by Midhun HP News | Oct 1, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ദുബൈയില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ യാത്രാ വിമാനത്തില്‍ അപകടം ഒഴിവാക്കിയത് ഇന്ത്യന്‍ വംശജനായ പൈലറ്റിന്റെ ഇടപെടല്‍. വിമാനം സഹപൈലറ്റ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ് അപകടം ഒഴിവാക്കിയത് ഇന്ത്യക്കാരനായ സ്മിത് മച്ചാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ വംശജനായ പൈലറ്റ് തടഞ്ഞതായി ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.ഫ്ലൈ ദുബായുടെ ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്. സഹപൈലറ്റ് പൈലറ്റിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന്റെ കാരണം വ്യക്തമല്ല. വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 180ഓളം ഇസ്രയേല്‍ യാത്രക്കാരും സുരക്ഷിതരാണ്. യാത്രക്കാര്‍ ഇസ്രയേലില്‍ തിരിച്ചെത്തിയ ശേഷം സുരക്ഷാ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിക്കും.

സംഭവത്തില്‍ സ്മിത് മച്ചാറെയും സഹപൈലറ്റിനെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ലഭ്യമായിട്ടില്ല. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം 2022 ജൂണ്‍ മുതല്‍ ഫ്ലൈ ദുബൈയുടെ ബോയിങ് 737 വിഭാഗത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചു വരികയാണ് സ്മിത് മച്ചാര്‍. അതിനുമുമ്പ് മുംബൈയിലെ സ്പൈസ് ജെറ്റില്‍ 11 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടെ സീനിയര്‍ കമാന്‍ഡറായും 2020 നവംബര്‍ മുതല്‍ മറ്റ് പൈലറ്റുമാരുടെ പരിശീലകനായും ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോയിങ് 737-800, 737 മാക്സ് 8, 9 എന്നീ വിമാനങ്ങളില്‍ 9,750 മണിക്കൂര്‍ വിമാനം പറത്തിയിട്ടുണ്ട്.


by Midhun HP News | Oct 1, 2026 | Latest News, കേരളം
പാലക്കാട്: മോഡലിങിന് പോകാന്‍ ആഗ്രഹിച്ചിരുന്നെന്നും ഇതിനു തടസ്സമാകുമെന്ന് കരുതിയതിനാലാണ് മക്കളെ കൊലപ്പെടുത്തിയതെന്നും മാതാവ് നിവേദ്യയുടെ മൊഴി. പഠിക്കാനും ആഗ്രഹിച്ചിരുന്നു. കുട്ടികളെ നോക്കേണ്ടതിനാല്‍ അതിനു കഴിഞ്ഞില്ലെന്നും മൊഴിയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

കുട്ടികള്‍ ഉള്ളത് സ്വതന്ത്രമായി ജീവിക്കുന്നതിന് തടസ്സമായതിനാലാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് നിവേദ്യ പൊലീസിന് നല്കിയ മൊഴി. കുട്ടികളേക്കുറിച്ചും ഭര്‍ത്താവിനേക്കുറിച്ചും പലരും അപവാദങ്ങള്‍ പറഞ്ഞിരുന്നെന്നും കുട്ടികള്‍ തന്റേതല്ലെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നെന്നും നിവേദ്യ പൊലീസിനോട് പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും നിവേദ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
ജോണ്‍ കുമാര്‍ – നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളത്തൊട്ടിയില്‍ മുക്കി കുട്ടികളെ കൊന്നത് താനാണെന്ന് നിവേദ്യ പൊലീസിനോട് സമ്മതിച്ചു. ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കായിരുന്നു എന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. നിവേദ്യ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെ ജോണ്‍ കുമാര്‍ എതിര്‍ത്തിരുന്നു. കൊലപാതകത്തിന് മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ നിവേദ്യയുടെ ഫോണ്‍ പൊലീസ് വിശദമായി പരിശോധിക്കും.

