മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ട തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥിയായ മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി മിഥുന്റെ ആകസ്മിക വേര്‍പാട് കേരളത്തെയാകെ ദുഃഖത്തില്‍ ആഴ്ത്തിയ സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനേജര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയത്. മാനേജര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി വ്യക്തമാക്കി.

കല്ലാച്ചിയില്‍ മിന്നല്‍ ചുഴലി, നിരവധി വീടുകള്‍ തകര്‍ന്നു, കണ്ണൂരില്‍ വീടിന് മുകളില്‍ മരംവീണ് ഗൃഹനാഥന്‍ മരിച്ചു; മഴക്കെടുതിയില്‍ കേരളം

കല്ലാച്ചിയില്‍ മിന്നല്‍ ചുഴലി, നിരവധി വീടുകള്‍ തകര്‍ന്നു, കണ്ണൂരില്‍ വീടിന് മുകളില്‍ മരംവീണ് ഗൃഹനാഥന്‍ മരിച്ചു; മഴക്കെടുതിയില്‍ കേരളം

കൊച്ചി: സംസ്ഥാനത്ത് തോരാതെ പെയ്യുന്ന കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയില്‍ നാദാപുരം, മാവൂര്‍, കല്ലാച്ചി മേഖലയില്‍ കനത്തമഴയില്‍ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നുവീണും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് തോണി മറിഞ്ഞ് ഒരാളെ കാണാതായി. കണ്ണൂരില്‍ വീടിന് മുകളില്‍ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ മാരാരിക്കുളത്ത് കനത്ത മഴയിലും കാറ്റിലും ട്രാക്കില്‍ വീണ മരം നീക്കി.

കോഴിക്കോട് കല്ലാച്ചിയില്‍ അനുഭവപ്പെട്ട മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകള്‍ക്കാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മാവൂരിലും കനത്ത കാറ്റാണ് നാശനഷ്ടമുണ്ടാക്കിയത്. കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുകയും വീടുകള്‍ തകരുകയും ചെയ്തു. ഇതിന് പുറമേ മാവൂരില്‍ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. അതിനാല്‍ താഴ്ന്ന പ്രദേശങ്ങൡ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്.

തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.

നാദാപുരം ടൗണിനോട് ചേര്‍ന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.

സ്വർണവിലയിൽ വൻ ആശ്വാസം; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ

സ്വർണവിലയിൽ വൻ ആശ്വാസം; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) തുടർച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 400 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 73,280 രൂപയാണ്. ജൂലൈ 23 നാണു സ്വർണവില ചരിത്രത്തിൽ ആദ്യമായി 75000 കടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപ കുറഞ്ഞ് 9160 രൂപയിലെത്തി.
ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9993 രൂപയും പവന് 79,944 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,495 രൂപയും പവന് 59,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 126 രൂപയും കിലോഗ്രാമിന് 1,26,000 രൂപയുമാണ്. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 91,600 രൂപ വരെ ചിലവ് വരും. അഞ്ച് പവന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 4.60 ലക്ഷം രൂപ വേണം. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.

അതേസമയം, വരുംദിവസങ്ങളിൽ വില കുറയുമെന്ന ചില റിപ്പോർട്ടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുണ്ടാക്കിയ വ്യാപാര കരാര്‍ ആണ് വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയുമെന്ന് പറയാന്‍ കാരണം. ജപ്പാനെതിരെ 25 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഇക്കാര്യത്തില്‍ കരാറായി. 15 ശതമാനമാണ് ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി നികുതി.

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്

കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.
കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യൻ സൈന്യത്തെയും സർക്കാർ സംവിധാനങ്ങളെയും വെല്ലുവിളിച്ച പാക് നുഴഞ്ഞുകയറ്റക്കാരെ കാർഗിലിൽ നിന്ന് ഇന്ത്യൻ സൈന്യം തുരത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ ഉയരത്തിൽ, തണുത്തുറഞ്ഞ മഞ്ഞിൽ ഇന്ത്യയുടെ സൈനിക കരുത്ത് പാകിസ്താന്‍ തിരിച്ചറിഞ്ഞ യുദ്ധമായിരുന്നു കാര്‍ഗില്‍.വര്‍ഷത്തില്‍ ഒമ്പത് മാസവും മഞ്ഞ് മൂടിക്കിടക്കുന്ന പര്‍വതമേഖലയാണ് കാര്‍ഗില്‍. കൊടും ശൈത്യകാലത്ത് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻമാറുകയാണ് പതിവ്. ശേഷം തണുപ്പ് കുറയുമ്പോൾ തിരിച്ചുവരികയും ചെയ്യും. എന്നാൽ 1999ൽ പാക് സൈന്യം സാധാരണയിലും നേരത്തെ തിരിച്ചുവന്നു. ഏറെ വൈകി മെയ് മാസത്തിലാണ് പാക്ക് നുഴഞ്ഞുകയറ്റത്തെപ്പറ്റി ഇന്ത്യന്‍ പട്ടാളത്തിന് വിവരം ലഭിക്കുന്നത്.. പ്രദേശത്ത് ആട് മേയ്ക്കുന്നവർ നൽകിയ വിവരം നിർണായകമായി. പിന്നീടുള്ള സൈന്യത്തിന്റെ നീക്കം ചടുലമായിരുന്നു. ആദ്യം പട്രോൾ സംഘങ്ങൾ പാക് സൈന്യത്തിന്റെ സാന്നിധ്യം ഉറപ്പിച്ചു. തുടർന്ന് നടത്തിയ ശക്തമായ ഏറ്റുമുട്ടൽ 72 ദിവസമാണ് നീണ്ടത്. 1999 മെയ് മൂന്നിന് തുടങ്ങിയ യുദ്ധം ജൂലൈ 26നാണ് ഔദ്യോഗികമായി അവസാനിച്ചത്. ഒടുവിൽ പാക്കിസ്താന് പരാജയം സമ്മതിക്കേണ്ടിവന്നു.ക്യാപ്റ്റൻ ജെറി പ്രേം രാജ്, ലാൻസ് നായ്ക്ക് സജി കുമാർ, ലെഫ്. കേണൽ ആർ വിശ്വനാഥൻ തുടങ്ങി നിരവധി മലയാളികൾ ഉൾപ്പെടെ 527 ഇന്ത്യന്‍ ജവാന്മാര്‍ കാര്‍ഗിലില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചു. അനൌദ്യോഗിക കണക്കു പ്രകാരം, 1000ത്തിലധികം പട്ടാളക്കാരെയാണ് പാകിസ്താന് നഷ്ടപ്പെട്ടത്. എന്നാല്‍ നുഴഞ്ഞുകയറ്റത്തിലെ തങ്ങളുടെ പങ്ക് പാക് സൈന്യം നിഷേധിച്ചു.

വക്കം ഗവ.ന്യൂ എൽ പി സ്കൂളിൽ “നമ്മൾക്കുള്ളത് നമ്മളൊരുക്കും” പച്ചക്കറി കൃഷിക്ക് തുടക്കമായി

വക്കം ഗവ.ന്യൂ എൽ പി സ്കൂളിൽ “നമ്മൾക്കുള്ളത് നമ്മളൊരുക്കും” പച്ചക്കറി കൃഷിക്ക് തുടക്കമായി

വക്കം ഗവ.ന്യൂ എൽ പി (റൈട്ടർവിള) സ്കൂളിൽ നമ്മൾക്കുള്ളത് നമ്മളൊരുക്കും എന്ന പേരിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. വക്കം ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി ആരംഭിച്ചത്.SMC ചെയർമാൻ ശ്രീ. സബീർ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികൾ ഓരോരുത്തരായി ഗ്രോബാഗിൽ തക്കാളി, വഴുതന, മുളക്, വെണ്ട,അമര പയർ, എന്നിവ നട്ടു. ഹെഡ് മാസ്റ്റർ ശ്രീ.അക്ബർഷാ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഹണി, അധ്യാപകർ,എസ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.