‘രണ്ടാമത്തെ കീമോയ്ക്ക് ശേഷം അഞ്ച് ദിവസം ഐസിയുവിൽ, തിരിച്ചു വരും എന്നാണ് ഉറച്ച വിശ്വാസം’; ആരോ​ഗ്യാവസ്ഥ പറഞ്ഞ് രേണു

‘രണ്ടാമത്തെ കീമോയ്ക്ക് ശേഷം അഞ്ച് ദിവസം ഐസിയുവിൽ, തിരിച്ചു വരും എന്നാണ് ഉറച്ച വിശ്വാസം’; ആരോ​ഗ്യാവസ്ഥ പറഞ്ഞ് രേണു

അതികഠിനമായ വേദനയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം രേണു സുധി. രണ്ടാമത്തെ കീമോ തെറാപ്പിക്ക് ശേഷം അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുവെന്നും രേണു പറയുന്നു.

രേണുവിന് കാൻസർ ഇല്ലെന്നും മരുന്ന് ബില്ലുകൾ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നുമുള്ള ചില വ്ലോഗർമാരുടെ പ്രചാരണങ്ങൾക്കെതിരെ രേണുവിന്റെ സഹോദരിയും മറുപടി പറഞ്ഞു. യൂട്യൂബിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവും സഹോദരിയും ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

“ഞാൻ അഞ്ച് ദിവസമായിട്ട് ഹോസ്പിറ്റലിൽ ഐസിയുവിൽ ആയിരുന്നു. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇപ്പോള്‍. അവരുടെ പ്രാർഥന കൊണ്ട് ഞാനിപ്പോൾ ഡിസ്ചാർജ് ആയി. രണ്ടാമത്തെ കീമോയാണ് കഴിഞ്ഞത്. കഴിഞ്ഞ പ്രാവശ്യത്തെ കീമോയെക്കാളും ശരീരത്തിന് ഭയങ്കര അസ്വസ്ഥതയും വേദനയും ക്ഷീണവും ഛര്‍ദ്ദിയും ഒക്കെ ആയിരുന്നു.

എനിക്കുവേണ്ടി ഒരുപാട് പേര്‍ പ്രാർഥിക്കുന്നുണ്ടെന്നും നേർച്ച കഴിക്കുന്നുണ്ടെന്നും‌ എനിക്കറിയാം. അവരോടൊക്കെ ഏത് രീതിയിലാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. ഇനിയിപ്പോൾ എനിക്ക് നാല് കീമോ കൂടെ ഉണ്ട്. ആ നാല് കീമോയും കഴിഞ്ഞ് ഞാൻ മടങ്ങി വരുമെന്നാണ് എന്റെ വിശ്വാസം. അപ്പോള്‍ നിങ്ങളുടെ പ്രാർഥന വേണം. അതുപോലെ നാല് കീമോ കഴിഞ്ഞ് ഓപ്പറേഷൻ ഉണ്ട്.

അപ്പോഴും എല്ലാവരും പ്രാർഥിക്കണം. ഞാൻ ഇവിടെ കിടന്നുകൊണ്ട് ആലോചിച്ചിരുന്നു, മാരക അസുഖമൊന്നും വരരുതേയെന്ന് കുഞ്ഞിലെ മുതലേ ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും ഇങ്ങനെ വന്നല്ലോയെന്ന് ഞാന്‍ ദൈവത്തോട് ചോദിച്ചു. അപ്പോള്‍ ദൈവം എനിക്ക് മറുപടി തന്നത്, ഇങ്ങനെ ഒരു അസുഖം വന്നതുകൊണ്ട് നാളെ നിനക്ക് പറയാൻ പറ്റും അസുഖത്തിൽ നിന്ന് ദൈവം വിടുവിച്ചു, ഒരുപാട് പേരുടെ സ്നേഹവും പ്രാർഥനയും സത്യമാണെന്ന് തെളിഞ്ഞുവെന്ന്.

ഞാൻ തിരിച്ചു വരും എന്നാണ് എന്റെ ഉറച്ച വിശ്വാസം. ഞാൻ ഓടി നടന്ന ഒരു വ്യക്തിയാണെന്ന് നിങ്ങൾക്കൊക്കെ അറിയാം. അത് ചിലരെ അലോസരപ്പെടുത്തിയിരുന്നു. ചിലര്‍ എനിക്ക് എതിരെ നിന്നു. പക്ഷേ എന്‍റെ കുടുംബവും ബന്ധുക്കളും കുറേ നല്ല ആളുകളും എനിക്കൊപ്പം നിന്നു, പഴയ കാര്യങ്ങള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അതികൊണ്ട് വിഷമമേ വരൂ.

കഴിഞ്ഞത് കഴിഞ്ഞു. നാളെ ഇതില്‍ നിന്ന് രക്ഷപെട്ടിട്ട് എന്തൊക്കെയാണ് ചെയ്യാനുള്ളത്, എന്‍റെ കുഞ്ഞിന്, വീട്ടുകാര്‍ക്ക്, എന്നെ സ്നേഹിച്ചവര്‍ക്ക് വേണ്ടിയൊക്കെ എന്താണ് ചെയ്യാനുള്ളത് എന്നൊക്കെ ആലോചിച്ചു. അപ്പോള്‍ മനസിന് കുറച്ച് ധൈര്യം കിട്ടി. ഒരു കാര്യത്തിലേ ഉള്ളൂ വിഷമം. റിതപ്പന്‍റെ കാര്യത്തിൽ. പക്ഷേ അവൻ എന്നെക്കാളും മനസ്സിന് കട്ടിയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.

ആശുപത്രിയില്‍ വന്നാല്‍ എന്നെ കാണാന്‍ പറ്റില്ലെന്ന് അവനറിയാം. വീട്ടുകാര്‍ വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് അവന്‍ പറഞ്ഞു, വന്നാലും അമ്മയെ കാണാന്‍ പറ്റില്ലല്ലോ എന്ന്. അവന് ആരുമില്ലെന്ന് വിഷമിക്കേണ്ടി വന്നിട്ടില്ല. കാരണം എന്റെ ചേച്ചിയുടെ മക്കളാണെങ്കിലും അവനെ സ്വന്തം സഹോദരനെ പോലെയാണ് നോക്കുന്നത്.

മൂന്നു പേരും ഒരുപോലെയാണ് വളരുന്നത്. അങ്ങനെ അവനെ ചേർത്തു പിടിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്. പിന്നെ മനസ് അധികം വിഷമിക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു. ഫോൺ ഉപയോ​ഗിക്കരുതെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഫോൺ ഉപയോ​ഗിക്കുന്നില്ല. ഇതെന്റെ വരുമാന മാർ​ഗമാണ്. എനിക്ക് വേറെ വഴിയില്ല.

ഒരുപാട് പൈസ ആവശ്യമാണ്, എനിക്ക് തിരിച്ചു വരണമെങ്കിൽ. അപ്പോള്‍ എനിക്കിത് കൂടിയേ തീരൂ. യൂട്യൂബ് ചാനൽ വരുമാനമല്ലാതെ വേറെ മാർ​ഗം എനിക്കില്ല. അപ്പോൾ എന്നെ സ്നേഹിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യുക ഈ ഒരു ചാനൽ. കഴിവതും എന്നെ അവഹേളിക്കുന്നവര്‍ പറയുന്ന പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി അത് വീണ്ടും ആസ്വദിക്കാതിരിക്കുക.

എന്നെപ്പോലുള്ള ഒരുപാട് രോഗികളുണ്ട്. ആ വിഷമം വന്നവര്‍ക്കേ മനസിലാകൂ. ആ വേദനകൾ മനസ്സിലാക്കി അവരോട് കുറച്ചെങ്കിലും കരുണ കാണിക്കാൻ ശ്രമിക്കുക”.- രേണു പറഞ്ഞു. “കാൻസർ ഇല്ലെന്നും മരുന്നിന്റെ ബിൽ എഐ ഉപയോഗിച്ച് വ്യാജമായി ഉണ്ടാക്കിയതാണെന്നും ചില വ്ലോഗർമാർ പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ സാഹചര്യം കൊണ്ടാണ് ആ ബിൽ പോലും സോഷ്യൽ മീഡിയയിൽ കാണിക്കേണ്ടി വന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ല”.- രേണുവിന്റെ സഹോദരി പറഞ്ഞു.

മൈനിംഗ് ആൻഡ് ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

മൈനിംഗ് ആൻഡ് ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

കണ്ണൂർ: പൂഴി മണ്ണ് ശേഖരിച്ച് വ്‌ൽക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടര്‍ വിജിലൻസിന്റെ പിടിയിലായി. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയായ പി.പി. ശ്രീധരനെയാണ് (49) വിജിലൻസ് സംഘം ഇന്നലെ വൈകുന്നേരം രാസപദാർത്ഥം പുരട്ടിയ പണവുമായി ഇരിണാവ് ജംഗ്ഷന് സമീപത്തുനിന്ന് കയ്യോടെ പിടികൂടിയത്.

