by Midhun HP News | Aug 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യവകുപ്പ്. ഡിഎംഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഉപകരണം കാണാതായതും കേടുവരുത്തിയതും അടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കും. അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് നല്‍കി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.
ഉപകരണങ്ങളൊന്നും കാണാതായിട്ടില്ല എന്ന് യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ചിറക്കല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുളള അന്വേഷണവും നടക്കട്ടെയെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞിരുന്നു. ‘ഉപകരണങ്ങള്‍ സംബന്ധിച്ച് എല്ലാ വര്‍ഷവും ഓഡിറ്റിംഗ് നടക്കാറുളളതാണ്. ആരോഗ്യവകുപ്പ് മന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും ആശുപത്രിയില്‍ തന്നെയുണ്ട്. 14 ലക്ഷം രൂപയുടേതാണ് ഈ പറയുന്ന ഉപകരണം, ഹാരിസ് ചിറയ്ക്കൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. ഇക്കാര്യം മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും കളവ് പോയെന്നാണ് സംശയമെന്നും മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ പൊലീസില്‍ പരാതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
by Midhun HP News | Aug 2, 2025 | Latest News, കേരളം
നടന്‍ കലാഭവന്‍ നവാസിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. 51 കാരനായ നവാസ് ഇന്നലെയാണ് മരണപ്പെടുന്നത്. മിമിക്രി വേദികളിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലെത്തിയ താരമാണ് നവാസ്. സിനിമാ ലോകത്തും ടെലിവിഷന്‍ ലോകത്തുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. കരിയറില്‍ ശക്തമായൊരു തിരിച്ചുവരവിന് ശ്രമിക്കവെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്.
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനമറിയിച്ച് നടന്‍ ജയറാമും എത്തി. സോഷ്യല്‍ മീഡിയയില്‍ നവാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജയറാമിന്റെ പ്രതികരണം. ‘പ്രിയ സുഹൃത്തേ, ഒരുപാട് വേദനിപ്പിക്കുന്ന വേര്‍പാട്, പ്രണാമം’ എന്നായിരുന്നു ജയറാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇന്നലെ രാത്രിയോടെയാണ് നവാസ് മരണപ്പെടുന്നത്. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് പാക്ക് അപ്പ് ആയതോടെ വീട്ടിലേക്ക് തിരിച്ചു പോകുന്നതായി ഹോട്ടല്‍ മുറിയിലെത്തിയതായിരുന്നു താരം. രാത്രി 8.45 ഓടെ ഹോട്ടല്‍ ജീവനക്കാരാണ് നവാസിനെ മുറിയില്‍ വീണു കിടക്കുന്നതായി കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നവാസിന്റെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും. വൈകിട്ട് നാല് മണി മുതല്‍ അഞ്ചര വരെ ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ മൃതദേഹത്തിന്റെ പൊതുദര്‍ശനമുണ്ടാകും. അതേസമയം നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്.
നടന്‍ അബൂബക്കറിന്റെ മകനാണ് നവാസ്. ഭാര്യ രെഹ്നയും സിനിമാ നടിയാണ്. നടന്‍ നിയാസ് ബക്കര്‍ സഹോദരനാണ്. 1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. നായകനായും സഹനടനായെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ഡിറ്റക്ടീവ് ഉജ്ജ്വലനിലാണ് ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ നവാസിന്റെ മേക്കോവറും പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
by Midhun HP News | Aug 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വില വര്‍ധിച്ചു. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതാണ് കാരണം. ലിറ്ററിന് 65 രൂപയില്‍ നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കുമ്പോള്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 2 ലിറ്ററും മറ്റു കാര്‍ഡുകാര്‍ക്ക് ഒരുലിറ്റര്‍ വീതവും രണ്ട് പാദത്തിലെയും ചേര്‍ത്ത് ഈ മാസം അനുവദിച്ചിട്ടുണ്ട്.
by Midhun HP News | Aug 2, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: നാല് കിലോ കഞ്ചാവുമായി രണ്ടു പേർ കസ്റ്റഡിയിൽ. നാവായിക്കുളം വടക്കേ വയൽ ശാലി ഭവനിൽ വിജയമോഹനൻ നായർ (71), വെള്ളനാട് മാതളം പാറ എം.എസ് ഭവനിൽ ഉദയലാൽ (52 ) എന്നിവരാണ് പിടിയിലായത്. നാവായിക്കുളം മുമ്മൂലി പാലത്തി്ന് സമീപത്ത് നിന്നുമാണ് പ്രതികൾ പിടിയിലായത്. കേരള പോലീസിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി വ്യക്തികൾ പോലീസ് നിരീക്ഷണത്തിൽ ആണ്. ഈ നിരീക്ഷണ പ്രവർത്തനങ്ങൾക്ക് ഇടയിൽ ആണ് ഇവിടേക്ക് കഞ്ചാവ് കൊണ്ട് വരുന്നതായി സൂചന ലഭിച്ചത്.
പിന്തുടർന്ന് എത്തിയ പോലീസ് പ്രതികളെ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു. ഒറീസയിൽ നിന്നും ട്രെയിൻ മാർഗമാണ് രണ്ടു പക്കറ്റുകളിലായി കഞ്ചാവ് എത്തിച്ചത്. ചില്ലറ വില്പന ലക്ഷ്യമിട്ട് ആണ് പ്രതികൾ കഞ്ചാവ് കൊണ്ട് വന്നത്. കറുത്ത ബാഗിൽ ആക്കിയാണ് കഞ്ചാവ് സൂക്ഷീച്ചിരുന്നത്. സമാന കുറ്റ കൃത്യത്തിൽ നേരത്തെയും പിടിയിലായ വ്യക്തിയാണ് വിജയമോഹനൻ നായർ. കൂടിയ അളവിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പൊതികളാക്കി ആവശ്യക്കാർക്ക് വിൽക്കുന്നതാണ് പ്രതികളുടെ രീതി. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
by Midhun HP News | Aug 2, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരുമാസം കൊണ്ട് പച്ചക്കറികളുടെ വില 20 മുതല്‍ 60 ശതമാനം വരെയാണ് ഉയര്‍ന്നത്. വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറി വിലകള്‍ കൂടി ഉയര്‍ന്നതോടെ മലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റി.
ഉത്പാദനത്തിലെ കുറവാണ് പച്ചക്കറി വിലക്കയറ്റത്തിന് ഇടയാക്കിയത്. കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. ജൂലൈ ഒന്നിന് എറണാകുളത്തെ ചില്ലറ വിപണയില്‍ കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസം കൊണ്ട് 80 -100 രൂപയിലേക്കും ഉയര്‍ന്നു. വെളുത്തുള്ളി വിലയും മുന്നേറുകയാണ്. കിലോയ്ക്ക് 120 -140 രൂപയിലാണ് വ്യാപാരം. എന്നാല്‍ വലിയ വെളുത്തുള്ളിക്ക് വില ഇതിലും കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നു.
കാരറ്റിന് 20 ശതമാനം വില ഉയര്‍ന്ന് 80 രൂപയിലെത്തി. തക്കാളി കിലോയ്ക്ക് 40രൂപ ഉണ്ടായിരുന്നിടത്ത് ഒരുമാസം കൊണ്ട് 60 രൂപയിലെത്തി. ഗ്രാമപ്രദേശങ്ങളില്‍ വില ഇതിലും കൂടുതലാണ്. അതേസമയം, മുരിങ്ങിക്കായ, വില പകുതിയലധികം കുറഞ്ഞ് 40 രൂപയായി. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ വലിയ വ്യത്യാസങ്ങള്‍ പ്രകടമല്ല. സവാള കിലോയ്ക്ക് 30 രൂപയും ഉരുളക്കിഴങ്ങിന് 45രൂപയിലുമാണ് എറണാകുളത്തെ വ്യാപാരം.
ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. ആഭ്യന്തരവിപണയില്‍ ഉത്പാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയല്‍ സംസ്ഥാനങ്ങളെയാണ്. ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുന്‍പേ വില ഉയര്‍ന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ഇനിയും വൈകുന്ന സാഹചര്യമാണ്. അതിനാല്‍ വില ഇനിയും കുതിക്കാനുള്ള സാധ്യത കൂടുതലാണ്.
Recent Comments