by Midhun HP News | Sep 10, 2025 | Latest News, കായികം, ജില്ലാ വാർത്ത
എഷ്യാ കപ്പിനായുള്ള പോരാട്ടത്തിന്റെ വേദിയില്‍ ഇന്ത്യ ഇന്ന് പടയ്ക്കിറങ്ങും. ആതിഥേയരായ യുഎഇയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ടി20 മത്സരത്തില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കളത്തിലേക്കിറങ്ങുന്നത്. ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പ് കൂടുയാണ് ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിലേക്ക് വൈസ് ക്യാപ്റ്റനായി ശുഭ്മാൻഗില്ലും തിരിച്ചെത്തിയിട്ടുണ്ട്. അഭിഷേക് ശർമയ്‌ക്കാെപ്പം ഗില്ലായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാൻ എത്തുക. തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ്മ, ഹാർദിക് പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയില്‍ എത്തുക.ടീമിലിടം പിടിച്ച സഞ്ജു സാംസണ്‍ അവസാന പതിനൊന്നില്‍ ഇടം പിടിയ്ക്കാൻ സാധ്യത കുറവാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മൂന്ന് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ കളിക്കാൻ ഇറങ്ങുക. അങ്ങനെയാണെങ്കില്‍ അക്‌സർ പട്ടേല്‍ കുൽദീപ് യാദവ് വരുൺ ചക്രവർത്തി എന്നിവര്‍ ടീമിലിടം പിടിയ്ക്കും.ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെ ഒരു പരമ്പരയില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് യുഎഇ ഇന്ത്യയ്ക്കെതിരെ കളത്തേലേക്കിറങ്ങുന്നത്.
സാധ്യതാ ടീം ഇന്ത്യ: അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
യുഎഇ: മുഹമ്മദ് വസീം (ക്യാപ്‌റ്റൻ), അലിഷാൻ ഷറഫു, രാഹുൽ ചോപ്ര, ആസിഫ് ഖാൻ, മുഹമ്മദ് ഫാറൂഖ്, ഹർഷിത് കൗശിക്, മുഹമ്മദ് സൊഹൈബ്, മുഹമ്മദ് ജവാദുള്ള, ഹയ്‌ദെർ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് റോഹിദ്.
by Midhun HP News | Sep 10, 2025 | Latest News
കൊച്ചി: ലക്ഷദ്വീപില്‍ ഇനി തേങ്ങ പറിക്കാനും നിയന്ത്രണം. ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലെ റോഡുകള്‍ക്ക് സമീപത്തുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിയ്ക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അനുമതി വാങ്ങണം എന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കുടിയായ ഡെപ്യൂട്ടി കളക്ടര്‍ മുകുന്ദ് വല്ലഭ് ജോഷിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കുന്നത് തടയുക എന്നതാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമന്നെും ഉത്തരവില്‍ പറയുന്നു. ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗതമായ തൊഴില്‍ മേഖലയും പ്രാഥമിക ഉപജീവനമാര്‍ഗ്ഗവുമാണ് തെങ്ങ് കൃഷി. ദ്വീപുകളില്‍ നിരവധി പൊതുവഴികള്‍ ഉള്ളതിനാല്‍, ധാരാളം തെങ്ങുകള്‍ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും.
തേങ്ങ പറിക്കുന്നതിന് കൂടുതല്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. തെങ്ങ് കയറുന്ന വ്യക്തി അംഗീകൃത ക്ലൈംബിംഗ് ഗിയര്‍ (തെങ്ങുകയറ്റ ഉപകരണം) ഉപയോഗിക്കണം, താഴെയുള്ളവര്‍ ഹെല്‍മെറ്റുകള്‍/ഗ്ലൗസുകള്‍ ഉപയോഗിക്കണം. ഗതാഗതത്തിരക്ക്, സ്‌കൂള്‍ തുടങ്ങിയ സമയങ്ങളില്‍ തേങ്ങ പറിക്കാന്‍ പാടില്ല. തുറമുഖങ്ങളില്‍ കപ്പല്‍ എംബാര്‍ക്കേഷന്‍/ഡി-എംബാര്‍ക്കേഷന്‍ സമയങ്ങളിലും നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും ഉത്തരവ് പറയുന്നു. സുരക്ഷാ നടപടികളില്ലാതെ തേങ്ങ പറിയ്ക്കുന്നതും, ഇവ വീഴുന്നതും ഗതാഗതം തടസം ഉള്‍പ്പെടെ ഉണ്ടാക്കുന്നു എന്നും ഉത്തരവില്‍ പറയുന്നു. തേങ്ങറിയ്ക്കുന്നതിന് മുന്‍പ് ഒരുക്കേണ്ട സന്നാഹങ്ങളെ കുറിച്ചും ഉത്തരവില്‍ വിശദീകരിക്കുന്നുണ്ട്. മരങ്ങള്‍ക്ക് ചുറ്റും കുറഞ്ഞത് 10 മീറ്റര്‍ സുരക്ഷാ വലയം ഉറപ്പാക്കാണം. തേങ്ങ പറിക്കുന്ന സമയത്ത് ‘ഒരു സൂപ്പര്‍വൈസര്‍ നിലത്ത് ഇരിക്കണം, റോഡില്‍ നിരീക്ഷണം നടത്തണം. കാല്‍നടയാത്രികരെയും പാര്‍ക്കിങ്ങും നിയന്ത്രിക്കണം എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.
പൊതുവഴിയോട് ചേര്‍ന്നുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിക്കാന്‍ ഉദ്ദേശിക്കുന്ന ഉടമയോ കരാറുകാരനോ കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും പ്രദേശത്തെ എസ് എച്ച് ഒ, അസി. എന്‍ജിനീയര്‍ (റോഡ്), എല്‍പിഡബ്ല്യുഡി എന്നിവരെ അറിയിക്കണം. ഇവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ ജോലി തുടങ്ങാന്‍ സാധിക്കു എന്നും ഓഗസ്റ്റ് 28 ന് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നീക്കം ഇതിനോടകം വലിയ പ്രതിഷേധം ക്ഷണിച്ച് വരുത്തിക്കഴിഞ്ഞു. നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നാണ് പ്രധാന വിമര്‍ശനം. ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇതിനോടകം ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ക്ക് നിവേദനവും പ്രദേശവാസികള്‍ നല്‍കിക്കഴിഞ്ഞു.
അതേസമയം, ഒരാള്‍ പോലും തേങ്ങ വീണുണ്ടായ അപകടത്തില്‍ മരിച്ചിട്ടില്ലാത്ത ലക്ഷദ്വീപില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത് വിചിത്രമാണെന്ന് ലക്ഷദ്വീപ് ഡിസിസി പ്രസിഡന്റ് എം ഐ ആറ്റക്കോയ പറഞ്ഞു. വിചിത്രമായ ഉത്തരവ് അപകടം ഉണ്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. നിയന്ത്രണങ്ങള്‍ മൂലം ആളുകള്‍ തേങ്ങ പറിയ്ക്കുന്നത് നിര്‍ത്താന്‍ ഇടയാക്കും. ഇത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.
സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഉത്തരവെങ്കിലും ദ്വീപിലെ തൊഴില്‍ അവകാശത്തിന്മേലുള്ള കടന്നു കയറ്റം കൂടിയാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. നിയന്ത്രണങ്ങള്‍ തെങ്ങുകയറ്റ തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന് എന്ന് അഭിഭാഷകനായ അജ്മല്‍ അഹമ്മദ് ആര്‍ പറയുന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കൂടിയാലോചനയോ അഭിപ്രായം തേടലോ ഉണ്ടായിട്ടില്ലെന്നും അജ്മല്‍ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച തന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Sep 10, 2025 | Latest News, കേരളം
കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള സ്റ്റേ തുടരും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ടോള്‍ പിരിവ് അനുവദിക്കണമെന്നും, ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള നടപടി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സംസ്ഥാന റോഡുകളും പ്രാദേശിക റോഡുകളും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി തീരുന്നതു വരെ കാത്തിരിക്കാനാവില്ലെന്നും, ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ എന്തെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കൂ. അതിനുശേഷം ടോള്‍ പിരിക്കുന്നതില്‍ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. തൃശൂര്‍ ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. പാലിയേക്കര വിഷയത്തില്‍ ദേശീയപാത അതോറിറ്റിക്ക് നടപ്പാക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും, അതില്‍ എന്‍എച്ച്എയുടെ ഭാഗത്തു നിന്നും വ്യക്തത ലഭിച്ചിട്ടില്ലെന്നും കലക്ടര്‍ കോടതിയെ അറിയിച്ചു.
