തെരുവുനായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കിയാല്‍ പതിനായിരം പിഴ

തെരുവുനായകള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കിയാല്‍ പതിനായിരം പിഴ

ചണ്ഡീഗഡ്: തെരുവുനായ കള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് പതിനായിരം പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പുതുതായി തയ്യാറാക്കിയ നിയമപ്രകാരം നായകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള സ്ഥലങ്ങള്‍ നഗരത്തിലുടനീളം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം 60 സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഈ സ്ഥലങ്ങളിലൂടെയല്ലാത തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരില്‍ നിന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ഈടാക്കും.

കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പാറശ്ശാല എസ്എച്ച്ഒയുടേത്

കിളിമാനൂരില്‍ കാല്‍നടക്കാരന്റെ ജീവനെടുത്ത അപകടം; ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ പാറശ്ശാല എസ്എച്ച്ഒയുടേത്

തിരുവനന്തപുരം: കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിലാണു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു വാഹനം തിരിച്ചറിഞ്ഞത്. വാഹനം അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആര്‍. കൂലിപ്പണിക്കാരനായ രാജന്‍ റോഡില്‍ ചോരവാര്‍ന്ന് ഒരു മണിക്കൂറോളം കിടന്നു. രാവിലെ 6 മണിയോടെ നാട്ടുകാരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വാഹനം ഓടിച്ചത് അനില്‍കുമാറാണോ എന്ന് പരിശോധിക്കും. അനില്‍കുമാറാണു ഡ്രൈവറെന്നു തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. സമീപത്തെയും ഈ റോഡിലെയും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഡ്രൈവര്‍ ആരാണ് എന്നു തിരിച്ചറിയാന്‍ ശ്രമിക്കുന്നത്.

ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; പുതുക്കിയ രീതി ഒക്ടോബര്‍ ഒന്നുമുതല്‍

ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; പുതുക്കിയ രീതി ഒക്ടോബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. ചോദ്യങ്ങളുടെ എണ്ണം ഇരുപതില്‍ നിന്നും മുപ്പതാക്കി. പതിനെട്ട് ഉത്തരങ്ങള്‍ ശരിയാക്കിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് ടെസ്റ്റ് വിജയിക്കുകയുള്ളു.

റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കുടുതല്‍ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നേരത്തെ ഇരുപത് ചോദ്യങ്ങളില്‍ പന്ത്രണ്ട് എണ്ണം ശരിയായാല്‍ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കന്‍ഡുമായിരുന്നു. എന്നാല്‍ പുതിയ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മുപ്പത് സെക്കന്‍ഡാണ് ഉത്തരമെഴുതാന്‍ അനുവദിച്ചിട്ടുള്ള സമയം.

ലേണേഴ്‌സ് ടെസ്റ്റിന്റെ ഭാഗമായി പുതിയ മോട്ടോര്‍ വാഹനവകുപ്പ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ഇത് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ലേണേഴ്‌സ് ടെസ്റ്റിന് മുന്‍പായി മാതൃകാ പരീക്ഷകളും നടത്തും. പരീക്ഷയ്ക്ക് മുന്‍പായി മോക് ടെസ്റ്റുകള്‍ നടത്തും. ഇത് പരീശീലകര്‍ക്കും ബാധകമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ ലേണേഴ്‌സ് ടെസ്റ്റ് എഴുതുന്നവര്‍ ഈ രീതിയിലാവും എഴുതേണ്ടത്.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർ​ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് മാർ​ഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പാണ് മാർഗദീപം പദ്ധതി. 2025-26ലെ സ്‌കോളർഷിപ്പിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക. വിദ്യാർഥികൾ സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ നൽകണം

*യോഗ്യത*

സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം.
വിദ്യാർഥികൾ മുസ് ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിൽ ഉൾപ്പെട്ടവരായിരിക്കണം.
കേരളത്തിൽ സ്ഥിര താമസമുള്ളവരായിരിക്കണം.
കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം കവിയാൻ പാടില്ല.

ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
സ്‌കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഒരേ കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവില്ല.

ഈ സ്‌കീമിന് കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്ക് മറ്റ് സ്‌കീമുകളിലെ/ സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടില്ല.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

– വരുമാന സർട്ടിഫിക്കറ്റ്

– മൈനോറിറ്റി/ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

– ബാങ്ക് പാസ് ബുക്ക് പകർപ്പ്

– ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40 ശതമാനത്തിനും അതിന് മുകളിലും വൈകല്യമുള്ള വിഭാഗം)

– ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.

– ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-2025)

അപേക്ഷ

താൽപര്യമുള്ളവർ https://margadeepam.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേന സ്‌കൂൾ തലത്തിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471-2302090 എന്ന നമ്പറിൽ ബന്ധപ്പെടുക.

എഡിറ്റർ മിഥുൻ ദേവ് പൊറ്റെക്കാട് നിര്യാതനായി

എഡിറ്റർ മിഥുൻ ദേവ് പൊറ്റെക്കാട് നിര്യാതനായി

തിരുവനന്തപുരം സി ഡിറ്റിൽ വീഡിയോ എഡിറ്റർ ആയിരുന്ന 45 കാരനായ മിഥുൻ ദേവ്,
കാൻസർ ചികിത്സയിൽ ആയിരിക്കെ ആണ് മരണപ്പെട്ടത് . കവി അയ്യപ്പ പണിക്കരുടെ കൊച്ചുമകൾ, സി ഡിറ്റിലെ സഹപ്രവർത്തക ചാന്ദിനി ദേവി ആണ് ഭാര്യ.
മക്കൾ സച്ചിൻ, സൗരവ്.

മിഥുന്റെ താല്പര്യ പ്രകാരം ഭൗതിക ശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പഠനാർത്ഥം ദാനം ചെയ്യും.