ചെറുകുന്ന് സ്വദേശിയായ പരാതിക്കാരൻ പൂഴി മണ്ണ് ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള ലൈസൻസിനായി 2025 ജൂണ്‍ മാസത്തിലാണ് കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ ഫയലിൽ മനഃപൂർവ്വം കാലതാമസം വരുത്തിയതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയെ തുടർന്ന് ഈ മാസം എട്ടിന് രേഖകളുമായി ഓഫീസിലെത്തിയ പരാതിക്കാരനോട് സൈറ്റ് പരിശോധനയ്ക്ക് ശേഷം അനുമതി നൽകാമെന്ന് പറഞ്ഞ് മിനറൽ റവന്യൂ ഇൻസ്പെക്ടർ ശ്രീധരൻ തിരിച്ചയച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 15-ന് പരാതിക്കാരൻ വീണ്ടും ഓഫീസിലെത്തി ശ്രീധരനെ കണ്ടു.

സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കിൽ തന്നെ ‘വേണ്ട രീതിയിൽ കാണണം’ എന്നും, ഇല്ലെങ്കിൽ ഫയൽ മുന്നോട്ട് പോകില്ലെന്നും വ്യക്തമാക്കിയ ശ്രീധരൻ 30,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് പരാതിക്കാരൻ അറിയിച്ചതോടെ, തുക 15,000 രൂപയായി കുറയ്ക്കുകയും ജൂലൈ 16-ന് പരിശോധനയ്ക്ക് എത്തുമ്പോൾ ഈ പണം കൈമാറണമെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ ഉടൻ തന്നെ വിജിലൻസ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ കെണിയൊരുക്കി.

ഇന്നലെ വൈകുന്നേരം 4.30 ഓടെ ഇരിണാവ് ജംഗ്ഷന് സമീപം വെച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലിപ്പണമായ 15,000 രൂപ വാങ്ങുന്നതിനിടെ ഒളിച്ചിരുന്ന വിജിലൻസ് സംഘം ശ്രീധരനെ വളയുകയും തുക പിടിച്ചെടുക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

‘കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല’; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

‘കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല’; വി ഡി സതീശനെ തള്ളി ടാറ്റ ഗ്രൂപ്പ്

മുംബൈ: കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. സംസ്ഥാനത്ത് നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട അനുമതിക്കായി ടാറ്റ ഗ്രൂപ്പ് അപേക്ഷ നല്‍കിയതായും ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വി ഡി സതീശന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇങ്ങനെയൊരു പദ്ധതി ആലോചനയിലില്ലെന്ന് ടാറ്റ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോണിക്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണം.

‘ബ്ലൂംബെര്‍ഗ് അഭിമുഖത്തിന്റെ വിഡിയോ കണ്ടു, മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്നറിയില്ല. അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച കാര്യമണോ ഇതെന്ന് സംശയമുണ്ടെന്നും’ ടാറ്റ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് പറഞ്ഞു.

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് അപേക്ഷ കിട്ടിയെന്നാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞത്. അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. തുടര്‍ന്ന് കപ്പല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം അനുവദിക്കും. ടാറ്റ ഗ്രൂപ്പിന്റെ നിര്‍ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായാണ് കാണുന്നത്. ഒരു മാസത്തിനകം ഇതിന് അംഗീകാരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും വി ഡി സതീശന്‍ പറഞ്ഞിരുന്നു.

80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം; കേന്ദ്ര നിരക്ക് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

80 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിക്കണം; കേന്ദ്ര നിരക്ക് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: കേരളത്തിലെ വയോധികര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപീകരിച്ചിരിക്കെ, പെന്‍ഷന്‍ വര്‍ധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് തലസ്ഥാനത്തെ ഒരു 88കാരന്‍. 80 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരക്കില്‍ അധിക പെന്‍ഷന്‍ അനുവദിക്കണമെന്നാണ് പട്ടം സ്വദേശിയായ എംജെ ആന്റണി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടുതല്‍ പേര്‍ക്കും ഇത്തരമൊരു അധിക പെന്‍ഷന്‍ ആനുകൂല്യത്തെക്കുറിച്ച് അറിവില്ലെന്ന് ആന്റണി പറയുന്നു. സുഹൃത്തും മറ്റൊരു പെന്‍ഷനറുമായിരുന്ന കെഎം ജോസഫിനൊപ്പമാണ് ആന്റണി ഈ ശ്രമങ്ങള്‍ ആരംഭിച്ചതെങ്കിലും, ജോസഫിന്റെ മരണത്തോടെ ആന്റണി ഒറ്റയ്ക്കായി. എങ്കിലും, പ്രായമായ തന്റെയും മറ്റ് ആയിരക്കണക്കിന് പെന്‍ഷന്‍കാരുടെയും ചികിത്സാച്ചെലവുകള്‍ക്കും അവശതകള്‍ക്കും പിന്തുണയായി ഈ അധിക പെന്‍ഷന്‍ നേടിയെടുക്കാനുള്ള പോരാട്ടത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയിട്ടില്ല.