വിറകുവെട്ടു തൊഴിലാളിയായ ജോണ്‍കുമാറും കുടുംബവും രണ്ടുമാസം മുന്‍പാണ് കൂരാങ്കാട്ടില്‍ താമസത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോണ്‍കുമാര്‍ പണിക്കുപോയി. നിവേദ്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു മുന്‍വശത്ത് ചെറിയ പണികള്‍ ചെയ്തുകൊണ്ടിരുന്ന നിവേദ്യ ഏറെ നേരമായി കുട്ടികളുടെ ശബ്ദം കേള്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് അന്വേഷിച്ചെന്നാണ് ആദ്യം മൊഴിനല്‍കിയത്. സമീപവീടുകളിലുള്‍പ്പെടെ പോയി നോക്കിയെങ്കിലും കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് വീട്ടുമുറ്റത്തെ കുളിമുറിയില്‍ നോക്കിയപ്പോഴാണ് ഇരുവരും തൊട്ടിയിലെ വെള്ളത്തില്‍ ചലനമറ്റു കിടക്കുന്നതു കണ്ടതെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.


by Midhun HP News | Oct 1, 2026 | Latest News, കേരളം
കാസര്‍കോട്: കേരളത്തിന്റെ കടുത്ത എതിര്‍പ്പുകളും പ്രതിഷേധങ്ങളും മറികടന്ന്, മംഗളൂരുവിന് ദക്ഷിണ റെയില്‍വേയുമായുള്ള നൂറ്റാണ്ട് പഴക്കമുള്ള ബന്ധം ഇന്ന് പൂര്‍ണമായി അവസാനിക്കും. വ്യാഴാഴ്ച മുതല്‍ മംഗളൂരു മേഖല സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. മംഗളൂരു സ്വദേശികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് കീഴിലാകുന്നതോടെ മംഗളൂരു മേഖലയിലെ ഭരണം കുറച്ചുകൂടി എളുപ്പത്തിലാകും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിഭജനം പിന്‍വലിക്കാന്‍ റെയില്‍വേ വിസമ്മതിച്ചത്.
ബുധനാഴ്ചയോടെ റെയില്‍വേ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം മൈസൂരു ഡിവിഷന് കൈമാറി. സെപ്റ്റംബര്‍ 28, 29 തീയതികളില്‍ രണ്ടുദിവസത്തെ മേല്‍നോട്ടത്തിന് ശേഷം റെയില്‍വേ കണ്ട്രോളര്മാര് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതലയേറ്റെടുത്തു. ഭരണപരമായ കാര്യങ്ങളുടെ കൈമാറ്റം കൂടി പൂര്‍ത്തിയാകുന്നതോടെ നടപടികള്‍ പൂര്‍ണമാകും.
ഇന്നുമുതല്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ഉല്ലാള്‍ സ്റ്റേഷനിലേക്കുള്ള പാതയായിരിക്കും ദക്ഷിണ റെയില്‍വേയുടെ വടക്കന്‍ അതിര്‍ത്തി. ഓഗസ്റ്റ് 21നാണ് മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജങ്ഷന് ടെര്‍മിനലുകള്‍, ഗുഡ്സ് ഷെഡ്, മാര്‍ഷലിങ് യാര്‍ഡുകള്‍, ഏകദേശം 38 റൂട്ട് കിലോമീറ്റര്‍ പാത എന്നിവയെ ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്ന് വേര്‍പെടുത്തി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്.
