തദ്ദേശതെരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജൂലൈ 23ന് ; ആക്ഷേപങ്ങൾ‌ ഓ​ഗസ്റ്റ് 7 വരെ സമർപ്പിക്കാം

തദ്ദേശതെരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജൂലൈ 23ന് ; ആക്ഷേപങ്ങൾ‌ ഓ​ഗസ്റ്റ് 7 വരെ സമർപ്പിക്കാം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർപട്ടിക ജൂലൈ 23ന് പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. അന്തിമപട്ടിക ഓഗസ്റ്റ് 30 ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ പറഞ്ഞു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിങ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 നകം പൂർത്തിയാക്കും. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇവിഎമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു.

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ് പട്ടികയിൽ പേരു ചേർക്കാൻ അർഹതയുള്ളത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലേയ്ക്കാണ് ഈ വർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 86 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും 152 ബ്‌ളോക്ക് പഞ്ചായത്തുകളിലും 14 ജില്ലാപഞ്ചായത്തുകളിലുമാണ് പൊതുതെരഞ്ഞെടുപ്പ്. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 സെപ്തംബർ 10ന് മാത്രമേ അവസാനിക്കുകയുള്ളൂ.

സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗതാഗത കമ്മീഷണര്‍ ബസ് ഉടമകളുമായി ആദ്യ ഘട്ടത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം; പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി

പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം; പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണ്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങള്‍ സ്‌കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ഥികള്‍ പുസ്തകം വാങ്ങേണ്ട സ്ഥിതിയില്‍ എത്തിക്കും. വിദ്യാര്‍ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം’- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ച് നാല് മാസമായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതില്‍ അടിയന്തര ഇടപെടല്‍ വേണം. കേന്ദ്രീയ വിദ്യാലയങ്ങളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് നിലവില്‍ പുസ്തകങ്ങളില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. ആദ്യ പാദ പരീക്ഷകള്‍ക്ക് കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുസ്തകങ്ങള്‍ വിതരണം ചെയ്യേണ്ട എന്‍സിഇആര്‍ടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ അതീവ ഗൗരവകരമാണ്.

ഏപ്രില്‍ ഒന്നിനാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യയനം ആരംഭിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് പഠന സാമഗ്രികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുക മാത്രമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ പുസ്തകങ്ങളില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ നേരിടാന്‍ സാധിക്കില്ല. ഇത് അവരുടെ പഠനത്തെ സാരമായി ബാധിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ എന്‍സിഇആര്‍ടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ അനാസ്ഥ അംഗീകരിക്കാനാവില്ല. പുസ്തകങ്ങള്‍ സ്‌കൂളില്‍ ലഭ്യമാക്കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും സ്വകാര്യ ബുക്ക് സ്റ്റോളുകള്‍ വഴിയും വിതരണം ചെയ്യാനാണ് നീക്കം. ഇത് പുസ്തകങ്ങള്‍ നിശ്ചയിച്ചതിലും വലിയ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ പുസ്തകം വാങ്ങേണ്ട സ്ഥിതിയില്‍ എത്തിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയെ മുന്‍നിര്‍ത്തി അടിയന്തരമായി പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം.

മലരിക്കല്‍: ടൂറിസ്റ്റുകള്‍ക്ക് ലൈഫ് ജാക്കറ്റ്, വള്ളങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍, വാഹന ഗതാഗതം ക്രമീകരിക്കും

മലരിക്കല്‍: ടൂറിസ്റ്റുകള്‍ക്ക് ലൈഫ് ജാക്കറ്റ്, വള്ളങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍, വാഹന ഗതാഗതം ക്രമീകരിക്കും

കോട്ടയം: മലരിക്കല്‍ ആമ്പല്‍പ്പാടം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഊഴ അടിസ്ഥാനത്തില്‍ വള്ളങ്ങള്‍ ക്രമീകരിക്കും. വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ യൂണിഫോം ധരിക്കണമെന്നും തീരുമാനമായിട്ടുണ്ട്.

ഗ്രാമപ്പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികള്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. മലരിക്കല്‍ ടൂറിസം സോണില്‍ വാഹനഗതാഗതം ക്രമീകരിക്കും. ടൂറിസ്റ്റുകള്‍ കാഞ്ഞിരംപാലം കടന്ന് മലരിക്കല്‍ ജങ്ഷനില്‍ എത്തി തിരിച്ചുപോകുന്ന വിധം പാര്‍ക്കിങ് നിര്‍ബന്ധമാക്കി. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഫീസ് നല്‍കി ഉപയോഗിക്കാം. വീതികൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ല.

മലരിക്കല്‍ ആമ്പല്‍ ടൂറിസം കര്‍ഷകര്‍ക്ക് വരുമാനം നല്‍കുന്ന മാതൃകയാക്കാനും തീരുമാനമുണ്ട്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ ജെ- ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരസമിതികളും, ഈപാടശേഖരങ്ങളില്‍ വളര്‍ന്ന ആമ്പലുകള്‍ക്കിടയില്‍ സഞ്ചാരികളെ വള്ളങ്ങളില്‍ എത്തിക്കുന്നവരും ചേര്‍ന്നാണ് ധാരണയുണ്ടാക്കിയത്.

ടൂറിസം സീസണ്‍ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്തിൽ കേടുപാട് സംഭവിച്ച വരമ്പുകള്‍ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ശക്തിപ്പെടുത്താനും തുക കര്‍ഷകര്‍ക്ക് ഉപയോഗിക്കാം. വള്ളങ്ങള്‍ അതത് പാടശേഖരസമിതികളുമായി ചേര്‍ന്ന് സഞ്ചാരികള്‍ക്കായി കടവുകള്‍ ക്രമീകരിക്കുന്നതാണ്.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, അപകടം നെടുമങ്ങാട്

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു, അപകടം നെടുമങ്ങാട്

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. പൊട്ടിവീണ ഇലക്ട്രിക് കമ്പിയിലേക്ക് ബൈക്ക് കയറിയാണ് അപകടം. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളില്ല.