ഇടക്കാല ഗതാഗത കമ്മിറ്റിയുടെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ചിട്ടില്ലെന്നും, ഗതാഗതക്കുരുക്ക് തുടരുകയാണെന്നാണ് വ്യക്തമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. റോഡിലെ അറ്റകുറ്റപ്പണി പൂര്‍ത്തായശേഷം മതി ടോള്‍ പിരിവെന്നും കോടതി അഭിപ്രായപ്പെട്ടു. ടോള്‍ പിരിവിന് എന്താണ് ഇത്ര തിടുക്കമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ചശേഷം ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് പരിഗണിക്കാമെന്നും കോടതി സൂചിപ്പിച്ചു. തുടര്‍ന്ന് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റുകയാണെന്നും, അതുവരെ സ്‌റ്റേ തുടരുമെന്നും ഹൈക്കോടതി അറിയിച്ചു.
by Midhun HP News | Sep 10, 2025 | Latest News, കേരളം
കോട്ടയം: വട്ടിപ്പലിശക്കാര്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി 39 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. അനധികൃത പണമിടപാടുകാരെ ലക്ഷ്യമിട്ട് എറണാകുളം റെയിഞ്ച് ഡിഐജി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓപ്പറേഷന്‍ ഷൈലോക്ക് നടപ്പിലാക്കിയത്.
എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയം 9, ഇടുക്കി 5, എറണാകുളം റൂറല്‍ 4, ആലപ്പുഴ 4 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ഗവണ്‍മെന്റ് അംഗീകൃത ലൈസന്‍സോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പൊലീസിന്റെ നീക്കം. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി. 7 കാറുകള്‍, 13 ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ 26 വാഹനങ്ങള്‍, 62 മുദ്രപ്പത്രങ്ങള്‍, 8 പ്രോമിസറിനോട്ടുകള്‍, 86 ആര്‍ സി ബുക്കുകള്‍, റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍, പാസ്പോര്‍ട്ടുകള്‍, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളുമുള്‍പ്പെടെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.
കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ കമാല്‍ എ. എന്നയാളുടെ വീട്ടില്‍ നിന്നു മാത്രമായി അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച ഇരുപത് ലക്ഷത്തി ഏഴായിരത്തി നാനൂറ് രൂപ പൊലീസ് സംഘം കണ്ടെടുത്തു. ഇതിന് പുറമെ ഇയാളുടെ കൈവശമുണ്ടായിരുന്ന നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂവീലറുകളും ഗാന്ധിനഗര്‍ പൊലീസ് പിടിച്ചെടുത്തു.
കാഞ്ഞിരപ്പള്ളിയില്‍ എടക്കുന്ന വേങ്ങന്താനം പാലപ്രഭാഗത്ത് കണ്ണാമുണ്ടയില്‍ വീട്ടില്‍ സജിമോന്‍ തോമസ് എന്നയാളുടെ വീട്ടില്‍ നിന്നും അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച 93500 രൂപയും നിരവധി രേഖകളും പിടിച്ചെടുത്തു. പരിശോധനയില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി.
by Midhun HP News | Sep 10, 2025 | Latest News, ദേശീയ വാർത്ത
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഖത്തറിന്റെ സുരക്ഷാ സേനാംഗമാണ് കൊല്ലപ്പെട്ട ആറാമത്തെ വ്യക്തി.
ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍ രംഗത്തെത്തി. ‘ഭീരുത്വം നിറഞ്ഞ’ ഇടപെടല്‍ എന്നാണ് ആക്രമണത്തോട് ഖത്തര്‍ പ്രതികരിച്ചത്. ഇസ്രയേല്‍ ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന അമേരിക്കയുടെ വാദത്തെയും ഖത്തര്‍ തള്ളി. അമേരിക്കയില്‍ നിന്ന് മുന്‍കൂര്‍ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആക്രമണം ആരംഭിച്ച് 10 മിനിറ്റിനുശേഷമാണ് വാഷിങ്ടണില്‍ നിന്ന് കോള്‍ വന്നതായും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ വ്യക്തമാക്കി.
ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചും സൗദി അറേബ്യ, യുഎഇ തുടങ്ങി രാഷ്ട്രങ്ങളും രംഗത്തെത്തി. ഇസ്രായേല്‍ അതിന്റെ ക്രിമിനല്‍ നടപടികള്‍ തുടരുന്നത് അന്താരാഷ്ട്ര നിയമ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണം ഇത് നഗ്‌നവും ഭീരുത്വവുമായ പ്രവൃത്തിയാണെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രതികരിച്ചു.
പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം ഇസ്രയേല്‍ സ്വന്തം നിലയില്‍ കൈക്കൊണ്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. ആക്രമണം നടത്താനുളള തീരുമാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതാണ്, തന്റേതായിരുന്നില്ലെന്നും ട്രംപ് സമൂഹമാധ്യമം ആയ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
Recent Comments