by Midhun HP News | Sep 18, 2025 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തിൽ നടപ്പിലാക്കിയ ‘ഹരിതകൂടാരം’ പദ്ധതിയുടെ ഭാഗമായി കുട്ടികൾ കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം സംഘടിപ്പിച്ചു. ഈ പദ്ധതി പ്രകാരം കുട്ടികൾക്ക് വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ അവർ വീട്ടിൽ നട്ടുവളർത്തുകയും അതിൽ നിന്ന് ഉണ്ടായ വിളവ് സ്കൂളിൽ എത്തിച്ചാണ് വിപണി ഒരുക്കിയത്.
സ്കൂൾ പി.റ്റി.എ. പ്രസിഡൻ്റും നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് വിപണനോദ്ഘാടനം നിർവ്വഹിച്ചു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയതാണ് ഹരികൂടാരം പദ്ധതി. 150 ൽ അധികം വീടുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. സ്കൂളിൽ നിന്ന് ലഭ്യമാക്കിയ ഗുണമേന്മയുള്ള വിത്തിനങ്ങൾ കുട്ടികൾ നട്ടുനനച്ച് വളർത്തിയാണ് ഇപ്പോൾ വിപണനോദ്ഘാടനത്തിൽ എത്തിയത്. വളർച്ചയുടെ ഘട്ടങ്ങൾ കുറിപ്പുകളാക്കി മാറ്റാനുള്ള നിർദ്ദേശം കൂടിയായപ്പോൾ കുട്ടികളുടെ നിരീക്ഷണ പാടവവും വർദ്ധിച്ചു എന്ന് അധ്യാപകർ വിലയിരുത്തുന്നു. അധ്യാപകരായ സാബു നീലകണ്ഠൻ, ജെ. രാജേഷ്, പി.എസ്. ജൂലി, എസ്. കാവേരി, എം. എസ്. ജസ്‌ന, ആർ.എസ്. റീജറാണി, ശരണ്യ ദേവ്, എം.എസ്. ശ്രീലേഖ, രാഖി രാമചന്ദ്രൻ, ദീപാറാണി എന്നിവർ പങ്കെടുത്തു.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
സാധാരണഗതിയിൽ എല്ലാവരും അരിയോ ചപ്പാത്തിയോ പോലുള്ള സാധാരണ ഭക്ഷണം കഴിക്കുമ്പോൾ, എഞ്ചിൻ ഓയിൽ കുടിച്ച് ജീവിക്കുന്ന ഒരു കർണാടക സ്വദേശിയെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധനേടുകയാണ്. ഇദ്ദേഹത്തിന്റെ പതിറ്റാണ്ടുകളായുള്ള ഈ ശീലം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെട്ടതോടെയാണ് വൈറലായത്. മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ ആഹാരക്രമത്തിൽ എഞ്ചിൻ ഓയിൽ മാത്രമാണ് ഉൾപ്പെടുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
‘ഓയിൽ കുമാർ’
കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ ഇദ്ദേഹം ‘ഓയിൽ കുമാർ’ എന്നാണ് അറിയപ്പെടുന്നത്. ദിവസവും ഏഴോ എട്ടോ ലിറ്റർ എഞ്ചിൻ ഓയിലാണ് ഇദ്ദേഹം കുടിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം
പോസ്റ്റിൽ പറയുന്നു. ഇതിനോടൊപ്പം ഇദ്ദേഹം സ്ഥിരമായി ചായയും കുടിക്കാറുണ്ട്. ചായ ഒരു സാധാരണ പാനീയമാണെങ്കിലും, മോട്ടോർ ഓയിൽ വളരെ വിഷമയവും അപകടകരവുമാണ്.
വൈറൽ വീഡിയോയിൽ ആളുകൾ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത് കാണാം, എന്നാൽ കുമാർ അത് നിരസിച്ചു. പകരം, അദ്ദേഹം കുപ്പിയിൽ നിന്ന് എഞ്ചിൻ ഓയിൽ കുടിക്കുന്നു..
ആരോഗ്യപരമായ ദോഷഫലങ്ങളൊന്നും ഉണ്ടായിട്ടില്ല
ദശാബ്ദങ്ങളായി എഞ്ചിൻ ഓയിൽ കുടിച്ചിട്ടും, ഇദ്ദേഹത്തെ ഒരു ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ല. വൈദ്യസഹായം ആവശ്യമുള്ള വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു.
അതിജീവനത്തിലുള്ള വിശ്വാസം
ശ്രീ അയ്യപ്പന്റെ അനുഗ്രഹംകൊണ്ടാണ് തനിക്ക് ഇങ്ങനെ അതിജീവിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ദിവ്യമായ പിന്തുണയില്ലാതെ ഇത്രയധികം വർഷം ഇങ്ങനെയൊരു അസാധാരണ ആഹാരരീതിയിൽ ജീവിക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
എഞ്ചിൻ ഓയിൽ അപകടകരമാകുന്നത് എന്തുകൊണ്ട്?
