by Midhun HP News | Jul 22, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ ഭരണഘടന ബഞ്ച് ഇന്ന് പരിഗണിക്കും. വിധിയുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.
ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പിഎസ് നരസിംഹ, എഎസ് ചന്ദുർകർ എന്നിവരാണ് മറ്റ് അംഗങ്ങൾ. തമിഴ്നാട് ഗവർണർക്കെതിരായ കേസിലെ വിധിയിലാണ് രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രീം കോടതി മൂന്ന് മാസം സമയപരിധി നിശ്ചയിച്ചത്. സമയപരിധി ലംഘിച്ചാൽ സംസ്ഥാന സർക്കാരിനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ചാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങൾ. വിധിയിൽ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.
ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധിയില്ലെന്നു സുപ്രീം കോടതിക്കു കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്താണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചനാധികാരം ഉപയോഗിക്കുന്നത്.
ബില്ലുകളിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വ്യത്യസ്ത വിധികൾ പരമോന്നത കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാലാണ് ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ച് ഇക്കാര്യങ്ങളിൽ വ്യക്തത തേടുന്നത് എന്നും റഫറൻസിൽ രാഷ്ട്രപതി വ്യക്തമാക്കുന്നു.
by Midhun HP News | Jul 22, 2025 | Latest News, ജില്ലാ വാർത്ത
നെടുമങ്ങാട്: വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ ബൈക്കിടിച്ച്, വിദ്യാർഥി അക്ഷയ് സുരേഷ്(19) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് എതിരെ കുടുംബം. മകന്റെ മരണത്തിനു കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് അക്ഷയയുടെ പിതാവ് സുരേഷ് കുമാർ ആരോപിച്ചു. സംഭവത്തിൽ സുരേഷ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.
‘ലൈനിന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്തം കെഎസ്ഇബിക്കാണ്. സമീപത്തെ വൈദ്യുത പോസ്റ്റ് മാറ്റിയിട്ടും 20 വർഷത്തിലധികം പഴക്കംചെന്ന ഇൗ വൈദ്യുത തൂൺ മാറ്റിയില്ല. പോസ്റ്റിന് സ്റ്റേവയർ ഉണ്ടായിരുന്നെങ്കിൽ മരച്ചില്ല വീണപ്പോൾ ഒടിയേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല’– സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഉടൻ പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു. അന്വേഷണം നടത്തി കെഎസ്ഇബിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി.രാജേഷ്കുമാർ അറിയിച്ചു.
ശനി രാത്രി 12നാണ് പനയമുട്ടം വെള്ളായണി മൺപുറം അജയ വിലാസത്തിൽ അക്ഷയ് സുരേഷ് വാഹനാപകടത്തെ തുടർന്ന് ഷോക്കേറ്റ് മരിച്ചത്. പനയമുട്ടം പാമ്പാടി ദാറുസ്സലാം മസ്ജിദ് മദ്രസയ്ക്ക് മുന്നിൽ അപകടം നടന്ന സ്ഥലം നെടുമങ്ങാട് ആർഡിഒ കെ.പി.ജയകുമാറും സംഘവും ഇന്നലെ പരിശോധിച്ചു. റോഡിന്റെ വശത്തെ വൈദ്യുത തൂണിന്റെ സ്റ്റേ വയർ 2 ദിവസമായി പൊട്ടിക്കിടന്നതായി സംഘം വിലയിരുത്തി. ലൈനിൽ മരത്തിന്റെ ശിഖരം വീണപ്പോൾ പോസ്റ്റ് ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. സമീപത്തെ 11 കെവി ലൈനിന് മുകളിലായി ഒട്ടേറെ റബർ മരങ്ങളുണ്ട്.
ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ഉടമയ്ക്ക് നോട്ടിസ് നൽകാൻ ആർഡിഒ പഞ്ചായത്ത് സെക്രട്ടറി നജീമിനു നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പനവൂർ പഞ്ചായത്ത് കമ്മിറ്റി പനവൂർ കെഎസ്ഇബി ഓഫിസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആട്ടുകാൽ ബിനു ഉദ്ഘാടനം ചെയ്തു.
by Midhun HP News | Jul 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുദ്ധാഭ്യാസം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. നാളെ മുതല്‍ വെള്ളിയാഴ്ച വരെയാണ് രാജസ്ഥാന്‍, ഗുജറാത്ത് മേഖലയിലെ രാജ്യാന്തര അതിര്‍ത്തിക്ക് സമീപമാണ് യുദ്ധാഭ്യാസ പ്രകടനങ്ങള്‍.
മുന്നറിയിപ്പിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നും നാളെയും യുദ്ധാഭ്യാസം നടത്താന്‍ പാകിസ്ഥാന്‍ വ്യോമസേനയും നോട്ടാം പുറപ്പെടുവിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നുവെങ്കിലും അതിര്‍ത്തി മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇു രാജ്യങ്ങളിലെയും വ്യോമസേനകള്‍ യുദ്ധാഭ്യാസം നടത്തുന്നതെന്നാണ് സൂചന.
നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ച മേഖലയില്‍ മറ്റ് യാത്രാ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി ഉണ്ടായിരിക്കില്ല.വ്യോമസേനയുടെ സൗത്ത് വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആണ് യുദ്ധാഭ്യാസം നടത്തുന്നത്. രാജ്യാന്തര അതിര്‍ത്തിയില്‍ ബാര്‍മര്‍ മുതല്‍ ജോധ്പുര്‍ വരെയുള്ള മേഖലയില്‍ നടക്കുന്ന സൈനിക അഭ്യാസ പ്രകടനത്തില്‍ റഫാല്‍, മിറാഷ് 2000, സുഖോയ്-30 യുദ്ധ വിമാനങ്ങളും ,വ്യോമ പ്രതിരോധ സംവിധാനങ്ങളും ഭാഗമാകും.
by Midhun HP News | Jul 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങള്‍ പ്രധാന പ്രവര്‍ത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദര്‍ശനം പൂര്‍ത്തിയാക്കി, ഉച്ചയ്ക്ക് ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അര്‍പ്പിക്കാനായി ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ –
പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം, പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ്‌ബേ, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ, കെപിഎസി ജംഗ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി, കരിയിലക്കുളങ്ങര, നങ്ങാര്‍കുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി, റാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ ടൗണ്‍, വണ്ടാനം മെഡിക്കല്‍ കോളജ് എന്നീ വഴികളിലൂടെയാണ് പുന്നപ്രയിലെ വീട്ടിലെത്തിക്കുക. വഴികളില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Jul 22, 2025 | Latest News, കേരളം
സ്വർണവില റെക്കോഡ് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വളരെ ചെറിയ തുകയായി ഉയർന്ന സ്വർണവില ഇന്ന് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതോടെ ഒരു പവൻ സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി.
ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9180 രൂപയായിരുന്നു വില. ഇന്നത് 105 രൂപ വർദ്ധിച്ച് 9285 രൂപയായി വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണം 73,440 രൂപയിൽ നിന്ന് 74,280 രൂപയായി ഉയർന്നു.
24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,129 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,285 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,597 രൂപയുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
Recent Comments