അപകട ഭീഷണി ഉയർത്തിയ തെങ്ങ് മുറിച്ചുമാറ്റി

അപകട ഭീഷണി ഉയർത്തിയ തെങ്ങ് മുറിച്ചുമാറ്റി

മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിന്റെ സമീപം കുന്നുംപുറം വീട്ടിൽ കുഞ്ഞുമോന്റെ വീട്ടിനും, ഇലക്ട്രിക് കേബിളുകൾക്കും ഭീഷണിയായി പിഡബ്ല്യുഡി റോഡിൽ നിന്ന തെങ്ങ് മുറിച്ചുമാറ്റി. കാറ്റും മഴയും ഉള്ളപ്പോൾ ഭീതിയോടാണ് കൊച്ചു കുട്ടികൾ അടക്കമുള്ള ഈ കുടുംബം കഴിഞ്ഞിരുന്നത്. ഈ തെങ്ങ് മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി പരാതികൾ വീട്ടുകാർ നൽകിയെങ്കിലും യാതൊരുവിധ നടപടി ഉണ്ടായില്ല.

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, വി ശശി എംഎൽഎയുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയതിനെ തുടർന്ന്, എം എൽ എ പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തരമായി തെങ്ങ് മുറിച്ചു മാറ്റാൻ നിർദ്ദേശം നൽകി. തുടർന്നാണ് തെങ്ങ് മുറിച്ച് മാറ്റിയത്.

ന്യൂനമര്‍ദ്ദ പാത്തി: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത

ന്യൂനമര്‍ദ്ദ പാത്തി: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അലര്‍ട്ട് ഇല്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി നിലക്കൊള്ളുകയാണ്. അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയാണ് ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളിലും മഴ ലഭിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടക തീരത്ത് ഇന്നും (20/08/2025) ലക്ഷദ്വീപ് പ്രദേശത്ത് (21/08/2025 & 22/08/2025) തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘ഒരുമാസത്തിനിടെ പിടികൂടിയത് 17,000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ; എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ്

‘ഒരുമാസത്തിനിടെ പിടികൂടിയത് 17,000 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ; എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷാ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. 1613 സ്ഥാപനങ്ങളില്‍ നിന്നും 63 ലക്ഷം രൂപയുടെ പിഴ ഈടാക്കി. കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും.

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കും. ഓണക്കാലത്ത് സംസ്ഥാനത്ത് നിര്‍മ്മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അടുത്ത ആഴ്ച മുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കും. രാത്രികാല പരിശോധനയും ഉണ്ടാകും. തട്ടുകടകള്‍ കൂടി കേന്ദ്രീകരിച്ച് കര്‍ശന പരിശോധന ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മാര്‍ക്കറ്റുകള്‍, ഭക്ഷണ ശാലകള്‍, വഴിയോര ഭക്ഷണ ശാലകള്‍, ബേക്കിംഗ് യൂണിറ്റുകള്‍, കേറ്ററിംഗ് യൂണിറ്റുകള്‍ എന്നിവയ്ക്ക് പരിശോധനയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. ഭക്ഷ്യ എണ്ണകള്‍, നെയ്യ്, ശര്‍ക്കര, പാല്‍, പാലുല്‍പ്പന്നങ്ങള്‍, പായസം മിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപീകരിക്കുക.

ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരും മേഖലാ തലത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ജില്ലകളില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തും. ഓണം ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ ആസ്ഥാനത്ത് ഒരു സ്‌ക്വാഡ് രൂപീകരിക്കാനും നിര്‍ദേശം നല്‍കി.

ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാതെ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി സ്ഥാപനത്തില്‍ സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ ചെയ്യരുത്. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ നിയമാനുസൃതമായ ലേബല്‍ വ്യവസ്ഥകളോടെ മാത്രമേ വില്‍ക്കാന്‍ പാടുളളൂ. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമ നടപടികള്‍ കൈക്കൊളളുന്നതാണ്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ. വിപണിയില്‍ ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കള്‍ വില്‍പ്പന നടത്താന്‍ കച്ചവടക്കാര്‍ കൂടി ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.

കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

കരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് (KCL) ആവേശം പകർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം ഔദ്യോഗിക ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തു. കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നീല നിറത്തിലുള്ള ജേഴ്സി തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ടീം ഉടമ സുഭാഷ് മാനുവൽ, ക്യാപ്റ്റൻ സാലി സാംസൺ, വൈസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ഹെഡ് കോച്ച് റൈഫി വിൻസന്റ് ഗോമസ്, കോച്ചിങ് ഡയറക്ടർ സി.എം ദീപക് എന്നിവർ ചേർന്ന് പുറത്തിറക്കി.

ടീമിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ സഞ്ജു സാംസൺ നിർവഹിച്ചു. ​കെ.സി.എൽ വലിയൊരു കായിക മാമാങ്കമായി മാറിയെന്നും തിരക്കുകൾ ഒഴിഞ്ഞാൽ കേരള ക്രിക്കറ്റിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതൊരു ഉത്തരവാദിത്തമായി കാണുന്നുവെന്നും സഞ്ജു സാംസൺ പറഞ്ഞു.

​മോഹൻലാലിന്റെ സാന്നിധ്യവും പ്രിയദർശൻ ഫ്രാഞ്ചൈസി ഏറ്റെടുത്തതും കെ.സി.എല്ലിന് വലിയ പ്രചോദനമായെന്ന് ടീം ഉടമ സുഭാഷ് മാനുവൽ അഭിപ്രായപ്പെട്ടു. കൂടുതൽ യുവതാരങ്ങളെ കണ്ടെത്താനും വളർത്താനും ലീഗിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

“കേരള ക്രിക്കറ്റ് ലീഗ് (KCL) കേരളത്തിലെ ആറു ഫ്രാഞ്ചൈസികളുമായി മുന്നേറുകയാണ്. ഓരോ ഫ്രാഞ്ചൈസിക്കും അവരുടെ ജേഴ്സികളിൽ നാലു മുതൽ അഞ്ചു വരെ മെയിൻ ബ്രാൻഡുകൾക്കു മാത്രമാണ് പ്രധാന സ്ഥാനം അനുവദിക്കുന്നത്.

ബ്രാൻഡുകൾ ലീഗിനെയും ടീമുകളെയും പിന്തുണയ്ക്കുമ്പോൾ, അവർ സമൂഹത്തിനോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സാമൂഹിക ബ്രാൻഡുകളായി ജനങ്ങൾ കാണും. ഇതോടെ, അവരുടെ വിശ്വാസ്യതയും മൂല്യവും ഉയരും. ഇങ്ങനെ, യുവ പ്രതിഭകളെ ദേശീയവും അന്താരാഷ്ട്രവും തലങ്ങളിലേക്ക് വളർത്തുന്ന ഒരു വേദിയായി മാറുന്നതോടൊപ്പം, ബ്രാൻഡുകൾക്കും ദീർഘകാല മൂല്യം സൃഷ്ടിക്കുന്ന സമഗ്രമായൊരു “കമ്പ്ലീറ്റ് പാക്കേജ്” ആയി കെ.സി എൽ മാറും’ ‘ – സുഭാഷ് മാനുവൽ പറഞ്ഞു.

സഞ്ജുവിന്റെ സാന്നിധ്യം കെ.സി.എല്ലിന്റെ പ്രചാരം വർധിപ്പിക്കുമെന്നും സാംസൺ സഹോദരങ്ങളുടെ കൂട്ടുകെട്ട് ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും പരിശീലകൻ റൈഫി വിൻസന്റ് ഗോമസ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റെ ക്രിക്കറ്റ് രംഗം ഇപ്പോൾ മാറ്റത്തിൻ്റെ പാതയിലാണെന്ന് കോച്ചിങ് ഡയറക്ടർ സി.എം ദീപക് പറഞ്ഞു. ചടങ്ങിൽ ടീമിന്റെ മുഖ്യ സ്പോൺസർമാരായ റോയൽ എൻഫീൽഡ്, ഷെഫ് പിള്ള ആർസിപി ഗ്രൂപ്പ്, റെഡ്പോർച്ച് നെസ്റ്റ് ബിൽഡേഴ്സ്, സിംഗിൾ ഐഡി, ധോനി ആപ്പ്, ബീ ഇൻ്റർനാഷണൽ എന്നിവരെ ടീം ഉടമ സുഭാഷ് മാനുവൽ സദസ്സിന് പരിചയപ്പെടുത്തി.

