ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.ൽ പഠിക്കുന്ന 75 കുട്ടികൾക്ക് ക്യാമ്പസ് സെലക്ഷൻ ലഭിച്ചു

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.ൽ പഠിക്കുന്ന 75 കുട്ടികൾക്ക് ക്യാമ്പസ് സെലക്ഷൻ ലഭിച്ചു

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.പ്ലേസ്മെന്റ് ആന്റ് കരിയർ ഗൈഡൻസ് സെൻറിന്റെ ആഭിമുഖ്യത്തിൽ എൽ & ടി, ബിംലാബ്സ് എന്നീ പ്രമുഖ സ്ഥാപനങ്ങൾ നടത്തിയ ക്യാമ്പസ് ഇൻ്റർവ്യൂവിൽ 75 പേർക്ക് നിയമന ഉത്തരവുകൾ നൽകി. നിലവിൽ വിവിധ ട്രേഡുകളിലായി പഠിച്ചുകൊണ്ടിരിക്കുന്ന 61 പേർക്ക് കാഞ്ചിപുരം എൽ & ടി. യിലും ഡ്രാഫ്റ്റ്മാൻ സിവിൽ/ മെക്കാനിക്കൽ ട്രേഡിലെ 14 പേർക്ക് തിരുവനന്തപുരം ബിംലാബ്സ് എന്ന സ്ഥാപനത്തിലുമാണ് നിയമന ഉത്തരവുകൾ നൽകിയത്.

ജൂലായ്, ആഗസ്ത് മാസങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് ശേഷം സെപ്തംബർ 15 മുതലാണ് നിയമനം നൽകുന്നത്. ഐ.ടി.ഐ.ൽ വച്ച് നടന്ന അനുമോദന ചടങ്ങിൽ എം.എൽ.എ. ഒ.എസ്. അംബിക നിയമന ഉത്തരവുകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ മിനി.കെ, പ്ലേസ്മെൻ്റ് കോർഡിനേറ്ററും ഗ്രൂപ്പ് ഇൻസ്ട്രക്ടറുമായ ഹരികൃഷ്ണൻ.എൻ, പ്ലേസ്മെൻ്റ് ഓഫീസർ അംജിത് ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടറർമാരായ ഹരിലാൽ, സന്തോഷ്, ഉമേഷ്, സാബു, സ്റ്റാഫ് സെക്രട്ടറി മിഥുൻലാൽ, പി.ടി.എ. വൈസ് പ്രസിഡൻ്റ് ശ്രീകുമാരൻനായർ തുടങ്ങിയവർ പങ്കെടുത്തു. വിദേശത്തും സ്വദേശത്തുമായി കഴിഞ്ഞ വർഷം 576 പേർക്കും ഈ വർഷം 98 പേർക്കും പ്ലേസ്മെൻ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ നിയമനം നൽകിയിട്ടുണ്ട്.

ദന്ത ഡോക്ടർമാർ ഖത്തറിൽ ഇനി മുതൽ ദേശീയ യോഗ്യതാ പരീക്ഷ പാസാക്കണം

ദന്ത ഡോക്ടർമാർ ഖത്തറിൽ ഇനി മുതൽ ദേശീയ യോഗ്യതാ പരീക്ഷ പാസാക്കണം

ദോഹ: ദന്ത ഡോക്ടർമാരായി (ജനറൽ) ഖത്തറിൽ ജോലി ചെയ്യണമെങ്കിൽ ഇനി മുതൽ ദേശീയ യോഗ്യതാ പരീക്ഷ കൂടി പാസാകണം. ഇതുമായി ബന്ധപ്പെട്ട പുതിയ യോഗ്യതാ പരീക്ഷാ മാനദണ്ഡം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ദന്ത ഡോക്ടർമാരുടെ അറിവ് വർധിപ്പിക്കുന്നതിനും, ജനങ്ങൾക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ഖത്തറിന്റെ ആരോഗ്യ സംവിധാനത്തിൽ രോഗികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്നതാണ് പരീക്ഷയിലൂടെ ലക്ഷ്യം വെക്കുന്നത്.

പുതിയ നിയമപ്രകാരം ഖത്തറിൽ ദന്ത ഡോക്ടർമാരായി ജോലി ചെയ്യാനുള്ള ലൈസൻസ് ലഭിക്കണമെങ്കിൽ നിലവിലെ മറ്റ് യോഗ്യതാ പരീക്ഷകൾക്ക് പുറമെ ദേശീയ യോഗ്യതാ പരീക്ഷ കൂടി വിജയിക്കണം. പ്രൊമെട്രിക് പ്ലാറ്റ്​ഫോം മുഖേന ഓൺലൈൻ ആയാണ് പരീക്ഷ നടത്തുകയെന്ന് ഹെൽത്ത് കെയർ പ്രൊഫഷൻസ് വകുപ്പ് മേധാവി വ്യക്തമാക്കി.