എഞ്ചിൻ ഓയിൽ പെട്രോളിയം അധിഷ്ഠിത ഉൽപ്പന്നമാണ്, ഇത് മനുഷ്യർക്ക് അങ്ങേയറ്റം ദോഷകരമാണ്. ഇത് ഒരിക്കലും വിഴുങ്ങരുതെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശത്തിലേക്ക് ഇത് കടക്കുന്നത് ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് നയിച്ചേക്കാം എന്നതാണ് ഏറ്റവും വലിയ അപകടസാധ്യതകളിലൊന്ന്.
ശ്വാസകോശത്തിലെ ദോഷഫലങ്ങൾ
കെമിക്കൽ ന്യൂമോണൈറ്റിസ്: ശ്വാസകോശത്തിലേക്ക് എണ്ണ കടക്കുമ്പോൾ ഉണ്ടാകുന്ന ശ്വാസകോശകലകളുടെ വീക്കവും നാശവും.
ന്യൂമോണിയ: ഗുരുതരമായ അണുബാധയ്ക്ക് കാരണമാകും.
ശ്വസന പരാജയം: തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ ജീവന് ഭീഷണിയാകുന്ന അവസ്ഥകളിലേക്ക് മാറിയേക്കാം.
ഹൃദയം: എണ്ണയിലെ ഹൈഡ്രോകാർബണുകൾ അപകടകരമായ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമായേക്കാം
by Midhun HP News | Sep 18, 2025 | Latest News, കേരളം
സ്ഥിരമായി ജിമെയിൽ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ലോകത്ത് ജിമെയില്‍ ഉപയോഗിക്കുന്ന 180 കോടി ആളുകൾക്കും ഗൂഗിൾ പുതിയൊരു മുന്നറിയിപ്പുനൽകിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.
എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ഗൂഗൂഗിളിന്റെ മുന്നറിയിപ്പ്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ടെക് വിദഗ്ധർ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്‌വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. സൈബർ തട്ടിപ്പ് വീരന്മാരും ഹാക്കർമാരും പുത്തൻ അടവുകളുമായി രംഗത്തെത്തുന്ന കാലമായതിനാൽ എല്ലാവരും ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല വോട്ടര്‍മാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ യാഥാര്‍ഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.
ഒരു വോട്ടും ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വിശദീകരിക്കുന്നത്. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേള്‍ക്കും. ഇതാണ് നടപടി എന്നും കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചു. വിഷയത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
കര്‍ണാടകത്തിലെ ഒരു മണ്ഡലം ഉദാഹരിച്ചായിരുന്നു രാഹുല്‍ ഗാന്ധി ഇത്തവണ വോട്ട് ഡിലീറ്റേഷന്‍ ആക്ഷേപം ഉന്നയിച്ചത്. 2023 കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് അലന്ദ് മണ്ഡലത്തിലെ 6018 വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസ് വോട്ടര്‍മാരെയാണ് ആസൂത്രിതമായി നീക്കം ചെയ്തത്. ഈ വോട്ടു കൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷണം നല്‍കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍.
by Midhun HP News | Sep 18, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതായി അധികൃതർ. റെംറാമിൽ, അൽ റാംത്ത് ക്ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്തോ മറ്റു എന്തെങ്കിലും വസ്തുക്കളോ കുറ്റിക്കാടിനുള്ളിൽ പോയാൽ റബ്ബർ കൊണ്ട് നിർമ്മിച്ച കൈയുറകൾ ധരിച്ചു വേണം അവ എടുക്കാൻ എന്നും നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്തോ മറ്റു എന്തെങ്കിലും വസ്തുക്കളോ കുറ്റിക്കാടിനുള്ളിൽ പോയാൽ റബ്ബർ കൊണ്ട് നിർമ്മിച്ച കൈയുറകൾ ധരിച്ചു വേണം അവ എടുക്കാൻ എന്നും നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് അൽ റാംത്ത് ക്ലസ്റ്ററിലെ താമസക്കാരും പാമ്പുകളെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പുകൾ അപ്പാർട്ടുമെന്റുകളുടെ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി ആണ് കണ്ടെത്തിയത്.
ഇതിന്റെ ദൃശ്യങ്ങൾ താമസക്കാർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഇതോടെയാണ് കൂടുതൽ ആളുകൾ സമാന അനുഭവം ഉണ്ടായ കാര്യം വെളുപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. അവിടെ നിന്നാകാം പാമ്പുകൾ വന്നതെന്നാണ് പ്രാഥമിക നിഗമനം.
പരാതികൾ ശ്രദ്ധയിൽപ്പെട്ടതായും താമസക്കാർ കണ്ടെത്തിയ പാമ്പുകളെ പിടികൂടി സുരക്ഷിതമായ മറ്റൊരു പ്രദേശത്തേക്ക് മാറ്റിയെന്നും ദുബൈ മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Recent Comments