by Midhun HP News | Jul 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴ ഇന്നും തുടരും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നല്‍കുന്ന ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.
തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ മഴയുടെ ശക്തികുറയുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെങ്കിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.
ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജനസുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മതപഠന കേന്ദ്രങ്ങള്‍ സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളില്‍ മാറ്റമില്ല.
by Midhun HP News | Jul 20, 2025 | Latest News, ജില്ലാ വാർത്ത
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലാ വിഷയങ്ങളിലടക്കം തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമായുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂട്ടിക്കാഴ്ച്ച. മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം. സർക്കാരിന് കടുത്ത തലവേദന സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു. കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ രൂക്ഷമായ തർക്കങ്ങളാണ് നിലനിൽക്കുന്നത്.
by Midhun HP News | Jul 19, 2025 | Latest News, കേരളം
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്.
മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ അവന്റെ പ്രിയപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം നടന്നത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) വെെദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.
by Midhun HP News | Jul 19, 2025 | Latest News, ജില്ലാ വാർത്ത
അഖിലേന്ത്യ ശുചിത്വ സർവ്വേ ആയ സ്വച്ഛ് സർവേക്ഷൻ 2024 റാങ്കിങ്ങിൽ 20000 മുതൽ 50000 വരെ ജനസംഖ്യ ഉള്ള സ്മാൾ സിറ്റി വിഭാഗത്തിൽ ആറ്റിങ്ങൽ നഗരസഭ സംസ്ഥാനത്തു മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടി. സംസ്ഥാന തലത്തിലെ മുഴുവൻ നഗരസഭകളുടെയും റാങ്കിങ്ങിൽ കഴിഞ്ഞ വർഷത്തെ 17ആം റാങ്കിൽ നിന്നും അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
ദേശിയ തല റാങ്കിങ്ങിൽ 156ആം സ്ഥാനവും ലഭിച്ചു. കഴിഞ്ഞ വർഷത്തെ 2669ആം റാങ്കിൽ നിന്നുമാണ് ആറ്റിങ്ങൽ 156ആം റാങ്കിലേക് അഖിലേന്ത്യാ തലത്തിൽ മുന്നേറിയത്. ആറ്റിങ്ങൽ നഗരസഭയ്ക് അകെ 8788 പോയിന്റ് ലഭിച്ചു, കഴിഞ്ഞ വർഷം ഇത് 2,897 ആയിരുന്നു. 2016 മുതൽ കേന്ദ്രസർക്കാർ നടത്തുന്ന ഈ ശുചിത്വ സർവേയിൽ അകെ നാലായിരത്തോളം നഗരസഭകൾ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ മട്ടന്നൂർ നഗരസഭ ഒന്നാം റാങ്കും ആലപ്പുഴ നഗരസഭ രണ്ടാം സ്ഥാനവും നേടി.
ഈ സർവേയുടെ ഭാഗമായി നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് (വെളിയിട വിസർജ്ജന മുക്തം) പദവി നേടാൻ സാധിച്ചു. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ നഗരസഭയുടെ ഈ നേട്ടത്തിന് സഹായകമായി.
ജൈവ-അജൈവ മാലിന്യ ശേഖരണം, തരംതിരിക്കൽ, സംസ്കരണ സംവിധാനങ്ങളുടെ പരിചരണവും മെച്ചപ്പെടുത്തലും, മാലിന്യകൂമ്പാരങ്ങൾ ഒഴിവാക്കി സൗന്ദര്യവത്കരണം, ശുചിത്വ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള വിവിധ ഐ.ഈ.സി പ്രവർത്തനങ്ങൾ എന്നിവ ഈ സർവേയുടെ മാനദണ്ഡങ്ങളാണ്. ഭരണ സമിതിയുടെ ക്രിയാത്മകമായ ഇടപെടലും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ശുചീകരണ തൊഴിലാളികളുടെയും പ്രവർത്തന മികവും, ജനങ്ങളുടെ ഹരിതകർമസേനയോടുള്ള സഹകരണവും നഗരസഭയുടെ ഈ നേട്ടത്തിന് പിന്തുണയായി.
by Midhun HP News | Jul 19, 2025 | Latest News, ജില്ലാ വാർത്ത
വീടുകളിലും സ്ഥാപനങ്ങളിലും വർഷങ്ങളായി ഉപയോഗശൂന്യമായി കെട്ടികിടക്കുന്ന ആപത്കരമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങൾ ഇനി പണം വാങ്ങി ഹരിതകർമസേനയ്ക്ക് കൈമാറാം. അജൈവ മാലിന്യ ശേഖരണത്തോടൊപ്പം ഇ-മാലിന്യങ്ങളും ഹരിതകർമസേന വഴി ശേഖരിക്കാൻ നഗരസഭ തീരുമാനിച്ചു.
ജൂലൈ 21 മുതൽ ഓഗസ്റ്റ് 15 വരെ 19-ാം വാർഡിൽ പർവ്വതിപുരത്തു കൃഷി ഭവനോട് അനുബന്ധമായി സ്ഥിതി ചെയ്യുന്ന നഗരസഭ ഹരിതകർമസേന ഓഫീസിലാണ് ഇ-മാലിന്യ ശേഖരണം സംഘടിപ്പിക്കുന്നത്. ജനങ്ങളിൽ നിന്ന് ഹരിതകർമസേന ശേഖരിക്കുന്ന ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങൾ വില നൽകി ഏറ്റെടുക്കും. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാവാസികളെ അറിയിക്കുന്നു.
മാലിന്യത്തിന്റെ തൂക്കം നോക്കി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വില പ്രകാരമാണ് മാലിന്യങ്ങൾ ഹരിതകർമസേന ഏറ്റെടുക്കുന്നത്. ആപത്കരമല്ലാത്ത 44 ഇനങ്ങളാണ് ശേഖരിക്കാൻ ഈ ഉദ്യമത്തിലൂടെ തീരുമാനിച്ചിരിക്കുന്നത്. ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കമ്പ്യൂട്ടർ തുടങ്ങിയവ ഇതിൽ ഉൾപെടും. ഓരോ വിഭാഗത്തിനും കിലോഗ്രാം നിരക്കിൽ ആണ് വില നൽകുന്നത്. പിക്ചർ ട്യൂബുകൾ പൊട്ടിയ പഴയ ടി വി കൾ, പൊട്ടിയ ട്യൂബുകൾ മുതലായ ആപത്കരമായവയ്ക്ക് വില ലഭിക്കുന്നതല്ല. പുനഃസംക്രമണത്തിനു യോഗ്യമായതിനു മാത്രമാണ് വില ലഭിക്കുന്നത്.
Recent Comments