കളഞ്ഞു കിട്ടിയ താലി തിരികെ ഏൽപ്പിച്ച് മാതൃകയായി ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ

കളഞ്ഞു കിട്ടിയ താലി തിരികെ ഏൽപ്പിച്ച് മാതൃകയായി ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർ

ആറ്റിങ്ങൽ: കളഞ്ഞു കിട്ടിയ താലി തിരികെ ഏൽപ്പിച്ച് മാതൃകയായി ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലറും സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽക്കമ്മിറ്റി അംഗവുമായ വീണ പി.എസ്. ഇക്കഴിഞ്ഞ ബുധനാഴ്ച ആറ്റിങ്ങൽ വെള്ളൂർക്കോണം ശാരിഭവനിൽ വർഷ വി.എസ് ന്റെ നാലുഗ്രാം തൂക്കമുള്ള സ്വർണ്ണ താലി സൂപ്പർമാർക്കറ്റിന് മുന്നൽവച്ച് നഷ്ടപ്പെട്ടത്. .

ഈ താലി വീണ പി.എസിന് റോഡൽ നിന്ന് കിട്ടുകയും സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എം പ്രദീപിനെ ഏൽപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം ഉടമയെ കണ്ടെത്തി താലി തിരികെ ഏൽപ്പിക്കുകയും ചെയ്തു. വീണ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗംകൂടിയാണ്.

ചിറ്റൂര്‍ പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

ചിറ്റൂര്‍ പുഴയില്‍ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തുര്‍ കര്‍പ്പകം കോളേജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. രാമേശ്വരം സ്വദേശി ശ്രീഗൗതം, കോയമ്പത്തുര്‍ സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. ചിറ്റൂര്‍ ഷണ്‍മുഖം കോസ് വേയിലാണ് അപകടം ഉണ്ടായത്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കോസ്‌വേയുടെ ഓവില്‍ കുടുങ്ങിയാണ് അപകടം. ഒഴുക്കില്‍പ്പെട്ട ശ്രീഗൗതമിനെ രക്ഷപ്പടുത്തി പുറത്തെത്തിച്ചെങ്കിലും ആശുപത്രിലെത്തിയപ്പോഴേക്കും മരിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് അരുണിനെ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീം ഉള്‍പ്പെടെ തിരച്ചിലിന്റെ ഭാഗമായി.

ഓപ്പറേഷൻ‌ സിന്ദൂർ; ‘പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു’; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ഓപ്പറേഷൻ‌ സിന്ദൂർ; ‘പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു’; സ്ഥിരീകരിച്ച് വ്യോമസേന മേധാവി

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനില്‍ ഉണ്ടാക്കിയ നാശ നഷ്ടങ്ങള്‍ വെളിപ്പെടുത്തി വ്യോമസേനാ മേധാവി. ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നാണ് എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്ങിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. ബംഗളൂരുവില്‍ പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ വ്യോമസേന അതിന്റെ ചരിത്രത്തില്‍ പ്രതിയോഗികള്‍ക്ക് ഉണ്ടാക്കിയ ഏറ്റവും വലിയ നാശനഷ്ടമാണ് ഓപ്പറേഷന്‍ സിന്ദൂറിലേതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ അറിയിച്ചു. അഞ്ച് യുദ്ധ വിമാനങ്ങള്‍, എലിന്റ് വിമാനമോ അല്ലെങ്കില്‍ ഒരു എഇഡബ്ല്യു & സി വിഭാഗത്തില്‍പ്പെടുന്ന ഒരു വലിയ വിമാനം (മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്) എന്നിവയാണ് വ്യോമസേന വെടിവച്ചിട്ടത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ ഷഹബാസ് ജേക്കബാദ് എയര്‍ഫീല്‍ഡിലെ ഒരു എഫ്-16 ഹാംഗര്‍ ഭാഗികമായി തകര്‍ക്കാന്‍ കഴിഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന വിമാനങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കാന്‍ ഇടയുണ്ട്. മുറിദ്, ചക്ലാല തുടങ്ങി രണ്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളിലും ആക്രമണം നടത്തി. എ16 എയര്‍ക്രാഫ്റ്റുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന ഇടമാണിത്. 80 മുതല്‍ 90 മണിക്കൂര്‍ വരെ നീണ്ടുനിന്ന ഒരു ഹൈടെക് ഇന്ത്യ – പാക് സംഘര്‍ഷം ഉണ്ടാക്കിയ നാശനഷ്ടങ്ങളാണ് പാകിസ്താനെ ചര്‍ച്ചകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് എന്നും വ്യോമ സേന മേധാവി അവകാശപ്പെട്ടു.