2024ല്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും, കേന്ദ്രത്തിന്റെ പെട്ടെന്നുള്ള ഉത്തരവും ഏതാനും മണിക്കൂറുകള്‍ക്കകം വന്ന ഗസറ്റ് വിജ്ഞാപനവും സംസ്ഥാന സര്‍ക്കാരിനെയും ജനപ്രതിനിധികളെയും അമ്പരപ്പിച്ചു. ദക്ഷിണ കന്നഡ എംപി ബ്രിജേഷ് ചൗട്ടയുടെ വലിയ രാഷ്ട്രീയ വിജയമായാണ് കന്നഡ മേഖലയില്‍ ഇത് ആഘോഷിക്കപ്പെടുന്നത്. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സെപ്റ്റംബര്‍ 21ന് അവസാനവട്ട ശ്രമമെന്ന നിലയില്‍ എംപിമാര്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടെങ്കിലും 2014ന് ശേഷം സംസ്ഥാനത്ത് നടപ്പിലാക്കിയ റെയില്‍വേ വികസനങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.
റെയില്‍വേ മന്ത്രാലയത്തിന്റെ പിടിവാശി മലബാറിലെ റെയില്‍വേ യാത്രക്കാരുടെ കൂട്ടായ്മകളില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. വിഭജനം മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ മലബാറിലെ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ സംഘടനകള്‍ എം.പിമാരോട് ആവശ്യപ്പെട്ടു. റെയില്‍വേ മാപ്പ് പുനര്‍നിര്‍ണയിച്ചതോടെ പാലക്കാട് ഡിവിഷന് പ്രതിവര്‍ഷം 1,650 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. അതേസമയം, മലബാറില്‍ കൂടുതല്‍ ടെര്‍മിനല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാനും, ലഭ്യമായ സ്റ്റേഷനുകള്‍ ഉപയോഗിച്ച് വരുമാനം വര്‍ധിപ്പിക്കാനും ദക്ഷിണ റെയില്‍വേ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജീവനക്കാരെ പുനര്‍വിന്യസിച്ചു
പുനഃസംഘടനയുടെ ഭാഗമായി മംഗളൂരു ജങ്ഷനിലെ റണ്ണിങ് ക്രൂവിനെ ദക്ഷിണ റെയില്‍വേ കണ്ണൂര്‍, കോഴിക്കോട് സ്റ്റേഷന് ഡിപ്പോകളിലേക്ക് മാറ്റി. സെപ്റ്റംബര്‍ 23ലെ ഉത്തരവ് പ്രകാരം 10 സെറ്റ് ഗുഡ്സ് ട്രെയിന്‍ ക്രൂവിനെ കണ്ണൂരിലേക്കും 28 സെറ്റുകളെ കോഴിക്കോട്ടേക്കും മാറ്റി. കൂടാതെ 10 ട്രെയിന്‍ മാനേജര്‍മാരെ കണ്ണൂരിലേക്കും 9 പേരെ കോഴിക്കോട്ടേക്കും പുനര്‍വിന്യസിച്ചിട്ടുണ്ട്.
അവസാനിക്കുന്ന ചരിത്രബന്ധം
ഇന്ത്യന്‍ റെയില്‍വേയിലെ ചുരുക്കം ചില ‘ഡെഡ്-എന്‍ഡ്’ ടെര്‍മിനലുകളില്‍ ഒന്നാണ് മംഗളൂരു സെന്‍ട്രല്‍. ചരിത്രപ്രസിദ്ധമായ മദ്രാസ്-മംഗലാപുരം റെയില്‍വേ ലൈന്‍ ഔദ്യോഗികമായി അവസാനിച്ചിരുന്നത് ഈ സ്റ്റേഷനിലായിരുന്നു.
1907ല്‍ മദ്രാസ് റെയില്‍വേ കമ്പനിയാണ് മംഗളൂരു സെന്‍ട്രല്‍ (അന്ന് മംഗലാപുരം റെയില്‍വേ സ്റ്റേഷന്) തുറന്നത്. ‘മദ്രാസില്‍ നിന്ന് 550 മൈല്‍’ എന്ന് രേഖപ്പെടുത്തിയ ചരിത്രപരമായ നാഴികക്കല്ല് ഇന്നും ഈ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലുണ്ട്.
ബ്രിട്ടീഷ് മലബാറിനെയും ദക്ഷിണ കന്നഡയുടെ തീരദേശ ജില്ലകളെയും നേരിട്ട് മദ്രാസുമായി ബന്ധിപ്പിച്ചിരുന്ന ഈ പാത ഇരുപ്രദേശങ്ങളും തമ്മിലുള്ള വലിയ രീതിയിലുള്ള വ്യാപാര-സാംസ്കാരിക ബന്ധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

1915ല്‍ ‘കങ്കനാടി’ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ മംഗളൂരു ജങ്ഷന്, 1993ല്‍ കൊങ്കണ്‍ റെയില്‍വേ പാതയും 2007ല്‍ മംഗളൂരു-ബംഗളൂരു പാതയും പൂര്‍ത്തിയായതോടെയാണ് പ്രമുഖ ടെര്‍മിനലായി മാറിയത്. 2007ല്‍ മംഗളൂരു ജങ്ഷന് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്റ്റേഷന് 2023നും 2025നും ഇടയില്‍ വന്‍തോതില്‍ നവീകരിച്ചിരുന്നു.


by Midhun HP News | Oct 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) ഗണ്യമായി കുറഞ്ഞതിന് പിന്നാലെ, വരാനിരിക്കുന്ന തുലാവര്‍ഷത്തില്‍ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) സംസ്ഥാനത്ത് മഴലഭ്യതയില്‍ പ്രാദേശികമായ വലിയ വ്യത്യാസത്തിന് സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ സാധാരണയില്‍ കുറഞ്ഞ മഴ മാത്രമേ ലഭിക്കൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഉപദ്വീപില്‍ പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും. എന്നാല്‍ ഇത് സംസ്ഥാനത്തുടനീളം ഒരുപോലെ ആയിരിക്കില്ലെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. മണ്‍സൂണിനെ അപേക്ഷിച്ച് തുലാവര്‍ഷത്തിന്റെ സ്വഭാവം കൂടുതല്‍ പ്രവചനാതീതവും പ്രാദേശികവുമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും സഞ്ചാരപഥത്തെ ആശ്രയിച്ചായിരിക്കും കേരളത്തിലെ തുലാവര്‍ഷ ലഭ്യത. ഒന്നോ രണ്ടോ അനുകൂലമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടാല്‍ പോലും മഴയുടെ കണക്കുകള്‍ പൂര്‍ണമായും മാറിയേക്കാം.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 1,446.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെയും 2001ന് ശേഷമുള്ള നാലാമത്തെയും കുറഞ്ഞ കാലവര്‍ഷമായിരുന്നു ഇത്. അതിനാല്‍ തുലാവര്‍ഷ പ്രവചനം സംസ്ഥാനത്തിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഇതോടൊപ്പം, പകല്‍ സമയത്തെ താപനില സാധാരണ നിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കാന്‍ സാധ്യതയുണ്ട്. തുലാവര്‍ഷത്തില്‍ സാധാരണയായി ഉച്ചയ്ക്ക് ശേഷമോ രാത്രിയിലോ ആയിരിക്കും ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുക.




by Midhun HP News | Sep 30, 2026 | Latest News, കേരളം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ വൻ സംഘർഷം. മന്ത്രി ഒ.ജെ. ജെനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മെൻസ് ഹോസ്റ്റലിന് മുന്നിൽ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്ഥലത്ത് വേണ്ടത്ര പൊലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ ബിയർ കുപ്പികളും കല്ലുകളും എറിഞ്ഞത് എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസുകാർ കത്തുന്ന പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞു.
അതേസമയം, പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പറഞ്ഞു. കറന്റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ഹോസ്റ്റൽ വളപ്പിൽ യൂത്ത് കോൺഗ്രസുകാർ എറിഞ്ഞ പന്തങ്ങൾ വിദ്യാർഥികൾ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. കൂടുതൽ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ റോഡ് തടയുകയും ഫയർഫോഴ്സിനെ തടയുകയും ചെയ്തു. കറണ്ട് പുനഃസ്ഥാപിക്കാതെ തീയണക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. തുടർന്ന് ഫയർഫോഴ്സ് ഹോസ്റ്റലിന് പുറത്തുനിന്ന് വെള്ളമടിച്ച് തീയണക്കാൻ ശ്രമിക്കുകയാണ്. സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്
Recent Comments