കോതമം​ഗലത്തെ യുവാവിന്റെ മരണം കൊലപാതകം, പെൺസുഹൃത്ത് പിടിയിൽ

കോതമം​ഗലത്തെ യുവാവിന്റെ മരണം കൊലപാതകം, പെൺസുഹൃത്ത് പിടിയിൽ

കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ ചേലാട് സ്വദേശിനി അദീന പൊലീസ് കസ്റ്റഡിയിലാണ്. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു.

അതോടെ അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകിയത്. അൻസിലുമായി സാമ്പത്തിക തർക്കങ്ങളും ഉണ്ടായിരുന്നതായാണ് പൊലീസ് നൽകുന്ന സൂചന. വിഷബാധയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കളനാശിനിയായ പാരാക്വിറ്റ് ആണ് കൊലയ്ക്ക് ഉപയോഗിച്ചത്. അൻസിലിനെ പെൺസുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്‍റെ സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്കിനെ തിരഞ്ഞെടുത്തു. ഉര്‍വശി, പാര്‍വതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ക്രിസ്‌റ്റോ ടോമിയാണ് സംവിധാനം ചെയ്തത്.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർ‍മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ നിര്‍വഹിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിക്രാന്ത് മാസിയാണ് മികച്ച നടനുള്ള പുരസ്‌കാരത്തില്‍ മുന്നിലുള്ളത്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ മുന്നിലുള്ളത് റാണി മുഖര്‍ജി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിന് പരിഗണിക്കുന്നത്. ’12th ഫെയിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നത്.

നിയമവിരുദ്ധമായി ക്ലിനിക് നടത്തിയവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

നിയമവിരുദ്ധമായി ക്ലിനിക് നടത്തിയവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധമായി ക്ലിനിക്ക് നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചതായി അധികൃതർ. സാൽമിയയിൽ അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ഒരു സ്വകാര്യ മെഡിക്കൽ ക്ലിനിക്കിലെ 6 പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമ നടപടികൾ പൂർത്തിയായ ശേഷം ഇവരെ നാടു കടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

സാൽമിയയിലെ ഒരു ക്ലിനിക് അനധികൃതമായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്. ക്ലിനിക്കിന്റെ ഉടമ ഉൾപ്പെടെ ആറ് പേരാണ് ഇവിടെ ഉണ്ടായിരുന്നത്. അനധികൃതമായി വിവിധ മരുന്നുകളും ക്ലിനിക്കിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് ക്ലിനിക് അടച്ചു പൂട്ടുകയും തുടർ നടപടികൾക്കായി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്ലിനിക് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതായി പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൈമാറിയതായി ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കി.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യത്തെ എതിർത്ത് സർക്കാർ; വിധി നാളെ

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യത്തെ എതിർത്ത് സർക്കാർ; വിധി നാളെ

റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ എന്‍ഐഎ കോടതി നാളെ വിധി പറയും.

കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയിരുന്നു. കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ അധികാരപരിധിയിലല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ കന്യാസ്ത്രീകളെയും യുവതികളെയും ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ സമാന്തരമായി ചോദ്യം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെണ്‍കുട്ടികള്‍ യാത്ര ചെയ്തതെന്നും അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.

കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. അറസ്റ്റില്‍ വേദനയും അമര്‍ഷവും ഉണ്ടെന്നും, എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരെ വിവേചനം ഉണ്ട്. കന്യാസ്ത്രീകളെ എത്രയും വേഗം ജയില്‍മോചിതരാക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും ലഭിക്കണം. രാജീവ് ചന്ദ്രശേഖറിന്റെ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. കന്യാസ്ത്രീകളോടൊപ്പമുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയായവരാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. ജാമ്യം കിട്ടുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ആഭ്യന്തരമന്ത്രി അമിത്ഷായും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഇരുവരും അറിയിച്ചു. ഇതില്‍ രാഷ്ട്രീയം കാണരുത്. ജനങ്ങളെ സഹായിക്കാന്‍ രാഷ്ട്രീയമോ മതമോ ബിജെപി നോക്കില്ല. അറസ്റ്റ് ഒരു തെറ്റിദ്ധാരണയെ തുടര്‍ന്നായിരുന്നു.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിനെതിരെ നേരത്തെ നിയമം ഉണ്ട്. നിയമം പാലിക്കണമെന്നാണ് അവിടെയുള്ള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികള്‍ ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയില്‍ പോകണമെങ്കില്‍ പോലും പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അത് നടന്നില്ല. ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. വേഗത്തില്‍ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആരും രാഷ്ട്രീയ നാടകം കളിക്കരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍; ശിക്ഷ നാളെ

ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണ കുറ്റക്കാരന്‍; ശിക്ഷ നാളെ

ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി. ബംഗലൂരുവിലെഎംപി/ എംഎല്‍എമാര്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വല്‍ രേവണ്ണയുടെ ശിക്ഷ നാളെ വിധിക്കും.

തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വേലക്കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്.

വിധി കേള്‍ക്കാനായി പ്രജ്വല്‍ രേവണ്ണയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി കോടതി വിധി പ്രസ്താവിച്ചപ്പോള്‍ പ്രജ്വല്‍ രേവണ്ണ അസ്വസ്ഥനായി കാണപ്പെട്ടു. കഴിഞ്ഞ 14 മാസമായി ബംഗലൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ പാര്‍ലമെന്റംഗമായ പ്രജ്വല്‍ രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍.