by Midhun HP News | Sep 28, 2026 | Latest News
തിരുവനന്തപുരം: തകര്‍പ്പന്‍ ബാറ്റിങ്ങുമായി മുന്‍നിര തിളങ്ങിയ, ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം 50 പന്തുകള്‍ ശേഷിക്കേ ഇന്ത്യ മറികടന്നു. നായകന്‍ ശുഭ്മന്‍ ഗില്‍ (110), സൂപ്പര്‍ താരം വിരാട് കോഹ്‌ലി (139*) എന്നിവരുടെ ഉജ്ജ്വല സെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് -50 ഓവറില്‍ ഏഴിന് 295, ഇന്ത്യ- 41.4 ഓവറില്‍ രണ്ടിന് 300. ബുധനാഴ്ച ഗുവാഹത്തിയിലാണ് രണ്ടാം മത്സരം.
296 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 35 പന്തിൽ 32 റൺസെടുത്ത രോഹിത് പുറത്തായെങ്കിലും, പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് ഗിൽ ഇന്ത്യയെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 151 റൺസാണ് കൂട്ടിച്ചേർത്തത്.
74 പന്തുകളിലാണ് വിരാട് കോഹ്‌ലി തന്റെ 55-ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി. 315 മത്സരങ്ങളില്‍ നിന്നാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ പിന്നിലാക്കി കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിന് ഇറങ്ങുമ്പോള്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കോഹ്‌ലിക്ക് 59 റണ്‍സ് കൂടിയാണ് ആവശ്യമുണ്ടായിരുന്നത്. സച്ചിനു ശേഷം ഏകദിനത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് കോഹ്‌ലി. സച്ചിന്‍ 377 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയതെങ്കില്‍ 303 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഈ നാഴികക്കല്ല് പിന്നിട്ടത്. 88 പന്തുകളില്‍ നിന്ന് 139 റണ്‍സ് അടിച്ചുകൂട്ടിയ താരം പുറത്താകാതെ നിന്നു. 10 ഫോറും 9 സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്.
മറുഭാഗത്ത് മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 108 പന്തുകളില്‍ 13 ഫോറും ഒരു സിക്സും സഹിതം 110 റണ്‍സെടുത്ത് പുറത്തായി. 13 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്വാദ് കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു.
by Midhun HP News | Sep 28, 2026 | Latest News
തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 126 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടെണ്ണൽ സെപ്റ്റംബർ 29ന് നടക്കും.
മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് നഗരസഭാ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.
കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡുകളും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ, കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം, പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന എന്നിവടങ്ങളിൽ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കുന്നത്.
ഫാത്തിമ തഹ്ലിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിനായി ഫർസീന അറക്കലും എൽഡിഎഫിനായി ജംഷീന ടി.പിയും മത്സരിക്കുന്നു. ബിജെപിക്കായി കെ. ജിജിയും രംഗത്തുണ്ട്. രണ്ട് സ്വതന്ത്ര സ്ഥാനാർഥികളും ജനവിധി തേടുന്നുണ്ട്. കുറ്റിച്ചിറയിൽ മൂന്ന് പോളിങ് സ്റ്റേഷനുകളിലായി എട്ട് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
യുഡിഎഫ് സർക്കാരിന്റെ ആദ്യ മാസങ്ങളിലെ പ്രവർത്തനങ്ങളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണങ്ങളും ഉപതെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി. വൈദ്യുതി നിയന്ത്രണം, മന്ത്രിമാരുടെ വിദേശയാത്ര, മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് എൽഡിഎഫ് പ്രചാരണത്തിൽ ഉയർത്തിയത്.
പ്രിയദർശിനി പദ്ധതി, ആശാ പ്രവർത്തകരുടെ ഓണറേറിയം വർധന, വികസന പദ്ധതികൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം നടത്തിയത്. 38 വാർഡുകളിലെ ഫലം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ നേരിട്ട് മാറ്റമുണ്ടാക്കില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ജനവിധി എന്ന നിലയിൽ മുന്നണികൾ ഫലത്തെ വിലയിരുത്തും.
by Midhun HP News | Sep 28, 2026 | Latest News, കേരളം
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ രാജ്യമാകെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു) ആണ് താത്കാലികമായി സമരം മാറ്റിവെച്ചത് ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനു (ഐബിഎ) മായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്.
സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ ലഭിക്കും. ഇടപാടുകൾ, ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ബാങ്കുകൾക്ക് അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും. ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് കിട്ടിയതോടെയാണ് സമരം താത്കാലികമായി പിൻവലിച്ചത്.
