by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഓഫീസിന് മുന്നിലെത്തിയ അമിത് ഷാ ആദ്യം പാര്‍ട്ടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ കണിക്കൊന്നയുടെ തൈ നട്ടു . തുടര്‍ന്ന് നാട മുറിച്ച് കെട്ടിടത്തില്‍ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
തുടർന്ന്ഓഫീസിന്റെ നടുത്തളത്തില്‍ സ്ഥാപിച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാരുടെ അര്‍ധകായ വെങ്കലപ്രതിമ അമിത് ഷാ അനാച്ഛാദനം ചെയ്തു. ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓഫീസ് കെട്ടിടം നടന്നു കണ്ടു. തൈക്കാട് രണ്ടര പതിറ്റാണ്ട് മുമ്പ് വാങ്ങിച്ച 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ സുരേന്ദ്രന്‍, സികെപി പത്മനാഭന്‍, കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, എസ് സുരേഷ് തുടങ്ങിയവര്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
പരിപാടിക്ക് ശേഷം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് പോയ അമിത് ഷാ ബിജെപി വാര്‍ഡ് തല നേതൃസംഗമത്തില്‍ പങ്കെടുക്കും. നേതൃസംഗമം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5,000 വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃ സംഗമത്തിനെത്തുന്നത്. മറ്റു 10 ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള നേതാക്കളും വെർച്വലായി പങ്കെടുക്കും. ഒന്നര ലക്ഷത്തോളം പേർ വെർച്വലായി സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
by Midhun HP News | Jul 12, 2025 | Latest News, കേരളം
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ ആവശ്യത്തില്‍ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടിയാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കില്‍ എല്ലാവര്‍ക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മള്‍ സമയം കണ്ടെത്തണമെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേ ഉള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഇതില്‍ വേറെ എങ്ങനെയാണ് സമയം കണ്ടെത്തുക. ഉറങ്ങുന്ന സമയത്താണോ പിന്നെ മദ്രസ പ്രവര്‍ത്തിക്കേണ്ടത്?- ജിഫ്രി തങ്ങള്‍ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറുപടികളൊക്കെ മാന്യമായി വേണം പറയാന്‍, ആരു പറയുകയാണെങ്കിലും… മനസ്സിലായില്ലേ. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ആരും സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലര്‍ക്കും പറയാം. അതു ശരിയല്ല. ഇത് വലിയ ഒരു സമൂഹത്തിന്റെ ആവശ്യമല്ലേ. സമുദായങ്ങളുടെ കാര്യങ്ങളൊക്കെ നോക്കാനല്ലേ ഇവിടെ മന്ത്രിസഭ, ഭരണം എന്നൊക്കെ പറയണതുള്ളത്. സമുദായങ്ങളല്ലേ ഇവിടെ വോട്ടു ചെയ്യുന്നത്. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങളല്ലേ പറയുക. അതില്‍ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.’
ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കാണ് ഞങ്ങള്‍ നിവേദനം കൊടുത്തിട്ടുള്ളത്. അയാളാണ് ഇനി മറുപടി പറയേണ്ടത്. മന്ത്രി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. സ്‌കൂള്‍ സമയമാറ്റം ആവശ്യപ്പെട്ടതില്‍ സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് വിളിച്ചുകൂടേ, അങ്ങനെ അവഗണിക്കാന്‍ സാധിക്കുമോ?, വലിയ സമൂഹമല്ലേ എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചോദിച്ചു. മന്ത്രി ചർച്ചയ്ക്ക് തയ്യാറായത് സ്വാഗതം ചെയ്യുന്നു. ചർച്ചയുടെ സാഹചര്യത്തിൽ മാന്യമായ സമീപനം സമസ്തയും കാണിക്കും. ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.`
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം വർക്കല അയിരൂരിൽ വണ്ടിപ്പുര കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചങ്കോണം സ്വദേശി മോനു (27)ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് കുളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ മനുവും സുഹൃത്തുക്കളും പ്രദേശത്ത് മദ്യപാനം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി വൈകിയും മനുവും സുഹൃത്തുക്കളും ഈ കുളത്തിന് സമീപത്ത് ഇരുന്ന് മദ്യപിച്ചിരുന്നു. മനുവിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമാർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പോലീസ് അറിയിച്ചു.
by Midhun HP News | Jul 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്നുമുതല്‍ ചൊവ്വാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച ഏഴു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
by Midhun HP News | Jul 12, 2025 | Latest News, കേരളം
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ഗുരുതരമായി പൊള്ളലേറ്റു. മാതാവ് എൽസി, ആറു വയസുകാരന്‍ ആല്‍ഫ്രഡ്, മൂന്നു വയസുകാരി എമില്‍ എന്നിവരെ കൊച്ചി മെഡിക്കല്‍ സെന്‍റര്‍ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. മക്കളുമായി വീടിന് പുറത്തു പോകാന്‍ എല്‍സി കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടന്‍ തീപിടിക്കുകയായിരുന്നു. എല്‍സിയുടെ മൂത്തമകള്‍ പത്തു വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു. ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Recent Comments