“റോയൽ എൻഫീൽഡ് കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം പങ്കാളികളാകുന്നതിൽ അതിയായ ആവേശത്തിലാണ്. സാഹസികതയും കരുത്തും നിറഞ്ഞ ജീവിതശൈലിയാണ് റോയൽ എൻഫീൽഡ് പ്രതിനിധീകരിക്കുന്നത്. അതുപോലെ തന്നെ ബ്ലൂ ടൈഗേഴ്സ് കളിമൈതാനത്ത് ആവേശവും കരുത്തും പ്രകടിപ്പിക്കുന്നു.

കേരളത്തിലെ യുവതലമുറയിലെ സ്പോർട്സ് സ്‌പിരിറ്റിനെയും മോട്ടോർസൈക്കിൾ സംസ്കാരത്തെയും ഒരുമിച്ച് ആഘോഷിക്കുന്ന കൂട്ടുകെട്ടാണ് ഇത്. ഈ പങ്കാളിത്തം കേരളത്തിലെ അടിസ്ഥാന തലത്തിലുള്ള ക്രിക്കറ്റിന്റെ വളർച്ചക്കും പുതിയ തലമുറ പ്രതിഭകൾ ഉയർന്ന് വരുന്നതിനും വഴിതെളിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”- റോയൽ എൻഫീൽഡ് റീജിയണൽ ബിസിനസ്സ് ഹെഡ് സഞ്ജീവ് വക്കയിൽ പറഞ്ഞു.

​”കൊച്ചി ബ്ലൂ ടൈഗേഴ്സുമായുള്ള സഹകരണത്തിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. റെഡ്‌പോർച്ച് നെസ്റ്റിൻ്റെ അഭിനിവേശം, കൂട്ടായ പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത എന്നീ മൂല്യങ്ങൾ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നു. ഈ പങ്കാളിത്തത്തിലൂടെ പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും കളിക്കളത്തിന് പുറത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.”_ റെഡ്‌പോർച്ച് നെസ്റ്റ് മാനേജിംഗ് ഡയറക്ടർ ജോൺ ജെഫി ഡി’കോത്ത് പറഞ്ഞു.

​ഭക്ഷണം ആളുകളെ ഒരുമിപ്പിക്കുന്നതുപോലെയാണ് ക്രിക്കറ്റുമെന്ന് ആർസിപി ഗ്രൂപ്പ് സാരഥി ഷെഫ് പിള്ള പറഞ്ഞു. ഇരു മേഖലകളിലും കൂട്ടായ്മയും സന്തോഷവും കായികവീര്യവും ഒരുപോലെ നിറഞ്ഞുനിൽക്കുന്നതാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമാകുമോ?; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമാകുമോ?; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും.

വിവാഹ വാഗ്ദാനം നല്‍കി വേടന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന്‍ തന്നെ തെറ്റ് തുറന്നുസമ്മതിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്‌നേഹബന്ധത്തിലിരിക്കുന്ന സമയത്ത് നടന്ന ലൈംഗിക ബന്ധം വിള്ളലുണ്ടാകുമ്പോള്‍ എങ്ങനെ ബലാത്സംഗക്കുറ്റമാകുമെന്ന് കോടതി ചോദിച്ചു.

വേടനെതിരെ രണ്ടുസ്ത്രീകള്‍ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ സ്വന്തം കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന പരാതിക്കാരിയുടെ വാദം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. വാദം കേള്‍ക്കുന്നതുവരെ വേടന്റെ അറസ്റ്റ്് ഹൈക്കോടതി തടഞ്ഞു.