ട്രംപുമായി കൂടിക്കാഴ്ച, പിന്നാലെ അംഗരക്ഷകര്‍ പുടിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക്

ട്രംപുമായി കൂടിക്കാഴ്ച, പിന്നാലെ അംഗരക്ഷകര്‍ പുടിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക്

വാഷിങ്ടണ്‍: അലാസ്‌കയില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം 72കാരനായ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ അംഗരക്ഷകര്‍ക്ക് ഒരു പ്രത്യേക ചുമതല കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക് കൊണ്ടുപോകുക എന്നതായിരുന്നു അത്. വര്‍ഷങ്ങളായി പുടിന്റെ അംഗരക്ഷകര്‍ പിന്തുടരുന്ന സുരക്ഷാ നടപടിയാണിത്. പുടിന്റെ മലമൂത്ര വിസര്‍ജ്യത്തിന്റെ സാംപിളുകള്‍ വിദേശ രാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അസാധാരണമായ നടപടി.

ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ മിഖായേല്‍ റൂബിന്‍, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളില്‍ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്‌കേസുകളില്‍ മോസ്‌കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല.

2017 ല്‍ പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മുതല്‍ തുടരുന്ന നടപടിയാണിതെന്ന് ദി എക്‌സ്പ്രസ് യുഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2018 ല്‍ പുടിന്‍ വിയന്ന സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സുരക്ഷാ നടപടി നിലവിലുണ്ടായിരുന്നതായി ഫരീദ റുസ്തമോവ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും വര്‍ഷങ്ങളായി പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് വഴിതുറക്കുന്നതായിരുന്നു ട്രംപ്- പുടിന്‍ കൂടിക്കാഴ്ച. കരാറിലേക്കെത്തിയില്ലെങ്കിലും മൂന്നരവര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന നീക്കമാണ് അലാസ്‌കയില്‍ കണ്ടത്. യുക്രെയ്‌നും നാറ്റോ സഖ്യരാജ്യങ്ങളുമായി സംസാരിക്കുമെന്ന് കൂടിക്കാഴ്ചയ്്ക്ക് ശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു.

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

തിരുവനന്തപുരം: ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാമെന്നതാണ് വലിയ പ്രത്യേകത.

സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരെണ്ണത്തിന്റെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക. ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തൊടുപുഴ: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തിയ സുധീഷ് അമ്മയെ മര്‍ദിക്കുന്നത് കണ്ട പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുധിഷ് അച്ഛന്‍ മധുവിനെ മര്‍ദിച്ചത്.

മര്‍ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്നിരുന്ന മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൊടുപുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുധിഷ് നിലവില്‍ റിമാന്‍ഡിലാണ്.

നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പ്രകാരം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും സഹമന്ത്രി എന്നിവരുള്‍പ്പെടെയുള്ള ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടര്‍ച്ചയായി തടങ്കലില്‍ വച്ചാല്‍ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം.

അഴിമതി കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. 30 ദിവസം തുടര്‍ച്ചയായി കസ്റ്റഡിയില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യണം. തുടര്‍ന്ന് ഗവര്‍ണര്‍മാര്‍ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവര്‍ മന്ത്രിമാരല്ലാതാകും. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിക്കുക.

എന്നാല്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞാല്‍ വീണ്ടും ഈ സ്ഥാനത്ത് എത്താന്‍ മറ്റ് തടസ്സങ്ങള്‍ ഉള്ളതായി ഈ ബില്ലില്‍ പറയുന്നില്ല. നേതാക്കള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ബില്ലുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം.