ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉപയോഗിച്ച വെടിയുണ്ട; പൊലീസ് അന്വേഷണം

ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉപയോഗിച്ച വെടിയുണ്ട; പൊലീസ് അന്വേഷണം

കോഴിക്കോട്: ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒന്‍പതിനു ടൂറിസ്റ്റ് കേന്ദ്രം ജീവനക്കാരാണ് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിനു സമീപത്ത് വെടിയുണ്ട കണ്ടത്.

കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖല കൂടിയായതിനാല്‍, സംഭവത്തെ പൊലീസ് ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും അതിജീവിച്ച് 17 കാരന്‍

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസും അതിജീവിച്ച് 17 കാരന്‍

തിരുവനന്തപുരം: അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാന്‍ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങുന്നു. ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. വിദ്യാര്‍ഥി പൂര്‍ണ ആരോഗ്യവാനാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയില്‍ കേരളം ഏറെ മുന്നിലാണ്. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളജിലെ മുഴുവന്‍ ടീമിനേയും രോഗം കൃത്യ സമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനേയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടന്‍ തന്നെ സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മര്‍ദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കല്‍ കോളേജില്‍ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആര്‍ഐ സ്‌കാനിംഗില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോള്‍ ആസ്പര്‍ജില്ലസ് ഫ്ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടര്‍ന്ന് രോഗം പൂര്‍ണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്നത്തിനൊടുവില്‍ കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി.

ഇത് ഏറെ സങ്കീര്‍ണമായ ഒരു അവസ്ഥയായിരുന്നുവെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശരിയായ രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞതും പിന്നീട് കൃത്യമായ സമയത്ത് ശസ്ത്രക്രിയകള്‍ ചെയ്തതും രോഗമുക്തിയില്‍ നിര്‍ണ്ണായകമായെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

എഐജിയുടെ വാഹനം ഇടിച്ച കേസ്; വിവാദമായതോടെ കാല്‍നട യാത്രക്കാരനെതിരായ എഫ്ഐആർ തിരുത്താന്‍ പൊലീസ്

എഐജിയുടെ വാഹനം ഇടിച്ച കേസ്; വിവാദമായതോടെ കാല്‍നട യാത്രക്കാരനെതിരായ എഫ്ഐആർ തിരുത്താന്‍ പൊലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ എഐജിയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പരിക്കേറ്റ കാല്‍നടയാത്രക്കാരന്റെ പേരില്‍ കേസെടുത്ത നടപടി തിരുത്താനൊരുങ്ങി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി നന്ദകുമാറിന്റെ സ്വകാര്യ വാഹനം ഇടിച്ചാണ് കാല്‍നടയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിക്ക് പരിക്കേറ്റത്. തലയ്ക്കും മുഖത്തും തോളിലും പരിക്കേറ്റ ഇയാള്‍ തിരുവല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച തിരുവല്ല പൊലീസ്, എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷം പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ കാൽനടക്കാരനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഓഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. ഡ്രൈവറെ രക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് ഇത്തരത്തിൽ ഒത്തുകളി നടത്തിയതെന്നാണ് ആക്ഷേപം ഉയർന്നത്. സംഭവം നടക്കുമ്പോൾ പത്തനംതിട്ട എസ്പി ആനന്ദ് അവധിയിലായിരുന്നു. കേസിന്റെ കാര്യം എസ്പിയെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

വർക്കലയിൽ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ മരിച്ചു

വർക്കലയിൽ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ മരിച്ചു

വർക്കല: ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ തൊഴിലാളി മരണമടഞ്ഞു. കാപ്പിൽ പടിഞ്ഞാറ്റത്ത് വീട്ടിൽ 35 വയസ്സുള്ള അവിവാഹിതനായ വിഷ്ണുവാണ് (35) മരിച്ചത്.
സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിനായി രാത്രിയിലും കാർപെന്ററി പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനിൽ നിന്നുണ്ടായ വൈദ്യുതി ഷോക്കേറ്റ് വിഷ്ണു കുഴഞ്ഞു വീണു.

സഹപ്രവർത്തകർ ഉടൻ പരവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ ജീവൻ നഷ്ടപ്പെട്ടിരുന്നു. അയിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു. ഓണത്തിരക്ക് കണക്കിലെടുത്താണ് വാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നത്. അപ്പ്രോച്ച് റോഡ്, പാലത്തിലെ ലൈറ്റ്, നടപ്പാതയിലെ കൈവരി എന്നിവയുടെയെല്ലാം നിർമ്മാണ പ്രവർത്തനങ്ങളിൽ ഇനിയും ജോലികൾ ബാക്കി കിടക്കുകയാണ്.