സിയാച്ചിനിൽ വൻ ഹിമപാതം; 3 സൈനികർക്കു വീരമൃത്യു

സിയാച്ചിനിൽ വൻ ഹിമപാതം; 3 സൈനികർക്കു വീരമൃത്യു

ശ്രീന​ഗർ: സിയാച്ചിൻ ബേസ് ക്യാംപിലുണ്ടായ വൻ ഹിമപാതത്തിൽ മൂന്ന് സൈനികർക്കു വീരമൃത്യു. ശിപായി മോഹിത് കുമാർ, അ​ഗ്നിവീർ നീരജ് കുമാർ ചൗധരി, അ​ഗ്നിവീർ ധാഭി രാകേഷ് ദേവഭായ് എന്നിവർക്കാണ് വീരമൃത്യു. അപകട സ്ഥലത്തു രക്ഷാപ്രവർത്തനം തുടരുന്നതായി സൈന്യം വ്യക്തമാക്കി.

മരിച്ച മൂന്ന് പേരും അഞ്ച് മണിക്കൂറോളം ഹിമപാതത്തിൽ കുടുങ്ങി. അപകടത്തിൽപ്പെട്ട ഒരു സൈനികനെ രക്ഷപ്പെടുത്തി.

നിയന്ത്രണ രേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ​ഗ്ലേസിയറിൽ ഹിമപാതങ്ങൾ സാധാരണമാണ്. ഇവിടെ താപനില മൈനസ് 60 ഡി​ഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. 2021ൽ രണ്ട് സൈനികർക്ക് ഹിമപാതത്തിൽ ജീവൻ നഷ്ടമായിരുന്നു. 2019ലും മറ്റൊരു വലിയ ഹിമപാതത്തിൽ 4 സൈനികർക്കും ജീവൻ നഷ്ടമായി.

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 ഉപജില്ലാ തല മത്സരം 13ന്

കെ പി എസ് ടി എ സ്വദേശ് മെഗാ ക്വിസ് – 2025 ഉപജില്ലാ തല മത്സരം 13ന്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്താനും, സാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, സ്വാതന്ത്ര്യ സമര ചരിത്രം മനസ്സിലാക്കുന്നതിനും വേണ്ടി കെ പി എസ് ടി എ അക്കാഡമിക് കൗൺസിൽ വർഷംതോറും നടത്തുന്ന സ്വദേശ് മെഗാ ക്വിസ് 2025 ന്റെ ഉപജില്ലാതല മത്സരം 13. 9. 2025 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും. എൽ പി, യു പി,എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. കിളിമാനൂർ ഉപജില്ലയിലെ മത്സരങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ഉപജില്ലാ ഭാരവാഹികൾ അറിയിച്ചു. കിളിമാനൂർ ഉപജില്ലാതല മത്സരം സെപ്റ്റംബർ 13 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആർ ആർ വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്നതാണ്. എൽപി വിഭാഗത്തിൽ നിന്നും ഒരു കുട്ടിക്കും, യുപി, എച്ച്എസ്, എച് എസ്‌ എസ് വിഭാഗത്തിൽ നിന്നും രണ്ടു കുട്ടികൾക്കും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ നടപടികൾ ഉച്ചക്ക് 1.30 ന് ആരംഭിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
8129252570
9744341048

ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും ജല രാജാക്കൻമാർ

ഉത്രട്ടാതി വള്ളംകളി; മേലുകരയും കൊറ്റത്തൂരും ജല രാജാക്കൻമാർ

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജല രാജാക്കൻമാരായി മേലുകരയും കൊറ്റത്തൂരും. ഫൈനലിൽ എ ബാട്ടിൽ മേലുകര പള്ളിയോടവും ബി ബാച്ചിൽ കൊറ്റത്തൂർ- കൈതക്കോടി പള്ളിയോടവും വിജയികളായി.

അതിനിടെ കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലിൽ പങ്കെടുക്കാതെ മടങ്ങി. പ്രതിഷേധിച്ചാണ് മടക്കം. സമയ നിർണയത്തിൽ അപാകതയുണ്ടെന്നു പരാതി ഉന്നയിച്ചാണ് മടക്കം.

സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ബി സുദര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്റെ വിജയം.

767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ 452 വോട്ട് നേടി. മറുവശത്ത് 300 വോട്ടുകളാണ് സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് രാവിലെ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ഝാർഖണ്ഡ്‌ ഗവർണർ സ്ഥാനത്തു നിന്നാണ് സിപി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്.

ലഹരി മരുന്ന് വില്‍പ്പന, ബുള്ളറ്റ് ലേഡി ബംഗളൂരുവില്‍ അറസ്റ്റില്‍, ലഹരി കേസില്‍ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍

ലഹരി മരുന്ന് വില്‍പ്പന, ബുള്ളറ്റ് ലേഡി ബംഗളൂരുവില്‍ അറസ്റ്റില്‍, ലഹരി കേസില്‍ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍

കണ്ണൂര്‍: ലഹരി മരുന്ന് വില്‍പ്പന നടത്തിയതിന് ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂര്‍ സ്വദേശി നിഖിലയെ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ലഹരി കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായാണ് യുവതിയെ കരുതല്‍ തടങ്കലിലാക്കുന്നത്.

പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലില്‍ വയ്ക്കാം. ഈ വര്‍ഷം ഫെബ്രുവരിയില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 2023ല്‍ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നതുകൊണ്ട് നിഖില,’ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരള പൊലീസിന്റെയും ബംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സതീഷും സംഘവുമാണ് ഒളിവില്‍ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ് ചെയ്തത്.