മൂന്ന് ദിവസത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുകയെന്നതാണ് പ്രധാന ആവശ്യം. പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവെച്ചു. നേരത്തെ ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ഈ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നുവെങ്കിലും അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.
by Midhun HP News | Sep 27, 2026 | Latest News, കായികം
നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹൈ ജംപില്‍ ഇന്ത്യക്ക് വെള്ളി. ഇന്ത്യയുടെ സര്‍വേശ് കുശാരെയാണ് നേട്ടം സമ്മാനിച്ചത്. 2.25 മീറ്റര്‍ താണ്ടിയാണ് സര്‍വേശ് വെള്ളിയില്‍ എത്തിയത്. 2.25 താണ്ടി ചൈനീസ് തായ്‌പേയ് താരം ഫു ചോ ഹസ്വാനാണ് സ്വര്‍ണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയുടെ വു സംഗ്യോക്കിനാണ് വെങ്കലം.
2 വെങ്കലം കൂടി
ഏഷ്യന്‍ ഗെയിംസ് ഡെക്കാത്‌ലണില്‍ വെങ്കലം നേടി ഇന്ത്യ. പിന്നാലെ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഇന്ത്യയുടെ തേജസ്വിന്‍ ശങ്കറാണ് ഡെക്കാത്‌ലണില്‍ വെങ്കലം നേടിയത്. പരുള്‍ ചൗധരിയാണ് സ്റ്റീപ്പിള്‍ ചെയ്‌സില്‍ വെങ്കലം സമ്മാനിച്ചത്.
7,934 പോയിന്റുകള്‍ നേടിയാണ് തേജസ്വിന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ജപ്പാന്‍ താരം യുമ മരുയമയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ചെന്‍ സിനുവയ്ക്കാണ് വെള്ളി.
9:08.67 സമയത്തില്‍ ഫിനിഷ് ചെയ്താണ് പരുളിന്റെ വെങ്കലം. ബഹ്‌റൈന്‍ താരം വിന്‍ഫ്രെഡ് യവിയാണ് സ്വര്‍ണം നേടിയത്. കസാഖിസ്ഥാന്റെ നോറ ജെറുതോ തനുയിക്കാണ് വെള്ളി.
ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 37ല്‍ എത്തി. 4 സ്വര്‍ണം 16 വെള്ളി 17 വെങ്കലം മെഡലുകളാണ് നിലവില്‍ ഇന്ത്യയ്ക്കുള്ളത്. ആന്‍സിക്ക് വെള്ളി
വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം ആന്‍സി സോജന് നേരിയ വ്യത്യാസത്തില്‍ സ്വര്‍ണം. തുടരെ രണ്ടാം ഏഷ്യന്‍ ഗെയിംസിലും താരം വെള്ളി കൊണ്ട് തൃപ്തിപ്പെട്ടു. ഒന്നാം ശ്രമത്തില്‍ 6.49 മീറ്റര്‍ താണ്ടിയും അഞ്ചാം ശ്രമത്തില്‍ 6.53 മീറ്റര്‍ താണ്ടിയും ആന്‍സി മുന്നില്‍ നിന്നിരുന്നു. എന്നാല്‍ ആറാം ശ്രമത്തില്‍ ചൈനയുടെ ഹ്വങ് യിങ്യിങ് 6.55 മീറ്റര്‍ താണ്ടി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ താരം ഇത്തവണ അത് സുവര്‍ണ നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ നേരിയ വ്യത്യാസത്തില്‍ താരത്തിന് പോഡിയം ഫിനിഷ് നഷ്ടമായി.
200 മീറ്ററില്‍ വെങ്കലം
വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ ഹരിത ഭദ്രയാണ് മെഡല്‍ സമ്മാനിച്ചത്. താരം 23.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് മൂന്നാമതെത്തി മെഡലുറപ്പിച്ചത്. സിങ്കപ്പുരിന്റെ ശാന്തി പെരേരയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ചെന്‍ യുജിക്കാണ് വെള്ളി.



by Midhun HP News | Sep 27, 2026 | Latest News, കേരളം
കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് സുഹൃത്ത്. സംഭവത്തില്‍ കല്ലമ്പലം സ്വദേശി റെജിയെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഇടമുളക്കല്‍ സ്വദേശി ലിസിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ശനിയാഴ്ച അര്‍ധരാത്രിയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. വിവരമറിഞ്ഞയുടന്‍ അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി റെജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Recent Comments