ആർ. രാജഗോപാലൻ (73) അന്തരിച്ചു

ആർ. രാജഗോപാലൻ (73) അന്തരിച്ചു

ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം രാഖി നിവാസിൽ ആർ. രാജഗോപാലൻ (73) അന്തരിച്ചു. ഭാര്യ: ആർ സുശീല.

മക്കൾ: രാഖി ആർ.എസ് (അധ്യാപിക,ഗവ: ഹയർ സെക്കൻഡറി സ്കൂൾ, കിളിമാനൂർ) രാഹുൽ ആർ.എസ്(ആസ്ത്രേലിയ),രാഹിത് ആർ.എസ്.

മരുമക്കൾ: എസ് അനീഷ് (അധ്യാപകൻ, എസ്.എൻ.വി. എച്ച്.എസ്.എസ്, കടയ്ക്കാവൂർ), ലക്ഷ്മി ലാൽ ഡി(ആസ്ത്രേലിയ), ലക്ഷ്മി ഭഗീരഥൻ.
സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ പ്രത്യേക സമിതി; മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അന്വേഷിക്കാന്‍ പ്രത്യേക സമിതി; മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സൗമ്യ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനും വകുപ്പ് തല പരിശോധനകള്‍ക്കും പുറമെയാണ് സമഗ്ര അന്വേഷണം. ഹൈക്കോടതി റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്റ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും.

ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സ്ഥലത്തും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളില്‍ പലരെയും ഇപ്പോള്‍ അതീവ സുരക്ഷാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. ഇത്തരക്കാര്‍ക്ക് അന്തര്‍ സംസ്ഥാന ജയില്‍ മാറ്റം കൂടി ആലോചിക്കും.

ജയിലുകളില്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.

താങ്ങാനാവുന്നതില്‍ കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.

നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിരമിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിരമിച്ചു

ബംഗളൂരു: ഇന്ത്യന്‍ വനിതാ ടീമിലെ മധ്യനിര ബാറ്ററും വെറ്ററന്‍ താരവുമായ വേദ കൃഷ്ണമൂര്‍ത്തി പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ താരങ്ങളുടെ സ്ഥാനമാണ് താനിപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും അവര്‍ക്കായി വഴി മാറുകയാണെന്നും വേദ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.

ഏകദിന, ടി20 പോരാട്ടങ്ങളിലായി ഇന്ത്യക്കായി 124 മത്സരങ്ങള്‍ വേദ കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായും വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനായും കളിക്കുന്നു.

2020ലെ വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ അവസാന പോരാട്ടം. 48 ഏകദിനങ്ങള്‍ താരം ഇന്ത്യക്കായി കളിച്ചു. 829 റണ്‍സ് നേടി. 76 ടി20 മത്സരങ്ങള്‍. 875 റണ്‍സ് നേടി.

സാമൂഹ്യ പ്രവർത്തകയും മത്സ്യ തൊഴിലാളി നേതാവും ഇടതുപക്ഷ സഹയാത്രികയുമായ കർമ്മലി ജോൺ (73) അന്തരിച്ചു

സാമൂഹ്യ പ്രവർത്തകയും മത്സ്യ തൊഴിലാളി നേതാവും ഇടതുപക്ഷ സഹയാത്രികയുമായ കർമ്മലി ജോൺ (73) അന്തരിച്ചു

സാമൂഹ്യ പ്രവർത്തകയും മത്സ്യ തൊഴിലാളി നേതാവും ഇടതുപക്ഷ സഹയാത്രികയുമായ കർമ്മലി ജോൺ (73) അന്തരിച്ചു. നിരവധി സാമൂഹ്യ വിഷയങ്ങളിലും സമരങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു കർമ്മലി ജോൺ. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ നേതൃനിരയിൽ പ്രവർത്തിച്ചിരുന്ന കർമ്മലി ജോൺ നർമ്മദാ ബച്ചാവോ ആന്ദോളൻ , മുതലപ്പൊഴി അഴിയാക്കൽ, മത്സ്യത്തൊഴിലാളികളുടെ കന്യാകുമാരി മാർച്ച്, ട്രോളിംഗ് നിരോധനം ഉൾപ്പെടെ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും, പലവട്ടം നിരാഹാരം അനുഷ്ടിക്കുകയും ചെയ്തിരുന്നു.
ഗവൺമെൻ്റ് സർവ്വീസിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മക്കൾ: ജോബ് ജോൺ ( സി.പി.ഐ.എം ബ്രാഞ്ച് മെമ്പർ), ജേക്കബ് ജോൺ,
മരുമക്കൾ:ഷേർളി, ലീന മാത്യു.

‘വ്യാജനാണ് പെട്ടു പോകല്ലെ’, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

‘വ്യാജനാണ് പെട്ടു പോകല്ലെ’, പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് വരുന്നതിനിടെയാണ് സുരക്ഷാപഴുതുകൾ കണ്ടെത്തി പുതിയ തട്ടിപ്പുകള്‍ വരുന്നത്. ഇപ്പോള്‍ ട്രാഫിക് നിയമലംഘന നോട്ടീസുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പില്‍ മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.

‘Traffic violation notice എന്ന പേരില്‍ പലരുടെയും വാട്‌സ്ആപ്പ് നമ്പറിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്. ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ്‌വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:

വ്യാജനാണ് പെട്ടു പോകല്ലെ.

Traffic violation notice എന്ന പേരില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.

നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.

ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.

മോട്ടോര്‍ വാഹന വകുപ്പോ, പോലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി Check Pending transaction എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ,ചലാന്‍ നമ്പറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.

ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.