അതിവേ​ഗം സർക്കാർ; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി

അതിവേ​ഗം സർക്കാർ; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്കും (കെടിയു), ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്നു നിയമനം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരായ ​ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതി​വേ​ഗ നീക്കം.

മൂന്നം​ഗ പട്ടികയാണ് സർക്കാർ കൈമാറിയിരിക്കുന്നത്. 10 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ള ഡിപ്പാർട്ട്മെന്റ് ​ഹെഡുമാരായിട്ടുള്ള മൂന്ന് പേരുകളുള്ള രണ്ട് പട്ടികകളാണ് താത്കാലിക വിസി നിയമനത്തിനായി സർക്കാർ നൽകിയത്.

ഗവർണർക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നു താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിം​ഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.

സർക്കാർ നൽകിയ പേരുകൾ

പ്രൊഫ. ഡോ. ജപ്രകാശ്, ഇൻചാർജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ

പ്രൊഫ. ഡോ. എ പ്രവീൺ, ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്, സിഇടി, തിരുവനന്തപുരം

പ്രൊഫ. ഡോ. ആർ സജീബ്, ഡിപ്പാർട്ട്മെന്റ് സിവിൽ എൻജിനീയറിങ് ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം

അനിശ്ചിതകാല ബസ് സമരം: സ്വകാര്യ ബസുടമകളുമായി ഇന്ന് ചർച്ച

അനിശ്ചിതകാല ബസ് സമരം: സ്വകാര്യ ബസുടമകളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് മൂന്നരയ്ക്ക് ​ഗതാ​ഗതമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ചര്‍ച്ച. ഈ മാസം 22-ാം തിയതി മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളെ ചർച്ചയ്ക്ക് വിളിച്ചത്.

വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.

32000 ബസുകള്‍ ഉണ്ടായിരുന്ന വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. അതുകൊണ്ട് ഇനിയും ഈ പ്രശനങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. ഗതാഗത കമ്മീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് ബസുടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ

ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്. മണ്ണിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിലായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25നാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തെരച്ചിലിൻ്റെ ഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും മുന്നോട്ട് പോവുകയായിരുന്നു.

72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

കേരള കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ധർണ്ണ സംഘടിപ്പിച്ചു

കേരള കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഓണക്കാലത്ത് കേരളത്തിന് കേന്ദ്ര സർക്കാർ അരി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരള കർഷകതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ നടത്തിയ ധർണ്ണ കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി.പി മുരളി ഉദ്ഘാടനം ചെയ്തു.

ഏര്യാ പ്രസിഡൻ്റ് സി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ആർ രാജു, സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി വ്യാസൻ, പി മണികണ്ഠൻ, ചിറയിൻകീഴ് ലോക്കൽകമ്മിറ്റി സെക്രട്ടറി വി സുഭാഷ്, കെ.എസ്.കെ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം വിജു കുമാർ, ഏരിയാ ജോയിൻ്റ് സെക്രട്ടറി എസ് സതീഷ് കുമാർ, ഏരിയാ കമ്മിറ്റി അംഗം സി. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.

മേലാറ്റിങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേലാറ്റിങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മേലാറ്റിങ്ങൽ ഡിവൈഎഫ്ഐ യൂണിറ്റും തിരുവനന്തപുരം എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയും ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമുവും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മേലാറ്റിങ്ങിൽ ഡിവൈഎഫ്ഐ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്.