ആദ്യ തവണ പരീക്ഷ എഴുതി പാസ്സായില്ലെന്ന് കരുതി വിഷമിക്കേണ്ട. അഞ്ച് തവണ സമയപരിധിയില്ലാതെ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. മൂന്നര മണിക്കൂർ നീളുന്ന പരീക്ഷയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. വിജയിക്കാൻ കുറഞ്ഞത് 60 ശതമാനം മാർക്ക് ആവശ്യമാണ്.

ദന്തചികിത്സയുമായി ബന്ധപ്പെട്ട അത്യാധുനിക ചികിത്സാരീതികളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാകും പ്രധാനമായും ഉണ്ടാകുക. ദന്ത ഡോക്ടർമാരുടെ ഇത്രയും നാളത്തെ പരിചയസമ്പത്ത് അളക്കാനുള്ള മാർഗം കൂടിയാണ് ഈ പരീക്ഷയെന്നും ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

മനുഷ്യ-വന്യജീവി സംഘര്‍ഷം: നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍; കരട് തയ്യാറായി വരുന്നതായി മന്ത്രി ശശീന്ദ്രന്‍

മനുഷ്യ-വന്യജീവി സംഘര്‍ഷം: നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍; കരട് തയ്യാറായി വരുന്നതായി മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് തയ്യാറായി വരുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍. സംസ്ഥാനത്തിന് നിയമനിര്‍മ്മാണം നടത്താനാകുമോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി. കണ്‍കറന്റ് ലിസ്റ്റ് ആയതിനാല്‍, ആ പഴുത് ഉപയോഗിച്ച് നിയമനിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഉപദേശം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കരട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അടുത്തു ചേരുന്ന മന്ത്രിസഭായോഗത്തില്‍ കരട് നിയമം സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നിയമം രൂപീകരിക്കാന്‍ തീരുമാനിച്ചത്. അടുത്ത മാസം ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. നിലവില്‍ നിലനില്‍ക്കുന്ന കേന്ദ്രനിയമങ്ങളും അതിലെ ചട്ടങ്ങളും കേരളത്തില്‍ പ്രായോഗികമല്ലെന്നും, സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വനുഷ്യ- വന്യജീവി സംഘര്‍ഷം കൂടുതല്‍ ലഘൂകരിക്കാനും, മനുഷ്യര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന തരത്തിലും നിയമം രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നത്.

നിലവിലെ നിയമങ്ങള്‍ വന്യജീവികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലാണുള്ളത്. പുതിയ നിയമത്തില്‍ അതില്‍ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. എന്നാല്‍ പുതിയ കരട് നിയമത്തില്‍ മന്ത്രിസഭയിലും ഇടതുമുന്നണിയിലും കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും. പൊതു സമൂഹത്തിന്റെ കൂടി അഭിപ്രായങ്ങള്‍ കണക്കിലെടുത്ത ശേഷമാകും ബില്ലിന്റെ രൂപത്തില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വന്യജീവി സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി അടിയന്തര നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടിരുന്നു. വന്യജീവികളും തെരുവ് നായകളും ഉയര്‍ത്തുന്ന ഭീഷണി മൂലം സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ആളുകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നില്ല. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍, നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും പുതിയ നിയമനിര്‍മ്മാണം നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്`.

ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ വളരെപ്പെട്ടെന്നു തന്നെ നിയമം പാസ്സാക്കി. അതുപോലെ, മനുഷ്യ-മൃഗ സംഘര്‍ഷത്തിന്റെയും തെരുവ് നായ്ക്കളുടെ ശല്യത്തിന്റെയും വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യണം എന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടത്.

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ

കൊല്ലം: കൊല്ലത്ത് മൂന്ന് വയസുകാരിയെ തെരുവ് നായ കടിച്ച സംഭവത്തിൽ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കടയ്ക്കൽ മടത്തറ വളവുപച്ചയിൽ ഇശലിനാണ് തെരുവ് നായ ആക്രമണത്തിൽ നേരത്തെ ഗുരുതരമായ പരിക്കേറ്റിരുന്നു. മുഖത്ത് കടിയേറ്റ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് തെരുവ് നായ ആക്രമിച്ചത്. പിന്നാലെ തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് ചിതറ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒരു ജില്ലയിലും അലര്‍ട്ട് ഇല്ല

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും ഒരു ജില്ലയിലും അലര്‍ട്ട് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും( വ്യാഴാഴ്ച) നാളെയും ( വെള്ളിയാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒരു ജില്ലയിലും ഇന്നും നാളെയും അലര്‍ട്ട് ഇല്ല.

അതേസമയം ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ശനിയാഴ്ച വടക്കന്‍ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.തിങ്കളാഴ്ചയും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.