കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്ത്

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്‌നതാപ്രദര്‍ശനം. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരനില്‍ നിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരന്റെ ലൈംഗികവൈകൃതം യുവതി മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രി 10.45ഓടെയായിരുന്നു സംഭവം. ബസില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്താണ് സംഭവം. യാത്ര തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. യുവതി ആദ്യം പരിഭ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ ഇയാളുടെ വിഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആര്‍ടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്‌നതാപ്രദര്‍ശനം നടത്തിയയാളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കണം; നിലപാടിലുറച്ച് ബസുടമകള്‍; വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച

കണ്‍സെഷന്‍ നിരക്ക് 5 രൂപയാക്കണം; നിലപാടിലുറച്ച് ബസുടമകള്‍; വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരും വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളുമായി ചര്‍ച്ച. സെക്രട്ടേറിയറ്റ് അനക്‌സില്‍ ഗതാഗത സെക്രട്ടറിയാണ് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. കണ്‍സെഷനില്‍ ചര്‍ച്ച നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്മാറിയത്.

കഴിഞ്ഞ 13 വര്‍ഷമായി തുടരുന്ന കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്ക് 5 രൂപയാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മുമ്പ് മിനിമം നിരക്ക് ആറു രൂപയായിരുന്നപ്പോഴാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഒരു രൂപയായി നിശ്ചയിച്ചത്. ഇപ്പോള്‍ മിനിമം നിരക്ക് 10 രൂപയായപ്പോഴും കണ്‍സെഷന്‍ ഒരു രൂപയായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ഇനിയും ഈ നിരക്കില്‍ മുന്നോട്ടു പോകാനാവില്ലെന്നാണ് ബസുടമകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധനയെ വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍ക്കുകയാണ്. ബസ് നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, രവിരാമന്‍ റിപ്പോര്‍ട്ടുമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. പരമാവധി 5 കിലോമീറ്റര്‍ വരെ മിനിമം രണ്ടു രൂപയാക്കുക, അല്ലെങ്കില്‍ 10 കിലോമീറ്റര്‍ വരെ മൂന്നുരൂപയായി നിശ്ചയിക്കുക എന്നതാണ് രവിരാമന്‍ കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാവില്ല എന്നാണ് ബസുടമകളുടെ നിലപാട്.

ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല, ജയിലില്‍ സുരക്ഷാ വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊടും ക്രിമിനലായ ഗോവിന്ദചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗോവിന്ദചാമിക്ക് ആരുടെയും സഹായം ലഭിച്ചില്ല. ജയില്‍ ജീവനക്കാരോ തടവുകാരോ സഹായിച്ചതിനു തെളിവില്ല. ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്ക് കൈമാറി. ഗോവിന്ദചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനായ ഗോവിന്ദച്ചാമിയെ ആരും സഹായിക്കാന്‍ ഇടയില്ല. ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് അടക്കം വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാൻ പോലും ഈ കൈ കൊണ്ട് കഴിയും. അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. സെല്ലിൽ എലി കടക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല.

റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത് എന്നാണ് നിഗമനം. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോളിടെക്നിക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെ

പോളിടെക്നിക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്, സിവിൽ & റൂറൽ എഞ്ചിനീറിംഗ്, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ & ഫാബ്രിക്കേഷൻ എന്നീ പോളിടെക്നിക് കോഴ്സുകളിലേക്ക് ഗവ. മെറിറ്റ് അഡ്മിഷൻ ജൂലൈ 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള തീയതികളിലായി ചിറയിൻകീഴ് മുസലിയാർ പോളിടെക്നിക്ക് കോളേജിൽ വെച്ച് 8.30 മണി മുതൽ 3.30 മണി വരെ നടത്തുന്നു. എസ് എസ് എൽ സി, ഐ ടി ഐ, പ്ലസ് ടു, വി എച്ച് എസ് ഇ, കെ ജി സി ഇ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്: 9961060720,9495338319

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഇന്ന് ചര്‍ച്ച നടക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനെതിരായ സൈനികനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെട്ടെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി ഇന്ന് വിശദീകരണം നല്‍കിയേക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും. ഇന്നലെ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ ഇടപെട്ട് സംസാരിക്കാന്‍ ശ്രമിച്ചതില്‍ അമിത് ഷാ പ്രകോപിതനായിരുന്നു.

പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസിലാകും. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്. അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഇന്ന് വ്യക്തമാക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതിയിൽ ഇന്ത്യ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് എടുത്തത്. ഐക്യരാഷ്ട്ര സംഘടനയിലെ 193 അംഗങ്ങളിൽ പാക്കിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്.

പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് രണ്ടു തവണ ഏറ്റെടുത്തതാണ്. എന്നാൽ പാക്കിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖാപിച്ചു. പാക്കിസ്ഥാന്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്ക്മെയ്‌ലിങ്ങിനു മുന്നിൽ തലകുനിക്കില്ലെന്നും ജയശങ്കർ പറഞ്ഞു.