”ഈ അച്യുതാനന്ദന്‍ എന്താണ് ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നത്? ആരാണിയാളെ ഉപദേശിക്കുന്നത്?”

”ഈ അച്യുതാനന്ദന്‍ എന്താണ് ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാക്കുന്നത്? ആരാണിയാളെ ഉപദേശിക്കുന്നത്?”

പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന ഏതൊരാളെയും പോലെ നിലപാടുകളില്‍ തെറ്റുകള്‍ പറ്റിയിട്ടുള്ള ആള്‍ തന്നെയായിരുന്നു, വിഎസ് അച്യുതാനന്ദനും. അങ്ങനെയൊരു തെറ്റിന്റെ അനുഭവം വിവരിക്കുകയാണ്, ശാസ്ത്രജ്ഞനും ശാസ്ത്ര ലേഖകനുമായ രാജീവ് പട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ കുറിപ്പില്‍. ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പദ്ധതിയെ വിഎസ് എതിര്‍ത്ത അനുഭവം ഓര്‍ത്തെടുത്തുകൊണ്ടാണ് കുറിപ്പ്. തെറ്റു പറ്റിയെങ്കില്‍ പോലും അത്തരമൊരു നിലപാടിലേക്ക് എത്തുന്നതിനു അടിസ്ഥാനമാക്കിയ ഉദ്ദേശ്യ ലക്ഷ്യത്തില്‍ വിഎസിന് ഒരിക്കലും തെറ്റു പറ്റിയില്ലെന്നും ഡോ. രാജീവ് പട്ടത്തില്‍ എഴുതുന്നു.

കുറിപ്പു വായിക്കാം:

‘രാജീവ്, വാട്ട് ഈസ് ദ ഡീല്‍ വിത്ത് ദിസ് മിസ്റ്റര്‍ അച്യുതാനന്ദന്‍? വൈ ഈസ് ഹി ക്രിയേറ്റിങ് സോ മെനി പ്രോബ്ലംസ് ഫോര്‍ ദിസ് പ്രോജക്റ്റ്? ഹു ഈസ് അഡ്വൈസിങ് ഹിം?’

രാജാജി എന്ന് എല്ലാവരും സ്‌നേഹബഹുമാനങ്ങളോടെ വിളിച്ചിരുന്ന പ്രൊഫസര്‍ രാജശേഖരനായിരുന്നു. ഇന്ത്യയിലെ തിയററ്റിക്കല്‍ പാര്‍ട്ടിക്കിള്‍ ഫിസിക്‌സിന്റെ കുലഗുരു. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സില്‍ ഞങ്ങള്‍ സംഘടിപ്പിച്ച ഒരു ഇന്തോ-യുകെ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കവേ ഡോ. കസ്തൂരി രംഗനും ടിഐഎഫ് ആറിലെ ചില ശാസ്ത്രജ്ഞരും ഒക്കെക്കൂടി ഇന്ത്യയിലെ മെഗാ സയന്‍സ് പ്രോജക്ടുകളെക്കുറിച്ച് നടത്തിയ ഒരു ഇന്‍ഫോര്‍മല്‍ ഡിസ്‌കഷനായിരുന്നു അത്.

ഇന്ത്യന്‍ ന്യൂട്രിനോ ഒബ്സര്‍വേറ്ററി എന്ന, ഇന്ത്യയെ ലോകസയന്‍സ് ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ പോന്ന പ്രൊജക്റ്റിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു രാജാജി. അബദ്ധജടിലമായ പ്രചാരണങ്ങളില്‍പ്പെട്ട് ഇതിന്റെ നിര്‍മ്മാണം വൈകുന്നതില്‍ വളരെ അസ്വസ്ഥനായിരുന്നു അദ്ദേഹം.

ഒന്നിനോടും കാര്യമായി റിയാക്റ്റ് ചെയ്യാത്ത, അതുകൊണ്ടുതന്നെ ഡിറ്റക്റ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കണങ്ങളാണ് ന്യൂട്രിനോകള്‍. ഒരു സെക്കന്റില്‍ നൂറു ട്രില്യണ്‍ ന്യൂട്രിനോകളാണ് നമ്മുടെ ശരീരത്തില്‍ക്കൂടി കടന്നു പോവുന്നത്. അവയെ ഡിറ്റക്റ്റ് ചെയ്യാനുള്ള ഉപകരണങ്ങള്‍ ഭൂമിക്കടിയിലാണ് സാധാരണ സ്ഥാപിക്കുക. മലകളുടെ അടിയിലായാല്‍ കൂടുതല്‍ എളുപ്പം. ഭൂമദ്ധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശമായാല്‍ വളരെ നന്നായി. എല്ലാം കൊണ്ടും ഉചിതമായ സ്ഥലം പശ്ചിമഘട്ടനിരകള്‍ക്കടുത്ത് തേനിയിലായിരുന്നു. നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച മെഗാ സയന്‍സ് ലാബുകളില്‍ ഒന്നായിരുന്നേനെ അത്.

പക്ഷേ നാട്ടിലെ പരിസ്ഥിതി തീവ്രവാദത്തിന്റെ ഇരയാവാനായിരുന്നു അതിന്റെ വിധി. ന്യൂട്രിനോകളേയും ന്യൂട്രോണുകളേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ‘ശാസ്ത്രലേഖക’രെഴുതിയ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നു. പൊടിപ്പും തൊങ്ങലും പിടിപ്പിച്ച പല പല കഥകളും വന്നു. ന്യൂട്രിനോകളെ നിരീക്ഷിക്കാനുള്ള ഇത്തരമൊരു ലാബുണ്ടാക്കിയാല്‍ ചെര്‍ണോബില്‍ ദുരന്തം പോലൊന്ന് ഉണ്ടായേക്കാമെന്നു വരെ ന്യൂസ് ബൈറ്റുകള്‍ വന്നു. ഒരൊറ്റ ന്യൂട്രിനോയെപ്പോലും തമിഴ്നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് വൈക്കോ ശപഥം ചെയ്തു.

കേരളത്തില്‍ ഇതിനെതിരെ നിലകൊണ്ടത് വി.എസ്. ആയിരുന്നു.

അതായിരുന്നു രാജാജിയുടെ ചോദ്യത്തിന്റെ കണ്ടക്സ്റ്റ്.

‘രാജാജി, ഹു എവര്‍ ഈസ് അഡൈ്വസിങ് ഹിം ഈസ് ഐദര്‍ ഇഗ്‌നോറന്റ് ഓര്‍ എ ഫ്രോഡ്. വെരി ലൈക്ലി ബോത്ത്’. ഞാന്‍ മറുപടി പറഞ്ഞു. അതെ, ഇതില്‍ വിഎസ്സിനെയല്ല, അദ്ദേഹത്തെ പ്രേരിപ്പിച്ചവരേയും അതിവൈകാരികത സൃഷ്ടിച്ച് ജനങ്ങളെ ഇളക്കി വിട്ടവരേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്.

കൂട്ടത്തില്‍ ഇതുകൂടി പറഞ്ഞു:

‘വിഎസ് ഈസ് എ ബോണ്‍ സോള്‍ജ്യര്‍. ഹി ഹാസ് ആള്‍വേയ്‌സ് ഫോട്ട് ഫോര്‍ ദ ബെറ്റെര്‍മെന്റ് ഓഫ് കോമണ്‍ പീപ്പിള്‍. ഹി മൈറ്റ് ബി റോങ്; ബട്ട്, ലൈക് പേരന്റ്‌സ്, ഹിസ് ഇന്റന്‍ഷന്‍സ് ആര്‍ നെവര്‍ റോങ്’.

കസ്തൂരിരംഗന്‍ തലയാട്ടി.

അതെ, തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം – ഉണ്ടാകാമെന്നല്ല; ഉണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശശുദ്ധി കുറ്റമറ്റതായിരുന്നു എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന ജനനായകര്‍ ഇല്ലാതായി വരുന്നതാണ് ശരിക്കുമുള്ള ദുര്യോഗം.

ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ; റഫറൻസ് ഇന്ന് സുപ്രീം കോടതിയിൽ

ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്ട്രപതിയുടെ 14 ചോദ്യങ്ങൾ; റഫറൻസ് ഇന്ന് സുപ്രീം കോടതിയിൽ

ഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ​ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ​ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരി​ഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.

ജസ്റ്റിസ് ബിആർ ​ഗവായ് അധ്യക്ഷനായ അഞ്ചം​ഗ ബഞ്ചാണ് റഫറൻസ് പരി​ഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിം​ഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് അം​ഗങ്ങൾ. തമിഴ്നാട് ​ഗവർണർക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും ​ഗവർണർക്കും സുപ്രീം കോടതി മൂന്ന് മാസം സമയപരിധി നിശ്ചയിച്ചത്. സമയപരിധി ലംഘിച്ചാൽ സംസ്ഥാന സർക്കാരിനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് വിധിച്ചിരുന്നു.

ഈ വിധിക്കെതിരെ ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങൾ. വിധിയിൽ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.

ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധിയില്ലെന്നു സുപ്രീം കോടതിക്കു കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് രാഷ്ട്രപതിയും ​ഗവർണർമാരും വിവേചനാധികാരം ഉപയോ​ഗിക്കുന്നത്.

ബില്ലുകളിൽ അം​ഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വ്യത്യസ്ത വിധികൾ പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാലാണ് ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ച് ഇക്കാര്യങ്ങളിൽ വ്യക്തത തേടുന്നത് എന്നും റഫറൻസിൽ രാഷ്ട്രപതി വ്യക്തമാക്കുന്നു.

ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് എതിരെ കുടുംബം

ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് എതിരെ കുടുംബം

നെടുമങ്ങാട്: വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ ബൈക്കിടിച്ച്, വിദ്യാർഥി അക്ഷയ് സുരേഷ്(19) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് എതിരെ കുടുംബം. മകന്റെ മരണത്തിനു കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് അക്ഷയയുടെ പിതാവ് സുരേഷ് കുമാർ ആരോപിച്ചു. സംഭവത്തിൽ സുരേഷ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.

‘ലൈനിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്തം കെഎസ്ഇബിക്കാണ്. സമീപത്തെ വൈദ്യുത പോസ്റ്റ് മാറ്റിയിട്ടും 20 വർഷത്തിലധികം പഴക്കംചെന്ന ഇൗ വൈദ്യുത തൂൺ മാറ്റിയില്ല. പോസ്റ്റിന് സ്റ്റേവയർ ഉണ്ടായിരുന്നെങ്കിൽ മരച്ചില്ല വീണപ്പോൾ ഒടിയേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല’– സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉടൻ പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു. അന്വേഷണം നടത്തി കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി.രാജേഷ്കുമാർ അറിയിച്ചു.

ശനി രാത്രി 12നാണ് പനയമുട്ടം വെള്ളായണി മൺപുറം അജയ വിലാസത്തിൽ അക്ഷയ് സുരേഷ് വാഹനാപകടത്തെ തുടർന്ന് ഷോക്കേറ്റ് മരിച്ചത്. പനയമുട്ടം പാമ്പാടി ദാറുസ്സലാം മസ്ജിദ് മദ്രസയ്ക്ക് മുന്നിൽ അപകടം നടന്ന സ്ഥലം നെടുമങ്ങാട് ആർഡിഒ കെ.പി.ജയകുമാറും സംഘവും ഇന്നലെ പരിശോധിച്ചു. റോഡിന്റെ വശത്തെ വൈദ്യുത തൂണിന്റെ സ്റ്റേ വയർ 2 ദിവസമായി പെ‍ാട്ടിക്കിടന്നതായി സംഘം വിലയിരുത്തി. ലൈനിൽ മരത്തിന്റെ ശിഖരം വീണപ്പോൾ പോസ്റ്റ് ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. സമീപത്തെ 11 കെവി ലൈനിന് മുകളിലായി ഒട്ടേറെ റബർ മരങ്ങളുണ്ട്.

ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ഉടമയ്ക്ക് നോട്ടിസ് നൽകാൻ ആർഡിഒ പഞ്ചായത്ത് സെക്രട്ടറി നജീമിനു നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പനവൂർ പഞ്ചായത്ത്‌ കമ്മിറ്റി പനവൂർ കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച്‌ നടത്തി. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ ആട്ടുകാൽ ബിനു ഉദ്ഘാടനം ചെയ്തു.

വ്യോമസേനയുടെ യുദ്ധാഭ്യാസം; അതിര്‍ത്തിയില്‍ നോട്ടാം മുന്നറിയിപ്പ്

വ്യോമസേനയുടെ യുദ്ധാഭ്യാസം; അതിര്‍ത്തിയില്‍ നോട്ടാം മുന്നറിയിപ്പ്

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് യുദ്ധാഭ്യാസ പ്രകടനങ്ങള്‍.

മുന്നറിയിപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നും നാളെയും യുദ്ധാഭ്യാസം നടത്താന്‍ പാകിസ്ഥാന്‍ വ്യോമസേനയും നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നുവെങ്കിലും അതിര്‍ത്തി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇു രാജ്യങ്ങളിലെയും വ്യോമസേനകള്‍ യുദ്ധാഭ്യാസം നടത്തുന്നതെന്നാണ് സൂചന.

നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയില്‍ മറ്റ് യാത്രാ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ഉണ്ടായിരിക്കില്ല.വ്യോമസേനയുടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. രാജ്യാന്തര അതിര്‍ത്തിയില്‍ ബാര്‍മര്‍ മുതല്‍ ജോധ്പുര്‍ വരെയുള്ള മേഖലയില്‍ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തില്‍ റഫാല്‍, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് ഉച്ചയ്ക്ക് ശേഷം വി എസ് ജന്മനാട്ടിലേക്ക്; വിലാപയാത്ര കടന്നുപോകുന്ന വഴികള്‍…

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങള്‍ പ്രധാന പ്രവര്‍ത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദര്‍ശനം പൂര്‍ത്തിയാക്കി, ഉച്ചയ്ക്ക് ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അര്‍പ്പിക്കാനായി ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.

തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ –

പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കെപിഎസി ജംഗ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി, കരിയിലക്കുളങ്ങര, നങ്ങാര്‍കുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി, റാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗണ്‍, വണ്ടാനം മെഡിക്കല്‍ കോളജ് എന്നീ വഴികളിലൂടെയാണ് പുന്നപ്രയിലെ വീട്ടിലെത്തിക്കുക. വഴികളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.