‘അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം?, അതില്‍ അഭിമാനം; അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടം’

‘അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം?, അതില്‍ അഭിമാനം; അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടം’

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജാതി പേര് ചേര്‍ത്ത് വായിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ‘എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എംഎല്‍എയാകുന്നതിന് മുന്‍പ് മരിച്ച് പോയവരാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു. സാധാരണ അങ്ങനെയാണല്ലോ. പാസ്‌പോര്‍ട്ടില്‍ എഴുതുന്നത് അങ്ങനെയല്ലേ. അച്ഛന്റെ പേര് കൂടി പറയാന്‍ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞത്.’- സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേരിനൊപ്പം മേനോന്‍ കൂടി ചേര്‍ത്ത് വായിച്ചത് ആക്ഷേപത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് സതീശന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

‘അച്ഛന്റെ പേര് വായിച്ചതില്‍ എനിക്ക് സന്തോഷമാണ്. മാതാപിതാക്കളെ ഓര്‍ക്കണ്ടേ. അമ്മയെ ഞാന്‍ മനസിലും വിചാരിച്ചു. അച്ഛന്റെ പേരും പറഞ്ഞു. അമ്മയുടെ പേര് പറയാന്‍ സാധ്യത ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അമ്മയുടെ പേര് കൂടി പറഞ്ഞേനേ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്’- വി ഡി സതീശന്‍ വ്യക്തമാക്കി.

‘ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

‘ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നാണ് ദൃഷ്യം. 2013 ല്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ആദ്യ ഭാഗത്തിന് തുടര്‍ച്ചകളുമുണ്ടായി. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തും.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യം എന്ന ചിത്രത്തിലേക്ക് എത്താന്‍ തനിക്ക് പ്രചോദനമായി മാറിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍, ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ആ കഥ പങ്കുവച്ചത്. ഒപ്പം ദൃശ്യം ചെയ്ത സമയത്ത് തനിക്ക് പറ്റിയൊരു തെറ്റിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്.

‘എനിക്ക് ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തമ്മിലുണ്ടായ ഒരു ഇഷ്യൂ. അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചര്‍ച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നില്‍ക്കും എന്നതാണ് കണ്‍ഫ്യൂഷന്‍. ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു” ജീത്തു പറയുന്നു.

”അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററില്‍ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പ്രേക്ഷകര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം” എന്നാണ് ജീത്തു ദൃശ്യത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നത്. പിന്നാലെ ദൃശ്യത്തില്‍ തനിക്ക് സംഭവിച്ചൊരു തെറ്റിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

”സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലന്‍സിംഗ് വന്നില്ല. എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കൂടെയാണ്. ശരിക്കും ആലോചിച്ചാല്‍ ഗീത പ്രഭാകറിനെ കുറ്റം പറയാന്‍ പറ്റുമോ? സ്വന്തം മകന്‍ മിസ്സിംഗ് ആയി. അതിന്റെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ജോര്‍ജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവര്‍ക്ക് സഹിക്കുമോ? മകന്‍ അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. മറുവശത്ത് സ്വയരക്ഷയുടെ ഭാഗമായി സംഭവിച്ചൊരു തെറ്റാണ്. പൊലീസില്‍ പോകാനും പറ്റില്ല. അമ്മ ഐജിയാണ്, അതിനാല്‍ നീതി കിട്ടില്ല. രണ്ടു പേരുടെ ഭാഗത്തും തെറ്റും ശരിയുമുണ്ട്. ഇതായിരുന്നു ദൃശ്യം എന്ന സിനിമ ഉണ്ടാകാനുള്ള എന്റെ ആദ്യ ചിന്ത” എന്നും അദ്ദേഹം പറയുന്നു.

‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വലിയ ആഘാതമായി, രോഗബാധിതനായി’; 70 വയസുള്ള ഉദ്യോഗാര്‍ഥിയുടെ അനുഭവം

‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വലിയ ആഘാതമായി, രോഗബാധിതനായി’; 70 വയസുള്ള ഉദ്യോഗാര്‍ഥിയുടെ അനുഭവം

ന്യൂഡല്‍ഹി: റദ്ദാക്കപ്പെട്ട 2026-ലെ നീറ്റ്-യുജി പരീക്ഷ എല്ലാവര്‍ക്കും നിരാശയാണ് സമ്മാനിച്ചത്. 22.05 ലക്ഷം ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ ലഖ്നൗ സ്വദേശിയായ എഴുപതുകാരന്‍ അശോക് ബഹാറും ഉള്‍പ്പെടുന്നു. ഒരു എംബിബിഎസ് ബിരുദം ലഭിക്കണമെന്ന അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കാന്‍ അടുത്ത മാസം അദ്ദേഹം തന്റെ നാലാമത്തെ ശ്രമത്തിനൊരുങ്ങുകയാണ്.

ആരോഗ്യ പരിശോധനകള്‍ നടത്തുന്നതിനായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട്’ ബഹാര്‍ സംസാരിച്ചത്. ”പരീക്ഷ റദ്ദാക്കിയത് എനിക്ക് വലിയൊരു ആഘാതമായിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, അത് എന്നെ മാനസികമായി അത്രയധികം തളര്‍ത്തി, ഞാന്‍ ശരിക്കും രോഗബാധിതനായി. ഇത് എന്റെ മൂന്നാമത്തെ ശ്രമമായിരുന്നു, വിജയിക്കുക എന്നത് എന്നെ സംബന്ധിച്ച് അത്രമേല്‍ പ്രധാനപ്പെട്ടതായിരുന്നു.”

1990-ല്‍ അന്തരിച്ച അദ്ദേഹത്തിന്റെ അമ്മ സാവിത്രി ദേവി, മകനും ഭര്‍ത്താവിന്റെ വഴി പിന്തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ‘1974-ലാണ് ഞാന്‍ ആദ്യമായി മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയത്, എന്നാല്‍ എനിക്ക് വിജയിക്കാനായില്ല. എന്റെ രണ്ടാമത്തെ ശ്രമം 2023-ലായിരുന്നു, എന്നാല്‍ എന്റെ പരീക്ഷാ കേന്ദ്രം വളരെ ദൂരെയുള്ള ഒരു പ്രദേശത്തായിരുന്നു. ഞാന്‍ അവിടെ വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. മൂന്ന് വര്‍ഷത്തിന് ശേഷം, ഈ വര്‍ഷം മേയിലാണ് ഞാന്‍ വീണ്ടും പരീക്ഷ എഴുതിയത്.”

കുടുംബത്തില്‍ ആകെ 20 ഡോക്ടര്‍മാരുണ്ട്. ബഹാറിന്റെ ഭാര്യ ഗൈനക്കോളജിസ്റ്റാണ്. രണ്ട് സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഡോക്ടര്‍മാരാണ്. പരേതനായ പിതാവും ഒരു ഡോക്ടറായിരുന്നു. ഏക മകള്‍ മാത്രമാണ് പ്രൊഷന്‍ ഒന്ന് മാറ്റിപ്പിടിച്ചത്. മകള്‍ യുഎസില്‍ ഐ ടി പ്രൊഫഷണലാണ്.

1957-ല്‍ ജനിച്ച ബഹാറിന് എക്കാലത്തും പഠനത്തോട് വലിയ അഭിനിവേശമുണ്ടായിരുന്നു. ബി.എസ്സി (ബോട്ടണി, സുവോളജി, കെമിസ്ട്രി) ബിരുദത്തിന് ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും, നിയമ ബിരുദവും എം.ബി.എയും അദ്ദേഹം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ചെയ്തു. 2000-ല്‍ ‘ഇന്ത്യന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ’ മാര്‍ക്കറ്റിംഗ് മേധാവിയായി വിരമിച്ച ശേഷം, അദ്ദേഹം ഒരു പ്രാദേശിക പത്രത്തിന്റെ എഡിറ്ററായും പാര്‍ട്ട് ടൈം അഭിഭാഷകനായും ജോലി ചെയ്തു.

തന്റെ പരീക്ഷാ തയ്യാറെടുപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ”ഒരു നിശ്ചിത പ്രായം കഴിയുമ്പോള്‍, പൊതുവെ എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് പക്വതയും അറിവും ലഭിക്കും. ഞാന്‍ ഒരു കോച്ചിങ് സെന്ററിലും പോയിട്ടില്ല. സുഹൃത്തുക്കളും ചില അഭ്യുദയകാംക്ഷികളും നല്‍കിയ പഠന സാമഗ്രികളുടെ സഹായത്തോടെ ഞാന്‍ സ്വയം തയ്യാറെടുക്കുകയായിരുന്നു.’ റദ്ദാക്കപ്പെട്ട പരീക്ഷാ വിവാദത്തെക്കുറിച്ച് ബഹാര്‍ പറയുന്നതിങ്ങനെ: ”പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇത്രയധികം സമയം നീക്കിവെച്ച 22 ലക്ഷത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ദുരവസ്ഥ ആലോചിച്ചു നോക്കൂ.”

ഇക്കാര്യത്തില്‍ താമസിയാതെ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ബഹാര്‍ ആലോചിക്കുന്നത്. ”രണ്ട് കാര്യങ്ങളാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വീണ്ടുമൊരു പരീക്ഷ എഴുതുക എന്നത് എന്നെപ്പോലെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. പ്രായം കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച്, റദ്ദാക്കിയ പരീക്ഷയില്‍ ഞങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക് നിലനിര്‍ത്തണം. കൂടാതെ, മുതിര്‍ന്ന പൗരന്മാര്‍ക്ക് മെഡിക്കല്‍ സീറ്റുകളില്‍ ഒരു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കോടതി ഉത്തരവിടണമെന്നാണ് ആഗ്രഹിക്കുന്നത്.”

നീറ്റ് പരീക്ഷാ ശ്രമങ്ങളെക്കുറിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പ്രതികരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ബഹാര്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ”ഓരോ വ്യക്തിക്കും ജീവിതത്തോട് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഇത് എന്റെ ലക്ഷ്യമാണ്. അതുകൊണ്ട്, എനിക്ക് വേണ്ടി തന്നെ ഞാന്‍ ഇത് തുടരും.” ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം കുറവാണ്. ഉദാഹരണത്തിന്, കരള്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയുണ്ടെങ്കിലും അതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വലിയ അറിവില്ല. ഒരു പ്രൊഫഷണല്‍ ബിരുദം ഉപയോഗിച്ച് സാമൂഹിക സേവനം ചെയ്യാനും ആളുകളില്‍ അവബോധം വളര്‍ത്താനും ഞാന്‍ ആഗ്രഹിക്കുന്നു.”ലഖ്നൗവിലെ ദരോഗാ ഖേരയ്ക്ക് സമീപമുള്ള തന്റെ ഗ്രാമമായ ഗെഹ്രുവില്‍ താന്‍ ഒരു ‘ദിവ്യ പ്രേം ആശ്രമം’ നിര്‍മിക്കുന്നുണ്ടെന്നും ഡോക്ടര്‍ ആയതിന് ശേഷം അവിടെയുള്ള അന്തേവാസികളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിലും കോൺഗ്രസിനുള്ളിലും ഹൈക്കമാൻഡ് തലത്തിലും കടുത്ത ഭിന്നതയും പൊട്ടിത്തെറിയും. ചരിത്രത്തിലാദ്യമായി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പോലും മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിക്കളഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ.

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ പ്രധാന നയമായ സാമൂഹിക നീതിയും ബഹുസ്വരതയും അട്ടിമറിച്ചുകൊണ്ട് ദളിത്-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർക്ക് പ്രാധാന്യമില്ലാത്ത വകുപ്പുകൾ നൽകിയതിലുള്ള തന്റെ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. എ പി അനിൽകുമാറിന് മുൻപ് ഉറപ്പുനൽകിയിരുന്ന ആരോഗ്യവും ദേവസ്വവും, എം ലിജുവിന് നൽകാനിരുന്ന സഹകരണ വകുപ്പും വെട്ടിമാറ്റിയതിൽ ഖാർഗെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങൾക്ക് മുന്നിൽ വഴങ്ങാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാകാതിരുന്നതോടെ, എഐസിസി നേതൃത്വം തുടർന്നുള്ള ചർച്ചകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.

ലീഗിനെതിരെ ലത്തീൻ-സീറോ മലബാർ സഭകൾ

വകുപ്പ് വിഭജന ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് സംസ്ഥാനത്തെ രണ്ട് പ്രമുഖ ക്രൈസ്തവ സഭകൾ മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നത് പുതിയ സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിന് ഫിഷറീസ്, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ നൽകുന്നതിനെതിരെ ലത്തീൻ കത്തോലിക്കാ സഭയും സീറോ മലബാർ സഭയും കടുത്ത മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു. കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ തങ്ങളുടെ സമുദായത്തിന് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന അമർഷത്തിനിടയിലാണ്, മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് കൈമാറരുതെന്ന് ലത്തീൻ സഭ ആവശ്യപ്പെടുന്നത്. ലീഗിന് ഫിഷറീസ് നൽകിയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് ലത്തീൻ അതിരൂപതയുടെ മുന്നറിയിപ്പ്.

മറുഭാഗത്ത്, മുസ്ലിം ലീഗ് തങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് തിരികെ വേണമെന്ന കർശന നിലപാടിലാണ്. ലീഗിന്റെ ഈ നീക്കത്തിനെതിരെ സീറോ മലബാർ സഭയും അതിന്റെ പോഷക സംഘടനയായ കാത്തലിക് കോൺഗ്രസും ശക്തമായി രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്നും ഇത് റോജി എം. ജോണിന് നൽകണമെന്നുമാണ് സഭയുടെ ആവശ്യം. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ക്രൈസ്തവ സമൂഹത്തിന്റെ പങ്കിനെ അവഗണിക്കരുതെന്നും, വിദ്യാഭ്യാസം, വനം, ന്യൂനപക്ഷ ക്ഷേമം എന്നീ നിർണ്ണായക വകുപ്പുകൾ കോൺഗ്രസ് തന്നെ ഭരിക്കണമെന്നും കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കാവിയിൽ പരസ്യമായി ആവശ്യപ്പെട്ടു. മുൻകാല സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും സഭ മുന്നോട്ടുവെക്കുന്നു.

മന്ത്രിമാർക്കിടയിലും പുകയുന്ന അതൃപ്തി; സി.പി. ജോണിന്റെ അനുനയ നീക്കം

ഘടകകക്ഷികളും സഭകളും തമ്മിലുള്ള തർക്കങ്ങൾക്ക് പുറമെ കോൺഗ്രസിലെ യുവമന്ത്രിമാർക്കിടയിലും വകുപ്പുകളെച്ചൊല്ലി കടുത്ത അമർഷം പുകയുകയാണ്. തങ്ങൾക്ക് വളരെ ചെറിയ വകുപ്പുകളാണ് മാറ്റിവെച്ചിരിക്കുന്നതെന്ന ആക്ഷേപവുമായി ടി. സിദ്ധിഖ്, എം. ലിജു എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. ടി. സിദ്ധിഖിന് ആദ്യം വനംവകുപ്പ് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് അത് ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് കൈമാറുകയായിരുന്നു. എം. ലിജുവിന് എക്സൈസ് വകുപ്പ് മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. ഇതിൽ ലിജു തികഞ്ഞ അതൃപ്തിയിലാണ്.

പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സിഎംപി നേതാവ് സി.പി. ജോൺ ചൊവ്വാഴ്ച രാത്രി വൈകി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സഭകളുടെ അനാവശ്യമായ ഇടപെടലുകൾക്കെതിരെ മുസ്ലിം ലീഗ് അണികൾക്കിടയിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വകുപ്പ് വിഭജന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് കോൺഗ്രസിനുള്ളിലെ തർക്കത്തിന്റെ ആഴം വ്യക്തമാക്കുന്നു.

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാൻ മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂർണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവിധ ക്രിമിനൽ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.

മഞ്ഞക്കുറ്റികൾ ചരിത്രമാകും; റവന്യൂ വകുപ്പിന് അടിയന്തര നിർദ്ദേശം

കെ-റെയിൽ പദ്ധതിയുടെ അതിരടയാളങ്ങൾ നിശ്ചയിക്കുന്നതിനായി ജനങ്ങളുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ സംസ്ഥാനത്തുടനീളം അടിയന്തരമായി നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നേരിട്ട് കർശന നിർദ്ദേശം നൽകി.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന മറ്റൊരു നിർണ്ണായക തീരുമാനവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിലവിൽ കാലാവധി അവസാനിക്കാറായതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പിഎസ്‌സി (PSC) റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു.