by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണ വിതരണ കമ്പനികള്‍ പറയുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില 109.73 രൂപയായി. 98.63 രൂപയാണ് പുതുക്കിയ ഡീസല്‍ വില.
ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 97.77 രൂപയില്‍ നിന്ന് 98.64 രൂപയായി ഉയര്‍ന്നു. ഡീസലിന് മുന്‍പുണ്ടായിരുന്ന 90.67 രൂപയില്‍ നിന്ന് ഇപ്പോള്‍ 91.58 രൂപയായാണ് വര്‍ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലിറ്ററിന് 3 രൂപ വീതം വര്‍ദ്ധിപ്പിച്ചത്. മുംബൈയില്‍ പെട്രോള്‍ വില 91 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 107.59 രൂപയായും ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 94.08 രൂപയായും ഉയര്‍ന്നു.
കൊല്‍ക്കത്തയില്‍ 96 പൈസയാണ് വര്‍ധിച്ചത്. പെട്രോള്‍ വില ലിറ്ററിന് 109.70 രൂപയായി. ഇവിടെ ഡീസല്‍ വില 94 പൈസ വര്‍ദ്ധിച്ച് 96.07 രൂപയിലെത്തി. ചെന്നൈയില്‍ പെട്രോള്‍ വില 82 പൈസ വര്‍ദ്ധിച്ച് ലിറ്ററിന് 104.49 രൂപയായും ഡീസല്‍ വില 86 പൈസ വര്‍ദ്ധിച്ച് 96.11 രൂപയായും ഉയര്‍ന്നു.

by Midhun HP News | May 19, 2026 | Latest News, കേരളം
കണ്ണൂര്‍: പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്.
കഴിഞ്ഞ ഏപ്രില്‍ 18ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് ചുറ്റികയെടുത്താണ് തലയ്ക്ക് അടിച്ചത്. കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നല്കാന് തണ്ണിമത്തന് ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകില്‍ നിന്നും ആക്രമിച്ചത്.
ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച്ച പകല്‍ 12ന് ശേഷം.
അച്ഛന്: കളത്തേര രാമകൃഷ്ണന്.
അമ്മ: കാക്കാമണി ശാന്ത.
ഭാര്യ: അരുണിമ (ഫാര്‍മസിസ്റ്റ്, കണ്ണപുരം എഫ്എച്ച്സി).
മക്കള്‍: വസുദേവ്, വാമിക.
സഹോദരങ്ങള്‍: പ്രമോദ്, പ്രസീത.
by Midhun HP News | May 19, 2026 | Latest News, കേരളം
കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗര്‍ഭിണി സോന (27) മരിച്ച സംഭവത്തില്‍ തീപിടിത്തത്തിന് കാരണം പെട്രോള്‍ എന്ന് പൊലീസ് നിഗമനം. കാറിനുള്ളില്‍ പെട്രോള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. തീ കത്താന്‍ ഉപയോഗിച്ച പെട്രോള്‍ എങ്ങനെ കാറിലെത്തിയെന്നു കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
കാറിനു ഇന്ധന ചേര്‍ച്ച ഇല്ലെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചതല്ലെന്നും ഫൊറന്‍സിക്, മോട്ടര്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പെട്രോള്‍ പമ്പുകളിലും ടൗണിലെ സിസിടിവിയിലും പൊലീസ് പരിശോധന നടത്തി. വാഹനത്തില്‍ എത്താതെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയ ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ റോഡിനു സമീപം കന്നാസുമായി പോകുന്ന സിസിടിവിയില്‍ പതിഞ്ഞ സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സിസിടിവിയിലെ ദൃശ്യങ്ങള്‍ ഇന്നു കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. കാറിന്റെ പിന്‍ഭാഗത്തുനിന്നു തീ പടര്‍ന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എസി, റേഡിയേറ്റര്‍, വയറിങ്, എന്ജിന് റൂം എന്നിവയ്ക്കു തകരാറില്ലെന്നു മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.
പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലില്‍ രജിന് ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്. അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്കിയ മൊഴി.
തിരികെവന്ന ശേഷമാണു രജിന്‍ലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രജിന് ലാലിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകും. പേരാമ്പ്രയില്‍ ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല. അപകടത്തില്‍ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

by Midhun HP News | May 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 13-ാം നമ്പറിന് വീണ്ടും ശനിദശ!. ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ കാറിന് ഉപയോഗിച്ച 13-ാം നമ്പര്‍ വി ഡി സതീശന് സര്‍ക്കാരിലെ മന്ത്രിമാരില്‍ ആര്‍ക്കും വേണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക് ആണ് ഈ നമ്പര്‍ ആവശ്യപ്പെട്ടത്.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി ഡി സതീശന് സര്‍ക്കാരിലെ മന്ത്രിമാരില്‍ ആരും തന്നെ 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടൂറിസം വകുപ്പ് ആണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. കീഴ് വഴക്കം അനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉപയോഗിച്ച കാറുകള്‍ ഒരുക്കി നല്‍കുകയാണ് പതിവ്. ഇത്തവണ മന്ത്രിമാരില്‍ പലരും 13-ാം നമ്പര്‍ വേണ്ടെന്ന് അധികൃതരെ അറിയിച്ചതായാണ് വിവരം. ഇനി ആരെങ്കിലും 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ടു വരുമോ എന്ന കാത്തിരിപ്പിലാണ് അധികൃതര്‍.
മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പതിവ്. ഷിബു ബേബി ജോണ്‍ കാറിന് 71-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. ഒ ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പര്‍ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. പിണറായി സര്‍ക്കാരിന് തൊട്ടുമുന്‍പുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആരും തന്നെ 13-ാം നമ്പര്‍ ഉപയോഗിച്ചിട്ടില്ല. വി എസ് സര്‍ക്കാരില്‍ എം എ ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്.

by Midhun HP News | May 19, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് ബന്ധുക്കളും നാട്ടുകാരും. ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാള്‍ അവധിക്ക് മുമ്പായി പുറത്തിറങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നല്കി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളില്‍ 20 വര്‍ഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് 19ാം തീയതി അവസാനിക്കുന്നത്.
മലയാളികള്‍ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നല്‍കിയത്. ആ ദൗത്യം ആണ് വിജയത്തിലേക്ക് എത്തുന്നത്. 2006 നവംബറിലാണ് സൗദി ബാലന് അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു.
റഹീമിന്റെ മോചനത്തിനായി പിരിഞ്ഞുകിട്ടിയതില്‍ പതിനൊന്നരക്കോടി രൂപയോളം ബാക്കിയുണ്ട്. റഹീം നാട്ടിലെത്തിയ ശേഷം കമ്മിറ്റി ചേര്‍ന്ന് ഫണ്ട് എന്ത് ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Recent Comments