വിദ്യാര്‍ത്ഥി യാത്രാനിരക്ക് കൂട്ടണം: ഗതാഗത മന്ത്രിയുമായി ഇന്ന് ചര്‍ച്ച; തീരുമാനം ഇല്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍

വിദ്യാര്‍ത്ഥി യാത്രാനിരക്ക് കൂട്ടണം: ഗതാഗത മന്ത്രിയുമായി ഇന്ന് ചര്‍ച്ച; തീരുമാനം ഇല്ലെങ്കില്‍ സമരമെന്ന് ബസുടമകള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ കാണും. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം 5 രൂപയാക്കണമെന്നാണ് ആവശ്യം. ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ തുടര്‍സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം.

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ നേരത്തെ ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബസുടമകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥി സംഘടനകളുമായും ഗതാഗത സെക്രട്ടറി ചര്‍ച്ച നടത്തി. എന്നാല്‍ ചാര്‍ജ് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ത്തതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ദീർഘ ദൂര പെർമിറ്റുകളും ലിമിറ്റഡ് സ്റ്റോപ് പെർമിറ്റുകളും യഥാസമയം പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ നേരത്തേ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജൂലായ് 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് അത് മാറ്റിവക്കുകയായിരുന്നു.

ഇന്ന് അതിതീവ്ര മഴ; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

ഇന്ന് അതിതീവ്ര മഴ; കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കണ്ണൂരും കാസര്‍കോടുമാണ് റെഡ് അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഈ ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പാണുള്ളത്.

മധ്യകേരളത്തില്‍ ശക്യമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. തമിഴ്നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ഉയര്‍ന്ന തോതില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.

മഴയ്‌ക്കൊപ്പം 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരപ്രദേശത്തും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ഏഴു വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തരകാശിയിലെ മിന്നല്‍ പ്രളയം: നൂറോളം പേര്‍ കുടുങ്ങിയതായി സംശയം, രക്ഷാദൗത്യം തുടരുന്നു; കൂടുതല്‍ സേന ധരാലിയിലേക്ക്

ഉത്തരകാശിയിലെ മിന്നല്‍ പ്രളയം: നൂറോളം പേര്‍ കുടുങ്ങിയതായി സംശയം, രക്ഷാദൗത്യം തുടരുന്നു; കൂടുതല്‍ സേന ധരാലിയിലേക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹര്‍ഷില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. കൂടുതല്‍ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി ധരായിലിലേക്കെത്തും. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഉത്തരകാശിയിലെ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാലുപേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ 9 സൈനികര്‍ അടക്കം നൂറോളം പേരെ കാണാതായതായാണ് സൂചന. മേഖലയില്‍ പലയിടത്തും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ഗംഗോത്രി തീര്‍ഥാടനപാതയിലെ പ്രധാന ഗ്രാമമായ ധരാലിയെ മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും പൂര്‍ണമായും തകര്‍ത്തു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ട്.

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വന്‍ മേഘവിസ്ഫോടനമുണ്ടായത്. ഇതിനു പിന്നാലെയാണ് സുഖി ടോപ്പില്‍ സൈനിക ക്യാംപിന് സമീപത്തായി വീണ്ടും മേഘവിസ്ഫോടനമുണ്ടായതായത്. മണ്ണിടിച്ചിലില്‍ ഹര്‍ഷീലിലുള്ള സൈനിക ക്യാംപ് തകര്‍ന്നാണ് 9 സൈനികരെ കാണാതായത്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന സ്ഥലത്തെ നിരവധി ഹോംസ്റ്റേകളും വീടുകളും ഹോട്ടലുകളും അടക്കം ഒഴുകിപ്പോയിട്ടുണ്ട്. പ്രളയത്തില്‍ പ്പെട്ട കെട്ടിടങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.

വർക്കലയിൽ വാഹനാപകടം, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം, സ്വകാര്യ ബസ് ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വാഹനാപകടം, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം, സ്വകാര്യ ബസ് ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ റെയിൽവേ സ്റ്റേഷന് സമീപം വാഹനാപകടം. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരനായ വൃദ്ധൻ മരിച്ചു. കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. 78 വയസ്സായിരുന്നു. റെയിൽവേയിൽ സീനിയര്‍ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്. വിജയൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് തട്ടിയാണ് അപകടം. പരിക്കേറ്റ വിജയനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന വ്യക്തികള്‍ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടി വരും. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. അമേരിക്കയുടെ പുതിയ നീക്കം വിസ അപേക്ഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക.

അനധികൃതമായി രാജ്യത്ത് തുടരുന്നവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ ഡോണൾഡ് ട്രംപ് സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് വിസ അപേക്ഷകർക്ക് ബോണ്ട് ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ നടത്തുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ബോണ്ട് ഏർപ്പെടുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പദ്ധതി നടപ്പാക്കുന്നതിന് 15 ദിവസം മുമ്പ് ഇത് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരുടെ കണക്കുകൾ അധികൃതർ പരിശോധിക്കും. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരിൽ കൂടുതൽ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയ ശേഷം ആ രാജ്യത്തിൽ നിന്നുള്ള അപേക്ഷകർക്കാകും ബോണ്ട് ഏർപ്പെടുത്തുക.

പദ്ധതി ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും നടപ്പിലാക്കുക. 5,000, മുതൽ 15,000 ഡോളറുകൾ വരെ ബോണ്ടായി ആവശ്യപ്പെടാനുള്ള പ്രത്യേക അധികാരം

കോൺസുലർ ഓഫിസർമാർക്ക് നൽകും. വിസയുടെ കാലാവധി അവസാനിക്കുന്നവർ നടപടി ക്രമങ്ങൾ പാലിച്ച് രാജ്യം വിടുമ്പോൾ ബോണ്ട് ആയി നൽകിയ പണം തിരികെ നൽകും. ഇനി വിസ നിയം ലംഘിച്ചാൽ പണം കണ്ടു കെട്ടുകെട്ടുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയിലെ യു എസ് എംബസി വിസ ഉടമകൾക്ക് കർശനമായ മുന്നറിയിപ്പുമായി രംഗത്ത് എത്തി. യു എസ് വിസയുടെ നിബന്ധനകളും അമേരിക്കയിൽ താമസിക്കുന്നതിനുള്ള അംഗീകൃത കാലയളവും മാനിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച പോസ്റ്റിൽ എംബസി പറയുന്നു. നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.