പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് വേഗം നടപടി വേണം : ജെ.കെ മേനോൻ

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് വേഗം നടപടി വേണം : ജെ.കെ മേനോൻ

ദോഹ: പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിന് വേണ്ടി പ്രവാസികളുടെ വോട്ട് അവകാശ തീരുമാനം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിനായി പലരും രംഗത്ത് വന്നെങ്കിലും പ്രശ്നം ഇപ്പോഴും തണുത്ത മട്ടിലാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമീഷനും കോടതികളും പ്രശ്നം നീട്ടി കൊണ്ട് പോകാതെ ആവശ്യം അംഗീകരിക്കണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ നടന്ന ഇൻഡോ അറബ് ഫ്രണ്ട്ഷിപ് സെന്ററിന്റെ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുള്ള വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽ സുവൈദ് ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഡോ. ഹംസ വി.വി , എൻ വി ബി എസ് ബാഡ്മിന്റൺ അക്കാദമി ഫൗണ്ടേഷൻ പ്രസിഡന്റ് മനോജ് സാഹിബ് ജാൻ , റഫീഖ് ,ശറഫുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഐ എ എഫ് സി സെക്രട്ടറി ജനറൽ മുഹമ്മദ് മാഹീൻ സ്വാഗതവും ആസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.

‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..’, കുറിപ്പുമായി വിഎസിന്റെ മകന്‍

‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..’, കുറിപ്പുമായി വിഎസിന്റെ മകന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റുമായി മകന്‍ അരുണ്‍ കുമാര്‍. പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍ എന്ന കുറിപ്പോടെ വിഎസിന്റേയും ഭാര്യയുടേയും പഴയ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്.

1967 ജൂലായ് 18 നായിരുന്നു വിഎസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹ റാവു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് മുഹൂര്‍ത്തമോ സദ്യയോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. പരസ്പരം ഒരു പൂമാല ചാര്‍ത്തി വളരെ ലളിതമായിട്ടാരുന്നു വിവാഹം നടന്നത്.

തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വി എസ്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘം സന്ദര്‍ശിച്ച് ചികിത്സകള്‍ വിലയിരുത്തി. തുടര്‍ന്ന് വിഎസിന്റെ കുടുംബാംഗങ്ങളും എസ്‌യുടിയിലെ ഡോക്ടര്‍മാരും ഉള്‍പ്പെടെ അവലോകന യോഗം ചേര്‍ന്ന് വിഎസിന് ഇപ്പോള്‍ നല്‍കി വരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ടും ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സകളും തുടരാന്‍ തീരുമാനമായി. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ജൂണ്‍ 23 ാം തിയതിയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

വര്‍ഷങ്ങള്‍!

ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..

പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്‌നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍…

തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ചു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറി. ജാര്‍ഖണ്ഡ്‌ന് മുകളിലെ തീവ്ര ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 19-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ (പ്രത്യേകിച്ചും മലയോരമേഖലകളിലുള്ളവര്‍ ) ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അഞ്ചു ജില്ലകൡ തീവ്ര മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഒമ്പതു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 19 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

‘ട്രാക്ടര്‍ യാത്ര മനപ്പൂര്‍വം’; എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

‘ട്രാക്ടര്‍ യാത്ര മനപ്പൂര്‍വം’; എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

ട്രാക്ടറില്‍ ഡ്രൈവര്‍ ഒഴിച്ച് ഒരാളും കയറാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം ഉള്ളതാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് എഡിജിപി ട്രാക്ടറില്‍ പോയത് മനപ്പൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദേവസ്വം സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.

പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.

വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി എം ആർ അജിത് കുമാർ പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ കയറിയത്. സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി. അവിടെ എഡിജിപി ഇറങ്ങി നടന്നു പോകുകയായിരുന്നു. തിരിച്ചും അതേപടി ട്രാക്ടറിൽ പമ്പയിലെത്തി. സിസിടിവി കാമറകൾ ഒന്നും ഇല്ലാത്ത സ്ഥലത്തുകൂടിയായിരുന്നു എഡിജിപിയുടെ ട്രാക്ടർ യാത്രയെന്നാണ് റിപ്പോർട്ട്.

അതിവേ​ഗം സർക്കാർ; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി

അതിവേ​ഗം സർക്കാർ; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിലേക്കും (കെടിയു), ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്നു നിയമനം നൽകണമെന്നു സർക്കാർ ആവശ്യപ്പെട്ടു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ സിം​ഗിൾ ബഞ്ച് ഉത്തരവിനെതിരായ ​ഗവർണറുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് സർക്കാരിന്റെ അതി​വേ​ഗ നീക്കം.

മൂന്നം​ഗ പട്ടികയാണ് സർക്കാർ കൈമാറിയിരിക്കുന്നത്. 10 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ള ഡിപ്പാർട്ട്മെന്റ് ​ഹെഡുമാരായിട്ടുള്ള മൂന്ന് പേരുകളുള്ള രണ്ട് പട്ടികകളാണ് താത്കാലിക വിസി നിയമനത്തിനായി സർക്കാർ നൽകിയത്.

ഗവർണർക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്നു താത്കാലിക വിസിമാരെ നിയമിക്കണമെന്ന സിം​ഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചിരുന്നു.

സർക്കാർ നൽകിയ പേരുകൾ

പ്രൊഫ. ഡോ. ജപ്രകാശ്, ഇൻചാർജ് ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ

പ്രൊഫ. ഡോ. എ പ്രവീൺ, ഡിപ്പാർട്ട്മെന്റ് ഓഫ് സിവിൽ എൻജിനിയറിങ്, സിഇടി, തിരുവനന്തപുരം

പ്രൊഫ. ഡോ. ആർ സജീബ്, ഡിപ്പാർട്ട്മെന്റ് സിവിൽ എൻജിനീയറിങ് ടികെഎം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം