ഞെട്ടലോടെ മലയാള സിനിമാലോകം, പുതിയ സിനിമയ്ക്ക് പാക്കപ്പ് ആയത് ഇന്ന്; ഹോട്ടല്‍ മുറിയില്‍ എത്തിയത് വീട്ടിലേക്ക് മടങ്ങാന്‍

ഞെട്ടലോടെ മലയാള സിനിമാലോകം, പുതിയ സിനിമയ്ക്ക് പാക്കപ്പ് ആയത് ഇന്ന്; ഹോട്ടല്‍ മുറിയില്‍ എത്തിയത് വീട്ടിലേക്ക് മടങ്ങാന്‍

തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം, ഒപ്പം പ്രേക്ഷകരും. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ വീണ്ടും സജീവമായി വരികയായിരുന്ന അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് മരണം.

നടന്‍ കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. പൊലീസ് എത്തി മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് പറഞ്ഞു.

അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെയ്യപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം.

1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ പ്രിയ സഹപ്രവര്‍ത്തകന്‍റെ ആകസ്മിക നിര്യാണത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കടക്കാവൂർ സ്വദേശി മരണപ്പെട്ടു

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കടക്കാവൂർ സ്വദേശി മരണപ്പെട്ടു

ആറ്റിങ്ങൽ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക്
മണ്ണാത്തിമൂല സ്വദേശി ദീപു മോഹനൻ (45) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടോടെ കൈപ്പറ്റി മുക്കിൽ ആണ് സംഭവം. ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ദുബൈ മാളത്തൺ: ആദ്യ ദിനം വ്യായാമം ചെയ്യാനെത്തിയത് നൂറുകണക്കിന് ആളുകൾ

ദുബൈ മാളത്തൺ: ആദ്യ ദിനം വ്യായാമം ചെയ്യാനെത്തിയത് നൂറുകണക്കിന് ആളുകൾ

ദുബൈ: യു എ ഇയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ശരീരവും മനസും തണുപ്പിക്കാൻ സർക്കാർ അവതരിപ്പിച്ച മാളത്തൺ പദ്ധതിക്ക് മികച്ച തുടക്കം. ആദ്യ ദിനം തന്നെ മാളുകളിൽ വ്യായാമം ചെയ്യാൻ നൂറ് കണക്കിന് ആളുകൾ എത്തിയതായി അധികൃതർ അറിയിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്റെ നിർദേശ പ്രകാരമാണ് മാളുകളിൽ രാവിലെ വ്യായാമം ചെയ്യാൻ അവസരമൊരുക്കിയത്.

രാവിലെ ഏഴ് മണി മുതൽ ആളുകൾ വിവിധ മാളുകളിൽ വ്യായാമം ചെയ്യാനെത്തി തുടങ്ങിയിരുന്നു. വ്യായാമം ചെയ്യാനെത്തുന്നവർക്ക് വേണ്ടി പ്രത്യേക പാത ഉൾപ്പെടെ അധികൃതർ മാളിനുളളിൽ തയ്യാറാക്കിയിരുന്നു. ഏറെ നാളിന് ശേഷം ഒന്ന് വിശാലമായി വ്യായാമം ചെയ്യാൻ പറ്റിയ സന്തോഷത്തിലായിരുന്നു പലരും. പുറത്ത് വലിയ ചൂട് അനുഭവപ്പെടുന്ന സമയത്ത് മാളിനുള്ളിലെ തണുത്ത അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ കഴിയും എന്ന് ഒരിക്കൽ പോലും കരുതിയില്ലെന്നാണ് പലരുടെയും അഭിപ്രായം.

ഷോപ്പിംഗിന് വേണ്ടിയാണ് ഇത് വരെ മാളുകളിൽ വന്നിരുന്നത്,എന്നാൽ വ്യായാമം ചെയ്യാൻ മാളിലേക്ക് വരുന്നത് പുതിയ ഒരു അനുഭവമാണ് നൽകുന്നത് എന്നാണ് മറ്റൊരാളുടെ അഭിപ്രായം. ദുബൈ സർക്കാർ പൊതു ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ സ്വീകരിക്കുന്ന നടപടികൾ മികച്ചതാണെന്നാണ് മാളുകളിൽ നടക്കാനെത്തിയ എല്ലാവരുടെയും അഭിപ്രായം. ചൂട് ഒന്ന് കുറഞ്ഞിട്ടു കാറ്റും വെയിലുമൊക്കെ കൊണ്ട് വിശാലമായി വ്യായാമം ചെയ്യണമെന്ന ആഗ്രഹവും ചിലർ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ ദുബൈ മാളത്തണിൽ പങ്കെടുക്കാൻ കൂടുതലാളുകൾ എത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

പന്ത്രണ്ടുകാരി അഞ്ച് മാസം ഗര്‍ഭിണി; കോഴിക്കോട് വയോധികന്‍ അറസ്റ്റില്‍

പന്ത്രണ്ടുകാരി അഞ്ച് മാസം ഗര്‍ഭിണി; കോഴിക്കോട് വയോധികന്‍ അറസ്റ്റില്‍

കോഴിക്കോട്:താമരശേരിയില്‍ പന്ത്രണ്ടുകാരിയെ പിഡീപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന്‍ അറസ്റ്റില്‍. താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്ത്രണ്ടുകാരിയായ വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സമീപവാസിയാണ് പിടിയിലായത്.

