ്വദേശിയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടുകയാണ്. ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെട്ടതോടെയാണ് വൈറലായത്. മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ എഞ്ചിൻ ഓയിൽ മാത്രമാണ് ഉൾപ്പെടുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

‘ഓയിൽ കുമാർ’

കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇദ്ദേഹം ‘ഓയിൽ കുമാർ’ എന്നാണ് അറിയപ്പെടുന്നത്. ദിവസവും ഏഴോ എട്ടോ ലിറ്റർ എഞ്ചിൻ ഓയിലാണ് ഇദ്ദേഹം കുടിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം
പോസ്റ്റിൽ പറയുന്നു. ഇതിനോടൊപ്പം ഇദ്ദേഹം സ്ഥിരമായി ചായയും കുടിക്കാറുണ്ട്. ചായ ഒരു സാധാരണ പാനീയമാണെങ്കിലും, മോട്ടോർ ഓയിൽ വളരെ വിഷമയവും അപകടകരവുമാണ്.
വൈറൽ വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത് കാണാം, എന്നാൽ കുമാർ അത് നിരസിച്ചു. പകരം, അദ്ദേഹം കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ കുടിക്കുന്നു..

ആരോഗ്യപരമായ ദോഷഫലങ്ങളൊന്നും ഉണ്ടായിട്ടില്ല

ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. വൈദ്യസഹായം ആവശ്യമുള്ള വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.

അതിജീവനത്തിലുള്ള വിശ്വാസം

ശ്രീ അയ്യപ്പന്റെ അനുഗ്രഹംകൊണ്ടാണ് തനിക്ക് ഇങ്ങനെ അതിജീവിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദിവ്യമായ പിന്തുണയില്ലാതെ ഇത്രയധികം വർഷം ഇങ്ങനെയൊരു അസാധാരണ ആഹാരരീതിയിൽ ജീവിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

എഞ്ചിൻ ഓയിൽ അപകടകരമാകുന്നത് എന്തുകൊണ്ട്?

എഞ്ചിൻ ഓയിൽ പെട്രോളിയം അധിഷ്ഠിത ഉൽപ്പന്നമാണ്, ഇത് മനുഷ്യർക്ക് അങ്ങേയറ്റം ദോഷകരമാണ്. ഇത് ഒരിക്കലും വിഴുങ്ങരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശത്തിലേക്ക് ഇത് കടക്കുന്നത് ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് നയിച്ചേക്കാം എന്നതാണ് ഏറ്റവും വലിയ അപകടസാധ്യതകളിലൊന്ന്.
ശ്വാസകോശത്തിലെ ദോഷഫലങ്ങൾ

കെമിക്കൽ ന്യൂമോണൈറ്റിസ്: ശ്വാസകോശത്തിലേക്ക് എണ്ണ കടക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസകോശകലകളുടെ വീക്കവും നാശവും.
ന്യൂമോണിയ: ഗുരുതരമായ അണുബാധയ്ക്ക് കാരണമാകും.
ശ്വസന പരാജയം: തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് മാറിയേക്കാം.
ഹൃദയം: എണ്ണയിലെ ഹൈഡ്രോകാർബണുകൾ അപകടകരമായ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമായേക്കാം

എ ഐ സൈബർ ആക്രമണം; ജി- മെയിൽ ഉപയോക്താക്കൾക്ക് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

എ ഐ സൈബർ ആക്രമണം; ജി- മെയിൽ ഉപയോക്താക്കൾക്ക് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

സ്ഥിരമായി ജിമെയിൽ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. ലോകത്ത് ജിമെയില്‍ ഉപയോ​ഗിക്കുന്ന 180 കോടി ആളുകൾക്കും ​ഗൂ​ഗിൾ പുതിയൊരു മുന്നറിയിപ്പുനൽകിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ​ഗൂ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ടെക് വിദ​ഗ്ധർ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്‌വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. സൈബർ തട്ടിപ്പ് വീരന്മാരും ഹാക്കർമാരും പുത്തൻ അടവുകളുമായി രം​ഗത്തെത്തുന്ന കാലമായതിനാൽ എല്ലാവരും ജാ​ഗ്രത പാലിക്കുന്നത് നല്ലതായിരിക്കും

‘ഓണ്‍ലൈനായി വോട്ടുകള്‍ നീക്കം ചെയ്യല്‍ അസാധ്യം’; രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി

‘ഓണ്‍ലൈനായി വോട്ടുകള്‍ നീക്കം ചെയ്യല്‍ അസാധ്യം’; രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി

ഡല്‍ഹി: വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല വോട്ടര്‍മാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ യാഥാര്‍ഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

ഒരു വോട്ടും ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വിശദീകരിക്കുന്നത്. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേള്‍ക്കും. ഇതാണ് നടപടി എന്നും കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചു. വിഷയത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കര്‍ണാടകത്തിലെ ഒരു മണ്ഡലം ഉദാഹരിച്ചായിരുന്നു രാഹുല്‍ ഗാന്ധി ഇത്തവണ വോട്ട് ഡിലീറ്റേഷന്‍ ആക്ഷേപം ഉന്നയിച്ചത്. 2023 കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് അലന്ദ് മണ്ഡലത്തിലെ 6018 വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസ് വോട്ടര്‍മാരെയാണ് ആസൂത്രിതമായി നീക്കം ചെയ്തത്. ഈ വോട്ടു കൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷണം നല്‍കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍.