by Midhun HP News | Aug 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കെ എ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം. മൂന്നു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും കെ എ പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി ആവശ്യപ്പെട്ടു.

ആക്ഷൻ കൗൺസിൽ അഭിഭാഷകനായ സുഭാഷ് ചന്ദ്രനെയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിനെയും പ്രതികരണങ്ങളിൽ നിന്നും വിലക്കണമെന്നും പോൾ ആവശ്യപ്പെടുന്നു. സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടാളികളും, കാന്തപുരം പോലുള്ള വ്യക്തികളും ഞങ്ങള്‍ പണം നല്‍കിയെന്ന് പറയുന്നു. ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും പറയുന്നു. എന്നാല്‍ അവരെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. അവരുമായി തനിക്ക് ഒരു ബന്ധവുമില്ല, അവരില്‍ നിന്ന് ഒരു ഡോളര്‍ പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന് മുമ്പാകെ കെ എ പോള്‍ അറിയിച്ചു.

ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പോളിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു.
തുടർന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡിലില്‍ കെ എ പോൾ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

by Midhun HP News | Aug 22, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് മുതലമടയിൽ 55 കാരനായ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മുച്ചക്കുണ്ട് ചമ്പംകുഴിയില്‍ താമസിക്കുന്ന വെള്ളയ്യന്‍ എന്ന 55 കാരനാണ് അതിക്രമത്തിന് ഇരയായത്. ഊര്‍ക്കുള വന മേഖലയിലെ ഫാം സ്റ്റേയിലെ ഉടമയാണ് മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. മുറിയുടെ വാതില്‍ തകര്‍ത്ത് വെള്ളയ്യനെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. അവശനിലയില്‍ കണ്ടെത്തിയ വെള്ളയ്യനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂലിപ്പണിക്കാരനാണ് വെള്ളയ്യന്‍. ഹോം സ്‌റ്റേയില്‍ തേങ്ങ പെറുക്കാന്‍ എത്തിയ വെള്ളയ്യന്‍ പറമ്പില്‍ വച്ച് മദ്യപിച്ചു എന്നാരോപിച്ച് ഫാംസ്റ്റേ ഉടമയുടെ നേതൃത്വത്തില്‍ വെള്ളയ്യനെ മര്‍ദിച്ചതും പൂട്ടിയിട്ടതും എന്നാണ് പരാതി. ആറ് ദിവസം വെള്ളയ്യനെ പൂട്ടിയിട്ടു എന്നാണ് ആക്ഷേപം.
ഫാം സ്റ്റേയിലെ മറ്റൊരു ജീവനക്കാരന്‍ പഞ്ചായത്ത് അംഗത്തെ അറിയിച്ചത് പ്രകാരമായിരുന്നു പൊലീസ് ഉള്‍പ്പെടെ എത്തി വെള്ളയ്യനെ മോചിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ പൂട്ടിയിട്ട മുറിയുടെ വാതില്‍ തകര്‍ത്താണ് പൊലീസ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്.

അഞ്ച് ദിവസം ഒരു നേരം മാത്രമായിരുന്നു വെള്ളയ്യന്‍ ഭക്ഷണം നല്‍കിയിരുന്നത് എന്ന് പഞ്ചായത്തംഗം ആരോപിച്ചു. മൂത്രമൊഴിക്കാന്‍ പോലും പുറത്തുവിട്ടില്ല. കണ്ടെത്തുമ്പോള്‍ വെള്ളയ്യന്‍ ഏറെ അവശന്‍ ആയിരുന്നു എന്നും പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.

by Midhun HP News | Aug 22, 2025 | Latest News, ജില്ലാ വാർത്ത
അമ്മയ്ക്ക് വേണ്ടി കുടുംബത്തെ ഉപേക്ഷിച്ച് ഗാന്ധിഭവനിൽ കഴിയുകയാണ് നടി ലൗലി ബാബു ഇപ്പോൾ. വാർധക്യ സഹജമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്ന അമ്മയ്ക്കൊപ്പം പത്തനാപുരം ഗാന്ധിഭവനിലാണ് ലൗലി താമസിക്കുന്നത്. അമ്മയെ ഉപേക്ഷിക്കണമെന്ന് ഭർത്താവ് വരെ തന്നോട് ആവശ്യപ്പെട്ടുവെന്നും പത്തനാപുരം ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ പങ്കുവച്ച വിഡിയോയിൽ ലൗലി പറയുന്നു.
ദ് ഗിഫ്റ്റ് ഓഫ് ഗോഡ്, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പ്രണയം, നാലു പെണ്ണുങ്ങൾ, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സിനിമകളിൽ ലൗലി അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമേ നാടകത്തിലും സീരിയയിലും സജീവമായിരുന്നു ലൗലി. സ്വന്തം വീട്ടിൽ ഭർത്താവിനും മക്കൾക്കും അമ്മ ഒരു ഭാരമാണെന്ന് തോന്നിയപ്പോൾ അഭിനയ ജീവിതം ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം ഗാന്ധിഭവനിൽ അഭയം തേടുകയായിരുന്നു ലൗലിയും.

ലൗലിയുടെ വാക്കുകൾ…
‘92 വയസുണ്ട് അമ്മയ്ക്ക്. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാകാനേ കഴിഞ്ഞുള്ളു. ആണും പെണ്ണുമായി ഞാൻ ഒറ്റ മോളാണ്. അമ്മയ്ക്ക് പ്രതീക്ഷ ഉണ്ടാവില്ലേ? ഇത് വലിയ ബുദ്ധിമുട്ടാണ്. ഇതിനെ ഓച്ചിറയിലോ ഗുരുവായൂരിലോ കൊണ്ടുപോയി കളയണമെന്ന് ഭർത്താവ് വരെ എന്നോട് പറഞ്ഞു. അതെനിക്കു വലിയ സങ്കടമായി.
അന്നു മുതൽ ഞാൻ അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ കൊണ്ടു പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേ? അമ്മയ്ക്ക് മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പിന്നെ ഞാൻ ആലോചിച്ചു.

