by Midhun HP News | Aug 4, 2025 | Latest News, ദേശീയ വാർത്ത
റാഞ്ചി: ഝാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറന്‍. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാര്‍ത്തയറിയിച്ചത്. ‘ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി’ എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാര്‍ത്ത എക്‌സിലൂടെ അറിയിച്ചത്. നിലവിൽ ജാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമാണ്. മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നാലു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എട്ടു തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ രാജ്യസഭ എംപിയായി. മൻമോഹൻ സിങ് മന്ത്രിസഭയിൽ അംഗമായിരുന്നു.
സന്താൽ സമുദായത്തിൽപ്പെട്ട ഷിബു സോറൻ അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന രാംഗഡ് ജില്ലയിൽ 1944ലാണ് ജനിച്ചത്. ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവ് എ.കെ. റോയിയുമായും കുർമി മഹാതോ നേതാവ് ബിനോദ് ബിഹാരി മഹാതോയുമായും ചേർന്ന് 1972ലാണ് ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. കഴിഞ്ഞ 38 വര്‍ഷമായി പാര്‍ട്ടിയെ നയിച്ചത്.
by Midhun HP News | Aug 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണത്തിന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്.
അഞ്ചാം തീയതി ഓണത്തിന് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Aug 4, 2025 | Latest News, കേരളം
കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയും കാമുകനും പിടിയില്‍. കുട്ടികള്‍ ഇല്ലാത്ത കടുങ്ങല്ലൂര്‍ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയത്. പൊലീസ് പിടിയിലായ ഇവരെ വിശദമായി ചോദ്യംചെയ്തതിലൂടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തുവന്നത്. കുഞ്ഞിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കാമുകനില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം ആലുവ സ്വദേശിയായ യുവതി മറ്റൊരാള്‍ക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍ നിന്നാണ് കളമശേരി പൊലീസ് കുട്ടിയെ കണ്ടെടുത്തത്. സംഭവത്തില്‍ അമ്മയെ ഒന്നാം പ്രതിയും ആണ്‍സുഹൃത്ത് ജോണ്‍ തോമസിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 26ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ച യുവതി അന്ന് തന്നെ പ്രസവിച്ചിരുന്നു. എന്നാല്‍ മാനഹാനി ഭയന്ന് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുഞ്ഞിനെ യുവതി അപായപ്പെടുത്തിയേക്കുമെന്ന് പൊലീസിനു രഹസ്യ വിവരം ലഭിച്ചതോടെ അന്വേഷണം നടത്തിയപ്പോഴാണ് മുപ്പതടത്തെ ഒരു ഫ്‌ലാറ്റില്‍ നിന്ന് യുവതിയേയും കാമുകനേയും പൊലീസ് കണ്ടെത്തിയത്.
by Midhun HP News | Aug 4, 2025 | Latest News, ദേശീയ വാർത്ത
സന: നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. മധ്യസ്ഥതയ്‌ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് കത്തില്‍ പറയുന്നു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്.
അറ്റോര്‍ണി ജനറലിന് തലാലിന്റെ സഹോദരന്‍ വീണ്ടും കത്തയച്ചതോടെ നിമിഷ പ്രിയയുടെ മോചനം സങ്കീര്‍ണമാകും. വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടു. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്.
ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടക്കാനിരിക്കെയാണ് അനിശ്ചിതമായി നീട്ടുവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നീട്ടിവയ്ക്കുന്നതില്‍ കാന്തപുരം എപി അബൂബക്കല്‍ മുസ്ലീയാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലുകളായിരുന്നു അതിന് ഇടയാക്കിയത്. എന്നാല്‍ തലാലിന്റെ കുടുംബം വീണ്ടും കത്തയച്ചോതോടെ മധ്യസ്ഥ ശ്രമം ഫലം കണ്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.
by Midhun HP News | Aug 4, 2025 | Latest News, കേരളം
പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയിൽ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചെരുവിൽ ഷിജോ വിടി (47) യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂങ്ങാംപാറ വനത്തിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഷിജോയുടെ മകനു ഈറോഡിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം ശരിയായിരുന്നു. ഇതിനു ആവശ്യമായ പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നു ബന്ധുക്കൾ പറയുന്നു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ.
ഷിജോയുടെ ഭാര്യ 12 വർഷമായി നാറാണംമൂഴിയിൽ എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. എന്നാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാനും ഉത്തരവായിരുന്നു. എന്നിട്ടും ഡിഇഒ ഓഫീസിൽ നിന്നു ശമ്പള രേഖകൾ ശരിയാകാത്തതിനെ തുടർന്നു ഇവർ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു.
തുടർന്നു ശമ്പളം നൽകാൻ മന്ത്രിയുടെ ഓഫീസിൽ നിന്നു രേഖകൾ ശരിയാക്കി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടി ഉണ്ടായില്ല.
സാമ്പത്തിക പ്രതിസന്ധി കാരണം മകന്റെ കോളജ് പ്രവേശനം മുടങ്ങിയതോടെ ഷിജോ ജീവനൊടുക്കിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനെതിരേയും ബന്ധുക്കൾ ആരോപണമുന്നയിച്ചു.
Recent Comments