by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി കേരള സിലബസുകാര്‍. പുതിയ ഫോര്‍മുല അനുസരിച്ച് തയ്യാറാക്കിയ കീം റാങ്ക് പട്ടികയാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെയ്ക്കുകയും ചെയ്തു. കീമില്‍ ഇനി നിയമയുദ്ധം വേണ്ടെന്നു തീരുമാനിച്ച് പഴയ രീതിയനുസരിച്ച് കഴിഞ്ഞ ദിവസം പുതുക്കിയ റാങ്ക് പട്ടിക സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് ‘കീമില്‍ ഞങ്ങള്‍ക്ക് നീതി വേണം’ എന്ന പേരില്‍ എന്‍ജിനിയറിങ് റാങ്ക്പട്ടികയിലുള്ള ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വാട്‌സ്ആപ്പ് കൂട്ടായ്മയും രൂപവത്കരിച്ചു.
ഗ്രൂപ്പ് ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ ആയിരത്തിലേറെപ്പേരാണ് ഇതില്‍ അംഗങ്ങളായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി കൂടുതല്‍ പിന്തുണ നേടിയെടുക്കാനാണ് ശ്രമം. കേരള സിലബസുകാരുടെ വേദനയും പ്രതീക്ഷയും മന്ത്രിമാരായ ആര്‍ ബിന്ദുവിനെയും വി ശിവന്‍കുട്ടിയെയും അറിയിക്കാന്‍ എല്ലാ സാധ്യതകളും തേടണമെന്നാണ് അംഗങ്ങളോട് ഗ്രൂപ്പ് അഡ്മിന്‍ അജാസിന്റെ അഭ്യര്‍ഥന.
അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഷ്ട്രീയക്കാരെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രവും ആവിഷ്‌കരിക്കും. ഇപ്പോഴത്തെ റാങ്ക്പട്ടികയിലുള്ള മിക്കവര്‍ക്കും അടുത്തവര്‍ഷം 18 വയസ്സാവും. വോട്ടവകാശം ലഭിക്കും. കഴിഞ്ഞവര്‍ഷവും ഇത്തവണയും രണ്ടുലക്ഷം പേര്‍ വീതം കീം പരീക്ഷയെഴുതി. അടുത്തവര്‍ഷവും രണ്ടുലക്ഷംപേര്‍ എഴുതും. ഇത്രയുംപേര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമൊക്കെ വോട്ടുണ്ടെന്നും ആ സാധ്യത ഒരു സമ്മര്‍ദമാക്കണമെന്നുമാണ് ആഹ്വാനം. അതിനാല്‍, വിദ്യാര്‍ഥി-യുവജന സംഘടനാ നേതാക്കളെയും എംഎല്‍എമാരെയും എംപിമാരെയുമൊക്കെ സമീപിച്ച് സമ്മര്‍ദം ചെലുത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. പുതിയ ഫോര്‍മുലയനുസരിച്ചുള്ള കീം റാങ്ക്പട്ടിക റദ്ദാക്കപ്പെട്ടപ്പോള്‍, പരാതിയുള്ളവര്‍ക്ക് മേല്‍ക്കോടതിയില്‍ പോവാമെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രതികരണം.
പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് കേസിനെ ബാധിക്കുമെന്നതിനാല്‍, അത് ഒരാഴ്ചയെങ്കിലും വൈകിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് അഭ്യര്‍ഥന. നിയമയുദ്ധത്തില്‍, കീം പട്ടികയില്‍ യോഗ്യത നേടിയ 48,000 പേരുടെയും പിന്തുണ തേടാനാണ് വിദ്യാര്‍ഥികളുടെ ശ്രമം.