പെന്‍ഷന്‍ ഒരു ദാനമല്ലെന്നും വാര്‍ധക്യകാലത്ത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്നും സുപ്രീംകോടതി മുന്‍പ് വിധിച്ചിട്ടുണ്ടെന്ന് ആന്റണി ചൂണ്ടിക്കാണിക്കുന്നു. പ്രസിദ്ധമായ ഡിഎസ് നകാര വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണത്. അഞ്ചാം കേന്ദ്ര ശമ്പള കമ്മീഷനും ആറാം ശമ്പള കമ്മീഷനും പ്രായമാകുന്തോറും ആരോഗ്യ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ഫോര്‍മുല പ്രകാരം 80 വയസ്സ് തികയുമ്പോള്‍ അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനം അധികമായി നല്‍കണം. പ്രായം കൂടുന്തോറും ഇത് വര്‍ധിപ്പിച്ച് 100 വയസ്സ് തികയുമ്പോള്‍ 100 ശതമാനം അധിക പെന്‍ഷന്‍ നല്‍കണം. കേരളമൊഴികെ മറ്റ് പല സംസ്ഥാനങ്ങളും ഈ കേന്ദ്ര മാതൃക പിന്തുടരുന്നുണ്ടെന്ന് ആന്റണി പറയുന്നു.

2009ലെ കേരള പേ റിവിഷന്‍ കമ്മീഷന്‍ 80 വയസ്സില്‍ 5 ശതമാനവും 100 വയസ്സില്‍ 50 ശതമാനവും അധിക പെന്‍ഷന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. 2011ല്‍ യുഡിഎഫ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ കേന്ദ്ര നിരക്കിന് തുല്യമായി പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അധികാരം ലഭിച്ചപ്പോള്‍ അത് നടപ്പാക്കിയില്ല. തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്ന് ആന്റണി പറയുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ ആവശ്യത്തെ തള്ളിക്കളയുകയായിരുന്നു. 2019ലെ കേരള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 1000 രൂപ ‘പ്രത്യേക പരിചരണ അലവന്‍സ്’ ആയി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

സംസ്ഥാനത്ത് പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍, 2011ലെ തെരഞ്ഞെടുപ്പ് വാഗ്ദാനവും ഭരണഘടനാപരമായ അവകാശവും സര്‍ക്കാര്‍ മാനിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആന്റണി ആവശ്യപ്പെടുന്നു. 80 കഴിഞ്ഞ മിക്ക പെന്‍ഷന്‍കാരും ശയ്യാവലംബരാണെന്നും മരുന്നുകള്‍ക്കും പരിചരണത്തിനുമായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

ഇറാനില്‍ യുഎസ് വ്യോമാക്രമണം ശക്തം: റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിച്ച് ഇറാന്‍

ഇറാനില്‍ യുഎസ് വ്യോമാക്രമണം ശക്തം: റെയില്‍വേ സ്റ്റേഷനും പാലങ്ങളും തകര്‍ത്തു; തിരിച്ചടിച്ച് ഇറാന്‍

ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഗതാഗത സംവിധാനങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് യുഎസ് വ്യോമാക്രമണം ശക്തമാക്കുന്നു. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിലെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടര്‍ച്ചയായ ആറാം ദിവസമാണ് യുഎസ് സേന ഇറാനില്‍ ആക്രമണം നടത്തുന്നത്. ഇറാന്റെ സൈനിക ശേഷി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണ പരമ്പരയെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. പാലങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൂടാതെ, ഇറാന്റെ ഏക സിവിലിയന്‍ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെഹര്‍ നഗരത്തിലും സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

യുഎസ് ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ ശക്തമായ തിരിച്ചടി തുടങ്ങി. ജോര്‍ദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചു. അഹ്വാസിലെ കുട്ടികളുടെ കാന്‍സര്‍ ആശുപത്രിക്ക് സമീപം യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാന്‍ വ്യക്തമാക്കി.

അമേരിക്കയുടെ മറ്റ് ഗള്‍ഫ് സഖ്യകക്ഷികളായ കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായി. കുവൈറ്റ് തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിയപ്പോള്‍, ബഹ്‌റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.