കശ്മീരില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം; പത്തിലധികം പേര്‍ മരിച്ചതായി സംശയം

കശ്മീരില്‍ മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം; പത്തിലധികം പേര്‍ മരിച്ചതായി സംശയം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം. പത്തിലധികം ആളുകള്‍ മരിച്ചതായി സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കശ്മീരിലെ ചോസ്തി മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും സംസ്ഥാന ദുരന്തപ്രതികരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് തീര്‍ഥാടകരെ ഒഴിപ്പിക്കുകയാണ്. കിഷ്ത്വാറിലെ പ്രസിദ്ധമായ ചണ്ഡി മാതാ മച്ചൈല്‍ യാത്ര ആരംഭിക്കുന്നത് ചോസ്തിയില്‍ നിന്നാണ്. മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് പത്തു പേരെങ്കിലും മരിച്ചതായി സംശയിക്കുന്നതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

‘മച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റായ കിഷ്ത്വാറിലെ ചോസ്തിപ്രദേശത്ത് പെട്ടെന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്,’- ഡെപ്യൂട്ടി കമ്മീഷണര്‍ കിഷ്ത്വാര്‍ പങ്കജ് ശര്‍മ്മ പറഞ്ഞു.’ചോസ്തി പ്രദേശത്ത് വന്‍ മേഘവിസ്‌ഫോടനം ഉണ്ടായി, ഇത് ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. അധികൃതര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചു, രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. നാശനഷ്ടം വിലയിരുത്തലും ആവശ്യമായ രക്ഷാപ്രവര്‍ത്തന, മെഡിക്കല്‍ മാനേജ്‌മെന്റ് ക്രമീകരണങ്ങളും നടത്തിവരികയാണ്. സാധ്യമായ എല്ലാ സഹായവും നല്‍കും’- കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കുറിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമമായി നടത്താന്‍ പൊലീസ്, സൈന്യം, ദുരന്ത നിവാരണ ഏജന്‍സികള്‍ എന്നിവയോട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍ദേശിച്ചു.

‘കിഷ്ത്വാറിലെ മേഘവിസ്‌ഫോടനത്തില്‍ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൊലീസ്, സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു,’- മനോജ് സിന്‍ഹ പറഞ്ഞു.

ഇനി കുടുംബത്തെയും ഒപ്പം കൂട്ടാം; 5 മിനിറ്റ് കൊണ്ട് വിസ ; വൻ മാറ്റങ്ങളുമായി കുവൈത്ത്

ഇനി കുടുംബത്തെയും ഒപ്പം കൂട്ടാം; 5 മിനിറ്റ് കൊണ്ട് വിസ ; വൻ മാറ്റങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഫാമിലി വിസകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി കുവൈത്ത്. ഫാമിലി വിസിറ്റ് വിസകൾക്കുള്ള മിനിമം ശമ്പള നിബന്ധന ഒഴിവാക്കി.

ഇനി മുതൽ കുവൈത്തിൽ നിയമപരമായി താമസിക്കുന പ്രവാസികൾക്ക് ഫാമിലി വിസകളിൽ ബന്ധുക്കളെ നാട്ടിൽ നിന്നും കൊണ്ട് വരാനാകും. സർക്കാരിന്റെ പുതിയ തീരുമാനം പ്രവാസികൾക്ക് ഗുണകരമാകുമെന്ന് ജനറൽ റെസിഡൻസി വകുപ്പിലെ കേണൽ അബ്ദുൽ അസീസ് അൽ കന്ദരി വ്യക്തമാക്കി.

ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്ന ഒരു പ്രവാസിക്ക് കുറഞ്ഞത് 500 കുവൈത്ത് ദിനാർ ശമ്പളം വേണമെന്നായിരുന്നു മുൻ നിബന്ധന. ഇതോടെ സാധാരണ തൊഴിലാളികൾക്ക് അവരുടെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ട് വരാൻ സാധിച്ചിരുന്നില്ല. പുതിയ തീരുമാനം നടപ്പിലായതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കുടുംബത്തെയും ഒപ്പം കൂട്ടാൻ സാധിക്കും.

ഇതിനു പുറമെ വിസയുമായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങളും കുവൈത്ത് ഒഴിവാക്കിയിട്ടുണ്ട്. ഫാമിലി വിസയിൽ യാത്ര ചെയ്യണമെങ്കിൽ കുവൈത്ത് ദേശീയ വിമാന കമ്പനികളെ ആശ്രയിക്കണമെന്ന നിബന്ധന, യൂണിവേഴ്സിറ്റി ബിരുദ യോഗ്യത, കുടുംബസന്ദർശന വിസയുടെ കാലാവധി എന്നി നിബന്ധനകളിലാണ് ഇളവ് വരുത്തിയത്.

‘കുവൈത്ത് വിസ പ്ലാറ്റ്‌ഫോം’ വഴി കുടുംബ സന്ദർശന വിസകൾക്കും മറ്റ് വിസകൾക്കും അപേക്ഷകൾ നൽകാം. കൃത്യമായ വിവരങ്ങൾ ആണ് നൽകുന്നത് എങ്കിൽ അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഒപ്പം ഫാമിലി വിസിറ്റ് വിസയുടെ കാലാവധി ഒരു വർഷം വരെ പണം നൽകി നീട്ടാമെന്നും അധികൃതർ അറിയിച്ചു.

പാലിയേക്കര കേസില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പാലിയേക്കര കേസില്‍ ദേശീയപാത അതോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹി: പാലിയേക്കര ടോള്‍പ്ലാസ കേസില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലല്ലോയെന്ന് കോടതി ചോദിച്ചു. ടോള്‍ പിരിച്ചിട്ട് റോഡ് നന്നാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ദേശീയ പാത അതോറിറ്റിയോട് ആരാഞ്ഞു. ആംബുലന്‍സിന് പോലും പോകാന്‍ കഴിയാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കാണ് ഉള്ളതെന്ന് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് നാലാഴ്ചക്ക് നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്. ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ സഞ്ചരിച്ചപ്പോള്‍ നേരിട്ട് അനുഭവിച്ച ബുദ്ധിമുട്ട് ചീഫ് ജസ്റ്റിസ് ഗവായ് കോടതിയില്‍ വിശദീകരിച്ചു. ഒരു തവണ മാത്രമാണ് ആ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളത്. അന്ന് എസ്‌കോര്‍ട്ട് അകമ്പടി ഉണ്ടായിട്ടും പാലിയേക്കര ടോള്‍ പ്ലാസ കടക്കാന്‍ തന്റെ വാഹനം ബുദ്ധിമുട്ടിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ടോള്‍ പിരിച്ച ശേഷം എന്ത് കൊണ്ടാണ് റോഡ് നന്നാക്കാത്തത് എന്നും റോഡ് പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് എന്തിന് ടോള്‍ പിരിവ് തുടങ്ങിയെന്നും സുപ്രീം കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. നാല് ആഴ്ചത്തേയ്ക്ക് അല്ലേ ഹൈക്കോടതി ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്? അതിനിടയില്‍ ഗതാഗത കുരുക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ച് കൂടെയെന്നും ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറലിനോട് സുപ്രീം കോടതി ആരാഞ്ഞു. ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള പ്രശ്‌നത്തില്‍ എന്തിന് പൊതുജനം ബുദ്ധിമുട്ടണമെന്നും കോടതി ചോദിച്ചു.

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിന് കാരണം ആമ്പല്ലൂര്‍, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിലെ ബ്ലാക് സ്‌പോട്ടുകള്‍ കാരണമാണെന്ന് ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഇവിടങ്ങളിലെ സര്‍വ്വീസ് റോഡിലെ ഗതാഗത കുരുക്കും അടിപ്പാത, ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണങ്ങളും വൈകുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട് എന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറയുന്ന സ്ഥലങ്ങളെല്ലാം ടാള്‍ പ്ലാസയില്‍ നിന്ന് കിലോമീറ്ററുകളോളം അകലെയാണെന്ന് കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിനോദ് ചന്ദ്രന് വ്യക്തിപരമായിത്തന്നെ ഇവിടത്തെ വിഷയങ്ങള്‍ അറിയാവുന്ന ആളാണെന്നും, കേരളത്തില്‍ നിന്നുള്ള വ്യക്തിയാണെന്നും ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് വന്ന വ്യക്തിയാണെന്ന് സോളിസിറ്റര്‍ ജനറലും അഭിപ്രായപ്പെട്ടു.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കല്ലിയൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കല്ലിയൂര്‍ സ്വദേശി ബിന്‍സി (34) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുനിലിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിതകര്‍മ സേനാംഗമാണ് മരിച്ച ബിന്‍സി.

നിര്‍മ്മാണ തൊഴിലാളിയാണ് സുനില്‍. അയല്‍വീട്ടിലെ രാവിലെ കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് ബിന്‍സി രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരം അറിയിക്കുകയും ബിന്‍സിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി സുനില്‍ എത്തുമ്പോള്‍ ബിന്‍സി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും, ഇതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് സുനില്‍ പൊലീസിനോട് വെളിപ്പെടുത്തിയതെന്നാണ് വിവരം.

മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കൊല്ലത്ത് കണ്ടെത്തി; പ്രതികള്‍ പിടിയില്‍

മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കൊല്ലത്ത് കണ്ടെത്തി; പ്രതികള്‍ പിടിയില്‍

കൊല്ലം: മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലത്തുനിന്നാണ് പാണ്ടിക്കാട് സ്വദേശിയായ വിപി ഷമീറിനെ കണ്ടെത്തിയത്. പ്രതികളെയും പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് രാവിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം നാലായി.

കൊല്ലം തെന്മല ഭാഗത്തുനിന്നാണ് ഷമീറിനെ കണ്ടെത്തിയതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇന്നുതന്നെ ഷമീറിനെ കൊല്ലത്തുനിന്ന് പാണ്ടിക്കാട് എത്തിക്കും. തട്ടിക്കൊണ്ടുപോയ പ്രതികള്‍ ചാവക്കാട് സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്.

ഷമീറിന്റെ മോചനത്തിനായി പ്രതികള്‍ 1.6 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇന്നോവ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തായിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.