‘അതൊരു ഹൈടെക് യുദ്ധമായിരുന്നു. 80 മുതല്‍ 90 മണിക്കൂര്‍ വരെ നീണ്ടുനിന്ന യുദ്ധത്തില്‍, പാകിസ്ഥാനില്‍ വലിയ നാശം വിതയ്ക്കാന്‍ കഴിഞ്ഞു. ഇനിയും പ്രകോപനത്തിന് മുതിര്‍ന്നാല്‍ വലിയ വിലനല്‍കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡിജിഎംഒ തല ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ മുതിര്‍ന്നത്. ചര്‍ച്ചകള്‍ക്ക് താത്പര്യമുണ്ടെന്ന് സന്ദേശം ലഭിച്ചിരുന്നു എന്നും വ്യോമസേന മേധാവി അടിവരയിടുന്നു. ഇന്ത്യ – പാക് സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ ഇടപെട്ടിരുന്നു എന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശ വാദം ഒരിക്കല്‍ കൂടി തള്ളുന്നതാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. രാജ്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശത്രുത അവസാനിച്ചതെന്ന് ഇന്ത്യന്‍ വാദം ഉറപ്പിക്കുകയാണ് വ്യോമ സേനാ മേധാവിയും.

ഇന്ത്യയിലെ ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണായകമായെന്ന് വ്യോസേന മേധാവി പറഞ്ഞു. സൈനിക നീക്കങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയായിരുന്നു. ദൗത്യത്തിന് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ചുമത്തിയിരുന്നില്ല. ദൗത്യം ആസുത്രണം ചെയ്യാനും പ്രഹരത്തിന്റെ ശേഷി തീരുമാനിക്കാനും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നും വ്യോമസേന മേധാവി ചൂണ്ടിക്കാട്ടി.

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്തോളൂ; 20 ശതമാനം ഇളവ്, ‘റൗണ്ട് ട്രിപ്പ് ‘ പാക്കേജുമായി റെയില്‍വേ

റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്തോളൂ; 20 ശതമാനം ഇളവ്, ‘റൗണ്ട് ട്രിപ്പ് ‘ പാക്കേജുമായി റെയില്‍വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായി ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരേസമയം യാത്രയക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മടക്കയാത്രയിലെ നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കുന്നതാണ് ഓഫര്‍.

ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ രീതി നടപ്പാക്കുന്നത്. യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ഒരു നിശ്ചിത സമയത്തിനുള്ളില്‍ മടക്കയാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റിട്ടേണ്‍ ടിക്കറ്റിന്റെ നിരക്കില്‍ 20% കിഴിവ് ലഭിക്കും. ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും.

റെയില്‍വേയുടെ ബുക്കിങ് വെബ്സൈറ്റിലെ ‘കണക്റ്റിങ് ജേര്‍ണി ഫീച്ചര്‍’ വഴി 2025 നവംബര്‍ 17 നും 2025 ഡിസംബര്‍ 1 നും ഇടയില്‍ മടക്ക യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റില്‍ ഇളവ് ലഭിക്കുക. മാത്രമല്ല ആദ്യ യാത്ര 2025 ഒക്ടോബര്‍ 13 നും – 2025 ഒക്ടോബര്‍ 26 നും ഇടയിലുള്ള യാത്രാ കാലയളവിലും ആയിരിക്കണം.

യാത്രാ ടിക്കറ്റുകളും മടക്ക യാത്രാ ടിക്കറ്റുകളും ഒരാളുടെ പേരില്‍ തന്നെ ബുക്ക് ചെയ്യുകയും രണ്ട് ടിക്കറ്റുകളും ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ ടിക്കറ്റില്‍ ഇളവ് ലഭിക്കുകയുള്ളു. ഈ സ്‌കീമിന് കീഴിലുള്ള റിട്ടേണ്‍ ടിക്കറ്റ് ബുക്കിങ്ങിന് എആര്‍പി നിയമങ്ങള്‍ ബാധകമല്ല. 20 ശതമാനം ഇളവ് റിട്ടേണ്‍ യാത്രയുടെ അടിസ്ഥാന നിരക്കില്‍ മാത്രമായിരിക്കും.