പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് കേസ്.

ലോറി ഡ്രൈവറായ ഷജീര്‍, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മൃഗസ്‌നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഓണത്തിന് 2000 കർഷക ചന്തകൾ, സെപ്റ്റംബർ 1 മുതൽ 4 വരെ, പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവ്

ഓണത്തിന് 2000 കർഷക ചന്തകൾ, സെപ്റ്റംബർ 1 മുതൽ 4 വരെ, പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവ്

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ. പഞ്ചായത്ത്- കോർപ്പറേഷൻ- മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി എഫ് പി സി കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

കർഷകരിൽ നിന്ന് 10 ശതമാനം അധിക വില നൽകി പച്ചക്കറികൾ സംഭരിച്ച്, പൊതുവിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20 ശതമാനം അധികവില നൽകി സംഭരിക്കും. ഇവ വിപണി വിലയേക്കാൾ 10 ശതമാനം കുറച്ച് വില്പന നടത്തും. ഇതിനായി 13 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരളഗ്രോ, ജൈവ ഉൽപ്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങൾ, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിൽപ്പനക്കായി കർഷകചന്തയിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.

വിപണികളിൽ ഓണത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളുടേയും ലഭ്യത ഉറപ്പാക്കുന്ന വിധമായിരിക്കും സംഭരണ ക്രമീകരണങ്ങൾ ഒരുക്കുക. കഴിഞ്ഞ വർഷം 1,956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ രണ്ടു ട്രെയിനുകള്‍ റദ്ദാക്കി, മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ രണ്ടു ട്രെയിനുകള്‍ റദ്ദാക്കി, മൂന്നു ട്രെയിനുകള്‍ വൈകിയോടുന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ടു ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട്- എറണാകുളം മെമു, എറണാകുളം – പാലക്കാട് മെമു എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. പെരിയാറിന് കുറുകേയുള്ള മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.

മൂന്നു ട്രെയിനുകള്‍ വൈകിയോടുകയാണ്. ഇന്‍ഡോര്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ്, സെക്കന്തരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

അടുത്ത ഞായറാഴ്ച വരെ അറ്റകുറ്റപ്പണികള്‍ തുടരുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലെ പാലക്കാട്- എറണാകുളം മെമു, എറണാകുളം – പാലക്കാട് മെമു സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വരുന്ന നാലു ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ വൈകിയോടുമെന്നും അറിയിച്ചിട്ടുണ്ട്.

അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യില്ല, നിയമനടപടിക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്

അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം; പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യില്ല, നിയമനടപടിക്കൊരുങ്ങി സ്‌കൂള്‍ മാനേജ്‌മെന്റ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ്. റാന്നി നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂള്‍ യു.പി വിഭാഗം അധ്യാപിക ലേഖ രവീന്ദ്രന്റെ 13 വര്‍ഷത്തെ ശമ്പള കുടിശ്ശിക വിദ്യാഭ്യാസ ഓഫിസില്‍ നിന്ന് തടഞ്ഞുവെച്ചതില്‍ മനംനൊന്താണ് ഭര്‍ത്താവ് വിടി ഷിജോ കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

സംഭവത്തില്‍ വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നത്.

നിലവിലെ പ്രഥമാധ്യാപിക കഴിഞ്ഞ മേയ് 31നാണ് ചുമതലയേറ്റത്. അതിനുശേഷം ലേഖയുടെ മൂന്നുമാസത്തെ ശമ്പളം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളത് അംഗീകരിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് ഓഫിസാണ്. അതുകൊണ്ട് തന്നെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ ശമ്പള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചതെന്നാണ് സ്‌കൂള്‍ മാനേജറുടെ വാദം. വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജര്‍ ജോര്‍ജ് ജോസഫ് വ്യക്തമാക്കി.

എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വര്‍ഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ നല്‍കാനായിരുന്നു ഹൈക്കോടതി വിധി. കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ വന്ന വിധിയില്‍ രണ്ട് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഉത്തരവ് ഇറങ്ങിയത്. അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നല്‍കി. കുടിശ്ശിക കൂടി ലഭിക്കമെങ്കില്‍ ഡിഇ ഓഫീസില്‍ നിന്ന് ഒതന്റിഫിക്കേഷന്‍ നല്‍കണമായിരുന്നു. ഇതിനായി പലവട്ടം കത്ത് നല്‍കിയിട്ടും നടപടി വൈകിപ്പിച്ചെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അതേസമയം മരിച്ച ഷിജോ വി ടിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പില്‍ നടക്കും.

വോട്ടർപട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവസരം; ഇതുവരെ അപേക്ഷിച്ചത് 15.9 ലക്ഷം പേർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയിൽ പേരുചേർക്കുന്നതിന് നാളെ വരെ അവസരം. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ഓ​ഗസ്റ്റ്​ ഏഴു വരെ വോട്ടർപട്ടികയിൽ പേരുചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും(ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും(ഫോറം7) സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങിന്​ നേരിട്ട്​ ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത്​ സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി രജിസ്റ്റർചെയ്യുകയും അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.

ഓൺലൈൻ മുഖേന അല്ലാതെയും നിർദ്ദിഷ്ടഫാറത്തിൽ ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്.

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേരുൾപ്പെടുത്താൻ ഇതുവരെ 15,94,379 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. തിരുത്തലിന്‌ 7,406 അപേക്ഷയും വാർഡ്‌ മാറ്റാൻ 80,212 അപേക്ഷയും ലഭിച്ചു. പേര്‌ ഒഴിവാക്കാൻ 745 പേർ സ്വന്തമായി അപേക്ഷ നൽകി. 5,168 പേരെ ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇആർഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ്‌ നൽകി. 1,15,219 പേരെ നീക്കം ചെയ്യാൻ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ ഓൺലൈനായി അപേക്ഷ നൽകി. 30ന്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര്‌ ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.inൽ ഓൺലൈനായി അപേക്ഷിക്കാം.