തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!; സുരേഷ് ​ഗോപി രാജിവെച്ച് വോട്ടർമാരോട് മാപ്പു പറയണം: വി ശിവൻകുട്ടി

തിരുവനന്തപുരം: തൃശ്ശൂരിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല.

നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് സുരേഷ് ​ഗോപി വോട്ടർമാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.

തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊള്ളണം. വി ശിവൻകുട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തൃശൂരിൽ നടന്നത് ജനാധിപത്യ കശാപ്പ്!

തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ബിജെപി ജനാധിപത്യത്തെ എത്ര നിസ്സാരമായാണ് കണ്ടിരിക്കുന്നതെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. വീട്ടുടമസ്ഥർക്ക് പോലും അറിയാൻ കഴിയാത്ത രീതിയിൽ അവരുടെ മേൽവിലാസത്തിൽ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നു എന്നത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്നമായ ജനാധിപത്യ കശാപ്പാണ്.

ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്സഭാ അംഗമായി തുടരാൻ അർഹതയില്ല. അദ്ദേഹത്തിന് നാണവും മാനവും ഉണ്ടെങ്കിൽ ഉടൻതന്നെ എംപി സ്ഥാനം രാജിവെച്ച് വോട്ടർമാരോട് മാപ്പ് പറയണം.കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തിൽ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണ്. ഇത് അദ്ദേഹത്തിന്റെ ജാള്യത മറയ്ക്കാൻ വേണ്ടിയുള്ള ശ്രമമാണ്.

തൃശ്ശൂരിൽ നടന്ന ഈ തട്ടിപ്പ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവർ സമാനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്.

ഓരോ വോട്ടറും ജാഗ്രത പാലിക്കേണ്ട സമയമാണിത്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതം; പ്രമോദിന്റെ മൃതദേഹം കണ്ടെത്തി?

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതം; പ്രമോദിന്റെ മൃതദേഹം കണ്ടെത്തി?

കണ്ണൂര്‍: കോഴിക്കോട് സഹോദരിമാരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണാതായ സഹോദരന്‍ പ്രമോദിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി പുല്ലായി പുഴയില്‍ നിന്നാണ് അറുപതുകാരന്റെത് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരില്‍കണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സഹോദരനെ കാണാതാവുകയും ചെയ്തു. അവസാനമായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത് ഫറോക്ക് പാലത്തിലായിരുന്നു. തുടര്‍ന്ന് പ്രമോദ് ആത്മഹത്യ ചെയ്‌തെന്ന സംശയവും പൊലീസിനുണ്ടായിരുന്നു.

ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരുടെ മരണവിവരം പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് . ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ വെളുത്ത തുണി പുതപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രോഗബാധിതരായ സഹോദരിമാരെ ആരും നോക്കാനില്ലാതെ വന്നതോടെയാണ് ഇവരെ കൊലപ്പെടുത്താന്‍ പ്രമോദ് തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. വടക്കൻ ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ, കൊങ്കൺ & ഗോവ തീരങ്ങൾ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം. മത്സ്യത്തൊഴിലാളികളായ അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ കര്‍മല മാതാ എന്ന വള്ളമാണ് മറിഞ്ഞത്. അഴിമുഖത്തുവച്ചാണ് വള്ളം അപകടത്തില്‍പ്പെട്ടത്.

അഞ്ചുപേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു കൂടി പേരു ചേർക്കാം; നീട്ടി നൽകിയ സമയം ഇന്നവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു കൂടി പേരു ചേർക്കാം; നീട്ടി നൽകിയ സമയം ഇന്നവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. ഇന്നു വൈകീട്ട് അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാവുന്നതാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും www.sec.kerala.gov.in എന്ന വെബ്‌സൈറ്റോ നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനമോ സന്ദര്‍ശിക്കാവുന്നതാണ്. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തിൽ കൂടുതൽ അപേക്ഷകളാണ് വിവിധ മാറ്റങ്ങൾക്കായി നൽകിയത്. ഇതിൽ 27 ലക്ഷത്തിൽ കൂടുതൽ പേർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവരാണ്. ഈ മാസം 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും. കരട് പട്ടികയിൽ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തിൽ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.