by Midhun HP News | Sep 2, 2025 | Latest News, കേരളം
തൊടുപുഴ: കോപ്പിയടിച്ചത് പിടികൂടിയതിനു വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാർഥിനികൾ കുടുക്കിയ കോളജ് അധ്യാപകന് 11 വർഷങ്ങൾക്കു ശേഷം നീതി. മൂന്നാർ ഗവ. കോളജിലെ എക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.

2014 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാർഥിനികളാണ് ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയിൽ നിന്നു സസ്പെൻഡ് ചെയ്തു. 3 വർഷം ജയിലിലും കിടക്കേണ്ടി വന്നു. അഡീഷണൽ ചീഫ് എക്സാമിനറായിരിക്കെയാണ് കോപ്പിയടിച്ചതിന് വിദ്യാർഥിനികളെ പിടികൂടിയത്. ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നായിരുന്നു ആനന്ദിന്റെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ആനന്ദ് നീതിക്കായി പോരാടിയത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായി ആരോപണമുണ്ടായിരുന്നു.


by Midhun HP News | Sep 2, 2025 | Latest News, കേരളം
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി തിരുവല്ല പൊലീസ്. പൊലീസ് ആസ്ഥാനത്തെ എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് പരിക്കേറ്റ അതിഥി തൊഴിലാളിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എഐജി വി ജി വിനോദ് കുമാറിന്റെ സ്വകാര്യ വാഹനമാണ് തിരുവല്ല എംസി റോഡില്‍ കുറ്റൂരില്‍ വെച്ച് അതിഥി തൊഴിലാളിയെ ഇടിച്ചത്.
ഓഗസ്റ്റ് 30 ന് രാത്രി 10.50നാണ് അപകടമുണ്ടായത്. എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷമാണ് കാല്‍നട യാത്രക്കാരനായ അതിഥി തൊഴിലാളിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. തിരുവനന്തപുരത്തു നിന്നും എഐജിയുടെ വാഹനം കുറ്റൂരിലേക്കുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

അതിഥി തൊഴിലാളിക്ക് തലയിലും മുഖത്തും തോളിലും പരിക്കേറ്റിരുന്നു. അപകടത്തില്‍ വാഹനത്തിന്റെ ബോണറ്റ്, വീല്‍ ആര്‍ച്ച് തുടങ്ങിയവയ്ക്ക് കേടുപാടുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു. പരിക്കേറ്റയാളെ പ്രതിയാക്കിയ നടപടി പൊലീസിനുള്ളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.


by Midhun HP News | Sep 2, 2025 | Latest News, കേരളം
ചേര്‍ത്തല: പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. പോക്‌സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.

കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു നടപടി. 12 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും ചേര്‍ത്തല പൊലീസില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. യുവതി ബന്ധുവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.


by Midhun HP News | Sep 2, 2025 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഈ മാസത്തെ ആദ്യത്തെ ന്യൂനമര്‍ദ്ദമാണിത്. നാളെയോടെ ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ബുധനാഴ്ച മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ 5.30ന് വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപപ്പെട്ടത്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ബുധനാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


by Midhun HP News | Sep 2, 2025 | Latest News, കേരളം
കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് നടപടി. ദുബൈയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ പോകണമെന്നു ആവശ്യപ്പെട്ട് സൗബിൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി.
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസാണ് യാത്രാനുമതി നിഷേധിക്കാനുള്ള കാരണം. കേസുമായി ബന്ധപ്പെട്ട് സൗബിൻ ഉൾപ്പെടെയുള്ളവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ കേസിലെ മറ്റ് പ്രതികൾ. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ സിറാജ് സിനിമയ്ക്കു വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകിയില്ലെന്നും പണമില്ലാതെ ഷൂട്ടിങ് മുടങ്ങുകയും നീണ്ടു പോകുകയും ചെയ്തുവെന്നാണ് നിർമാതാക്കളുടെ വാദിച്ചത്.


Recent Comments