by Midhun HP News | Jul 12, 2025 | Latest News, കേരളം
തൃശൂര്‍: ശുദ്ധിചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. വെള്ളിയാഴ്ചത്തെ ഉദയാസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂലൈ 12) ശനിയാഴ്ചത്തെ ഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും (ജൂലൈ 13 ) വൈകുന്നേരം ശ്രീഭൂതബലി ഉണ്ടാകും. ഈ സമയത്തു ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
‘ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണത്തിന് ഗുണമേന്‍മയുള്ള അവില്‍ ഉപയോഗിക്കണം’
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവില്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുണമേന്‍മ കുറഞ്ഞതും പഴകിയതുമായ അവില്‍ സമര്‍പ്പിക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകള്‍ സമര്‍പ്പിക്കുന്നത് ഭക്തര്‍ ഒഴിവാക്കണം. ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. പൊതിഞ്ഞാണ് ഭക്തര്‍ വഴിപാടായി അവില്‍ സമര്‍പ്പിക്കുന്നത്. ചിലര്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയും സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയിലേറെയും പഴകി പ്യൂപ്പല്‍ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ഉല്‍പ്പാദിച്ച തീയതിയോ ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ പേരോ അഡ്രസോ കവറില്‍ ഉണ്ടാകാറില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെ വില്‍ക്കുന്ന അവിലുകള്‍ വാങ്ങി സമര്‍പ്പിക്കുന്നത് ഭക്തര്‍ ഒഴിവാക്കണം. ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം .മാത്രമല്ല ഇത്തരത്തില്‍ ക്ഷേത്രത്തില്‍ ലഭിച്ച ഉപയോഗശൂന്യമായ ക്വിന്റല്‍ കണക്കിന് അവില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയായി മാറിയിട്ടുണ്ട്. ആകയാല്‍ ഗുണമേന്മയുള്ളതും ഭക്ഷ്യ സുരക്ഷാചട്ടങ്ങള്‍ പാലിച്ച് വിതരണത്തിനെത്തിക്കുന്നതുമായ അവില്‍ സമര്‍പ്പിക്കാന്‍ ഭക്തജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരം ഗുണമേന്‍മയുള്ള അവില്‍ സമര്‍പ്പണത്തിന് ലഭ്യമാക്കാന്‍ ദേവസ്വം നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓഫീസ് കെട്ടിടം നടന്നു കണ്ടു. തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, സികെപി പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, എസ് സുരേഷ് തുടങ്ങിയവര്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പരിപാടിക്ക് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് പോയ അമിത് ഷാ ബിജെപി വാര്‍ഡ് തല നേതൃസംഗമത്തില്‍ പങ്കെടുക്കും. നേതൃസംഗമം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃ സംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
by Midhun HP News | Jul 12, 2025 | Latest News, കേരളം
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ ആവശ്യത്തില്‍ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടിയാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കില്‍ എല്ലാവര്‍ക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മള്‍ സമയം കണ്ടെത്തണമെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേ ഉള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഇതില്‍ വേറെ എങ്ങനെയാണ് സമയം കണ്ടെത്തുക. ഉറങ്ങുന്ന സമയത്താണോ പിന്നെ മദ്രസ പ്രവര്‍ത്തിക്കേണ്ടത്?- ജിഫ്രി തങ്ങള്‍ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറുപടികളൊക്കെ മാന്യമായി വേണം പറയാന്‍, ആരു പറയുകയാണെങ്കിലും… മനസ്സിലായില്ലേ. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ആരും സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലര്‍ക്കും പറയാം. അതു ശരിയല്ല. ഇത് വലിയ ഒരു സമൂഹത്തിന്റെ ആവശ്യമല്ലേ. സമുദായങ്ങളുടെ കാര്യങ്ങളൊക്കെ നോക്കാനല്ലേ ഇവിടെ മന്ത്രിസഭ, ഭരണം എന്നൊക്കെ പറയണതുള്ളത്. സമുദായങ്ങളല്ലേ ഇവിടെ വോട്ടു ചെയ്യുന്നത്. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങളല്ലേ പറയുക. അതില്‍ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.’
ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കാണ് ഞങ്ങള്‍ നിവേദനം കൊടുത്തിട്ടുള്ളത്. അയാളാണ് ഇനി മറുപടി പറയേണ്ടത്. മന്ത്രി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. സ്‌കൂള്‍ സമയമാറ്റം ആവശ്യപ്പെട്ടതില്‍ സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് വിളിച്ചുകൂടേ, അങ്ങനെ അവഗണിക്കാന്‍ സാധിക്കുമോ?, വലിയ സമൂഹമല്ലേ എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചോദിച്ചു. മന്ത്രി ചർച്ചയ്ക്ക് തയ്യാറായത് സ്വാഗതം ചെയ്യുന്നു. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്തയും കാണിക്കും. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.`
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വർക്കല അയിരൂരിൽ വണ്ടിപ്പുര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചങ്കോണം സ്വദേശി മോനു (27)ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് കുളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ മനുവും സുഹൃത്തുക്കളും പ്രദേശത്ത് മദ്യപാനം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി വൈകിയും മനുവും സുഹൃത്തുക്കളും ഈ കുളത്തിന് സമീപത്ത് ഇരുന്ന് മദ്യപിച്ചിരുന്നു. മനുവിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
Recent Comments