ഞാൻ കൂടെ പോയാൽ അമ്മയ്ക്ക് സന്തോഷമാകും. നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന് ഞാൻ അമ്മയോടു പറഞ്ഞു. അപ്പോൾ നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വരാമെന്ന് അമ്മ പറഞ്ഞു. മക്കൾ രണ്ടു പേരും കൂടി ഇവിടെ വന്നു. അവർ അമ്മയെ കാണാതെ പോയി. മക്കളെ വളർത്തി. കൊച്ചുമക്കളെ പൊന്നുപോലെ വളർത്തി.
അവർ ഇവിടെ വന്ന് അമ്മയെ കാണാതെ പോയത് എനിക്ക് സഹിക്കാനായില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവരെന്ത്യേ എന്ന് അമ്മ ചോദിച്ചു. അവർ വരുമെന്നോർത്ത് വൈകുന്നേരം വരെ അമ്മ നോക്കിയിരുന്നു. പക്ഷേ, അവർ വന്നില്ല. വാർധക്യം ഒരവസ്ഥയാണ്. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്നു ചോദിക്കുന്നവരോട് ഗാന്ധി ഭവനുണ്ടാകുമെന്ന വിശ്വാസമാണുള്ളത്.’

by Midhun HP News | Aug 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് തിരുത്തി മൂന്നംഗ ബെഞ്ച്. ഡല്‍ഹിയിലെ മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി കോടതി സ്‌റ്റേ ചെയ്തു. തെരുവുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടണം. അക്രമകാരികളും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതുമായ നായകളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ചത്. തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കരുത്. അവയ്ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേകം സ്ഥലം ഒരുക്കണം. എബിസി നിയമങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊണ്ടുപോകുന്നതില്‍ നിന്ന് മുനിസിപ്പല്‍ അധികാരികളെ ഒരു വ്യക്തിയോ സംഘടനയോ തടയരുതെന്ന ഓഗസ്റ്റ് 11 ലെ ഉത്തരവിലെ നിര്‍ദ്ദേശം സുപ്രീം കോടതി ആവര്‍ത്തിച്ചു.

തെരുവുനായ വിഷയത്തില്‍ ദേശീയ തലത്തില്‍ നയം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് ഡല്‍ഹിയിലെ മാത്രം വിഷയമല്ല. പല സംസ്ഥാനങ്ങളിലും തെരുവുനായ വിഷയത്തില്‍ കേസുകളുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യം ദേശീയ തലത്തില്‍ പരിഗണിക്കേണ്ടതുണ്ട്. കേസില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നോട്ടീസ് അയക്കും. വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന സമാനമായ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഓഗസ്റ്റ് 11 ന് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അറിയിച്ചത്. തുടർന്ന് വിഷയം പരിഗണിക്കാനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ ജസ്റ്റിസ് പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.
by Midhun HP News | Aug 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റായ ‘കെ ഫോണ്‍’ 29 ഒടിടി പ്ലാറ്റ്‌ഫോമും 350ലധികം ഡിജിറ്റല്‍ ടിവി ചാനലുമടങ്ങുന്ന സേവനത്തിന് തുടക്കമിട്ടു. കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടിടി പ്ലാറ്റ്‌ഫോം നാടിന് സമര്‍പ്പിച്ചു. ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേ ബോക്സ് ടിവി തുടങ്ങിയ ഒടിടികള്‍ കെ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.


കെഫോണിലെ ഒടിടി പാക്കേജ് മാസ നിരക്കുകള്‍:
444 രൂപ- 4500 ജിബി ഡാറ്റ, 45 എംബിപിഎസ് ഇന്റര്‍നെറ്റ്, 23 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്നു മാസത്തേക്ക് 1265 രൂപ, ആറ് മാസത്തേക്ക്2398 രൂപ, ഒരു വര്‍ഷം 4529 രൂപ
599 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍, 55 എംബിപിഎസ് വേഗം, 4500 ജിബി ഇന്റര്‍നെറ്റ്. മൂന്ന് മാസം 1707 രൂപ, ആറ് മാസം 3235 രൂപ, ഒരു വര്‍ഷം 6110 രൂപ
799 രൂപ- 26 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. വേഗം 105 എംബിപിഎസ്, 4500 ജിബി ഡാറ്റ. മൂന്ന് മാസം 2277 രൂപ, ആറ് മാസം 4315 രൂപ, ഒരു വര്‍ഷം 8150 രൂപ
899 രൂപ- 65 എംബിപിഎസ് വേഗം. 4500 ജിബി ഇന്റര്‍നെറ്റ്, 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2562 രൂപ, ആറ് മാസം 4855 രൂപ, ഒരു വര്‍ഷം 9170 രൂപ
999 രൂപ- 155 എംബിപിഎസ് വേഗത, 4500 ജിബി ഇന്റര്‍നെറ്റ്. 29 ഒടിടി, 350ലധികം ഡിജിറ്റല്‍ ചാനല്‍. മൂന്ന് മാസം 2847 രൂപ, ആറു മാസം 5395 രൂപ, ഒരു വര്‍ഷം 10190 രൂപ

Recent Comments