by Midhun HP News | Sep 10, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,130 രൂപയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമായത്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു.
ഇന്നലെ രാവിലെ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ 50 രൂപ വര്‍ധിച്ച്, ഗ്രാമിന് 10,000 രൂപ കടന്നു. പവന് 80,880 രൂപയായിരുന്നു ഇന്നലത്തെ വില.
by Midhun HP News | Sep 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പൊലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളില്‍ നിന്ന് തന്നെയാണ് മാല കിട്ടിയത്. മാല വീടിനു പുറത്ത് വേസ്റ്റ് കൂനയില്‍ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്. ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് തന്നെ കൊണ്ടെത്തിച്ചുവെന്ന് ബിന്ദു പറഞ്ഞു.
‘ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലില്‍ സന്തോഷം എന്ന് പറയാന്‍ പറ്റില്ല. സ്റ്റേഷനില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കാന്‍ പറ്റില്ല. അതാണ് എന്നെ വല്ലാതെ തളര്‍ത്തുന്നത്. ആ കുറ്റം എന്റെ തലയില്‍ വെച്ചുകെട്ടാന്‍ പൊലീസ് കുറേ ശ്രമിച്ചു. ചെയ്യാത്തൊരു തെറ്റാകുമ്പോള്‍ എന്തായാലും സത്യം പുറത്ത് വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഓമന ഡാനിയല്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല.
ഞാന്‍ മൂന്ന് ദിവസമാണ് ആ വീട്ടില്‍ ജോലിക്ക് പോയത്. പക്ഷെ മാല കിട്ടിയില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്നെ ജയിലിലേക്ക് കൊണ്ടുപോയേനെ. മാല കിട്ടിയെന്ന് പൊലീസ് പറഞ്ഞില്ല. ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് എന്നെ കൊണ്ടെത്തിച്ചു,’ ബിന്ദു പറഞ്ഞു.
ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു.
രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.
പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്.
പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തുകൾ നടത്തിയത്.
by Midhun HP News | Sep 9, 2025 | Latest News, ജില്ലാ വാർത്ത
വർക്കല ഞെക്കാട് ഹൈസ്കൂളിന് സമീപത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയായ വർക്കല വെട്ടൂർ ചാലക്കര വീട്ടിൽ 58 വയസ്സുള്ള അബ്ദുൽ റഫൂഫാണ് മരിച്ചത്. ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഡ്യൂക്ക് ബൈക്കിൽ എത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് എതിരെ വന്ന മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടിയുമായി കൂട്ടിയിടിച്ചത്. ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന ആറ്റിങ്ങൽ ആലംകോട് സ്വദേശി ചരുവിള പുത്തൻ വീട്ടിൽ 21 വയസ്സുള്ള ദീപകിൻ്റെ വലതു കൈ ഒടിഞ്ഞു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ചികിത്സയിൽ തുടരുന്നു.
by Midhun HP News | Sep 9, 2025 | Latest News, കേരളം
കൊല്ലം: ശാസ്താംകോട്ടയില്‍ സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ് അഞ്ജന.
ഇന്ന് രാവിലെ 9.45ന് ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിലാണ് അപകടം. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്‌കൂള്‍ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്.
by Midhun HP News | Sep 9, 2025 | Latest News, ദേശീയ വാർത്ത
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും യുവാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കലാപമായ നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ വീട് പ്രക്ഷോഭകര്‍ കത്തിക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബെ, മന്ത്രിമാരായ ദീപക് കഡ്ക, പൃഥ്വി സുബ്ബ ഗുര്‍ഗ എന്നിവരുടെ വീടുകളും കത്തിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രിമാരുടെ വീടുകള്‍ക്കും നേരെ തീവയ്പ്പും കല്ലേറുമുണ്ടായി. സമരക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. പ്രധാനമന്ത്രി കെപി ശര്‍മ ഒലി ദുബായിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേപ്പാള്‍ സര്‍ക്കാരിനുനേരേ ‘ജെന്‍ സീ വിപ്ലവം’ എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. തിങ്കളാഴ്ച സുരക്ഷാ സേന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ അക്രമാസക്തമായി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട പൊലീസ് വെടിവെപ്പില്‍ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു.
Recent Comments