കഴിഞ്ഞ മേയ് 15ന് വയറുവേദനയെ തുടര്‍ന്ന് പരിശോധനക്കായി എത്തിയപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ് എന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നിന്നും ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ മൊഴി സ്ഥിരീകരിക്കുന്നതിനായി 70 കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സാമ്പിള്‍ എടുത്ത് രണ്ടുമാസത്തിന് ശേഷം ഡിഎന്‍എ ഫലം പുറത്ത് വന്നതോടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരികയും, ഇടക്ക് വീട്ടില്‍ വെള്ളം കുടിക്കാനായി എത്താറുമുണ്ടായിരുന്നു, ഈ അവസരം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പലതവണ ഇയാള്‍ പീഡിപ്പിച്ചതായാണ് വിവരം. പ്രതിയുടെ ഭാര്യ കൂലിപ്പണിക്ക് പോകാറുള്ളതിനാല്‍ വീട്ടില്‍ ആരും ഉണ്ടാവാറില്ല. ഇയാളുടെ മക്കളുടെ വിവാഹം കഴിഞ്ഞതാണ്. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി; ദേശീയ പുരസ്കാര നേട്ടത്തില്‍ ഉർവശിയും വിജയരാഘവനും

ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ; റാണി മുഖർജി നടി; ദേശീയ പുരസ്കാര നേട്ടത്തില്‍ ഉർവശിയും വിജയരാഘവനും

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരമാണിത്. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍.

മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്‌തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹർ സംവിധാനം ചെയ്ത റോക്കി ഓർ റാണി കി പ്രേം കഹാനിയാണ്.

പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ ഉർവ്വശിയേയും തേടി. വശിലെ പ്രകടനത്തിലൂടെ ജാന്‍കി ബോഡിവാലെയേയും മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി.

പുരസ്കാര പട്ടിക

മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി

മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്

മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം

മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്

മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍

മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി

മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018

മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി

മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍

മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).

സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍

മികച്ച ഛായാഗ്രഹണം : ദ കേരള സ്റ്റോറി

മികച്ച ഗായിക : ഛലിയ, ജവാന്‍, ശില്‍പ റാവു

മികച്ച ഗായകന്‍ : പ്രേമിസ്തുന (ബേബി) പിവിഎന്‍ രോഹിത്

മികച്ച ബാല താരം : സുകൃതി വേണി, കബീര്‍ ഖണ്ഡാരെ, ട്രീഷ തോസര്‍, ശ്രീനിവാസ് പോകലെ, ഭാര്‍ഘവ്

സഹനടി : ഉര്‍വ്വശി (ഉള്ളൊഴുക്ക് ), ജാന്‍കി ബോദിവാല (വശ്)

സഹ നടന്‍ : വിജയരാഘവന്‍ (പൂക്കാലം ), മുത്തുപ്പേട്ട സോമു ഭാസ്‌കര്‍ (പാര്‍ക്കിങ്)

മികച്ച നടി: റാണി മുഖര്‍ജി ( മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ )

മികച്ച സംവിധാനം : സുദിപ്‌തോ സെന്‍, കേരള സ്‌റ്റോറി

ജനപ്രീയ സിനിമ : റോക്കി ഓര്‍ റാണി കി പ്രേം കഹാനി

മികച്ച നടന്‍ : ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ട്വല്‍ത്ത് ഫെയില്‍)

പോയ വര്‍ഷം മികച്ച ചിത്രമായത് മലയാള സിനിമ ആട്ടം ആയിരുന്നു. കാന്താരയിലൂടെ ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മികച്ച നടിക്കുള്ള പുര്‌സകാരം നിത്യ മേനോനും മാനസി പരേഖും പങ്കിടുകയായിരുന്നു. തിരുചിട്രമ്പലം എന്ന ചിത്രത്തിലൂടെയാണ് നിത്യ പുരസ്‌കാരം നേടിയത്. മാനസിയെ തേടി പുരസ്‌കാരമെത്തിയത് കച്ച് എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ്.