by Midhun HP News | Jul 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്തേണ്ടത്.
തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. കരട് പ്രസിദ്ധീകരിക്കുന്ന അന്നുമുതല്‍ 15 ദിവസം പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും മരിച്ചവര്‍, താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കാനും അവസരമുണ്ട്. പഞ്ചായത്തുകളില്‍ 1375 വാര്‍ഡും മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡും കോര്‍പ്പറേഷനുകളില്‍ ഏഴു വാര്‍ഡും കൂടിയിട്ടുണ്ട്.
സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള അന്തിമ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും. 187 വാര്‍ഡുകള്‍ പുതിയതായി നിലവില്‍ വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080ല്‍നിന്ന് 2267 ആകും.
സംവരണ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റംവരും. 152 ബ്ലോക്ക് പഞ്ചായത്തില്‍ 77 ബ്ലോക്കുകള്‍ വനിതകള്‍ക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളില്‍ അധ്യക്ഷസ്ഥാനം സംവരണംചെയ്തിട്ടുണ്ട്. അതില്‍ എട്ടെണ്ണം വനിതകള്‍ക്കാണ്. പട്ടികവര്‍ഗത്തിന് മൂന്ന് ബ്ലോക്കുകളുള്ളതില്‍ രണ്ടിടത്ത് വനിതകള്‍ അധ്യക്ഷര്‍ ആകും. മെയ് 31നാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു ഡി ലിമിറ്റേഷന്‍ കമീഷന്‍ കരട് വിജ്ഞാപനം ഇറക്കിയത്.
by Midhun HP News | Jul 8, 2025 | Latest News, കേരളം
കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയില്‍ പനി ബാധിച്ച് മരിച്ച ബാലിക പടയാട്ടി ജെനീറ്റയുടെ (12) അയല്‍വീട്ടിലെ നായയ്ക്ക് പേവിഷബാധ. കുട്ടി മരിച്ച അന്നുതന്നെയാണ് അയല്‍വാസിയുടെ വീട്ടിലെ നായയും ചത്തത്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുന്‍പ് ചത്തിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലികയ്ക്ക് പനി ബാധിച്ചത്. ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിന്ന് വൈറല്‍ പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ശക്തിയായ ചുമയെ തുടര്‍ന്ന് ബാലിക ഉറക്കത്തില്‍ നിന്ന് ഉണരുകയായിരുന്നു.
അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കലശലായ വയറുവേദനയും അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോകുന്നതിനിടെ ബാലിക കുഴഞ്ഞുവീണു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുഴിച്ചിട്ട നായയെ പുറത്തെടുത്ത് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോയത്. ചുള്ളിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ മെഡിക്കല്‍ സംഘം ഇന്നലെ പരിശോധന നടത്തി.
by Midhun HP News | Jul 8, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ഇന്ന് ( ചൊവ്വാഴ്ച) വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചത്. ഇതിൽ 6,254 പേർ മറ്റു ജില്ലകളിൽകൂടി അപേക്ഷിച്ചവരാണ്. അലോട്ട്‌മെന്റ് ലഭിച്ച മുഴുവൻ വിദ്യാർഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകൾ ഒഴിഞ്ഞുകിടക്കും.
അലോട്ട്മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രവേശനം ലഭിക്കാത്തവർക്ക് ഒമ്പതുമുതൽ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ഒഴിവുള്ള സീറ്റിൽ സ്പോട്ട് അഡ്മിഷന് അവസരം നൽകും. ഇതുവരെ മെറിറ്റിൽ 2,68,584 വിദ്യാർഥികൾ പ്രവേശനം നേടി. അൺ എയ്ഡഡ് ഉൾപ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണിൽ പ്രവേശനം നേടിയത്.
by Midhun HP News | Jul 8, 2025 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ: പൂർണ ഗർഭിണിയെയും കൊണ്ടുപോയ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിച്ചു. കടയ്ക്കാവൂരിൽ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് ഇടിച്ചത്. കാര്യവട്ടം അമ്പലത്തിൻകരയിലാണ് സംഭവം. ആംബുലൻസിന് മുന്നേ പോയ കാർ വലത്തോട്ട് പെട്ടെന്ന് തിരിഞ്ഞതാണ് അപകടത്തിന് കാരണമായി പറയുന്നത്.
മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വലതുവശത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് നിന്നത്. യുവതിയെ മറ്റൊരു ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകൾ പറ്റി. ഗർഭിണിയായ യുവതിക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
by Midhun HP News | Jul 8, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അർദ്ധരാത്രി സ്ത്രീ വേഷത്തിലെത്തിയ മോഷ്ടാക്കൾ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും പണം കവർന്നു. അഴൂർ കാറ്റാടി മുക്ക് ദശപുഷ്പം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിലുള്ള ഔട്ട്ലെറ്റുകളായ സമൃദ്ധി ബസാർ, സമൃദ്ധി വെജിറ്റബിൾ ഷോപ്പ് എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. സമൃദ്ധ ബസാറിന്റെയും വെജിറ്റബിൾ ഷോപ്പിന്റെയും ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
സമൃദ്ധി ബസാറിൽ നിന്നും മുപ്പതിനായിരം രൂപയും വെജിറ്റബിൾ ഷോപ്പിൽ നിന്ന് പതിനായിരം രൂപയും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാവിലെ സ്ഥാപനങ്ങൾ തുറക്കാൻ എത്തിയ ജീവനക്കാരാണ് കടയുടെ പോട്ടുകൾ തകർത്തു നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടയ്ക്കുള്ളിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചതായും മേശ ഉൾപ്പെടെ തകർത്തതായും അറിയുന്നത്. തുടർന്ന് സ്ഥാപന അധികൃത ചിറയിൻകീഴ് പോലീസിൽ പരാതി നൽകി. പോലീസ് പരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ഇതിൽ സ്ത്രീ വേഷം ധരിച്ച് രണ്ടുപേർ വരുന്നതായി വിവിധ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നു. ഒരാൾ ചുരിദാറും ഒരാൾ നൈറ്റിയും ആണ് ധരിച്ചിരിക്കുന്നത്. ഇവർ സ്ത്രീ വേഷം ധരിച്ച പുരുഷന്മാരാണെന്നും കരുതപ്പെടുന്നു.
തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. സ്ത്രീ വേഷം ധരിച്ച രണ്ടുപേരുടെയും ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ഇരുവരും ഷാൾ ഉപയോഗിച്ച് മുഖം മറച്ചിരുന്നതിനാൽ പ്രാഥമിക അന്വേഷണത്തിൽ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫിംഗർ പ്രിൻ്റ് വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ശാസ്ത്രീയമായ തെളിവെടുപ്പിലാണ് പോലീസ് പ്രാധാന്യം നൽകുന്നത്. ഈ മേഖലയിൽ കവർച്ചയും കവർച്ച ശ്രമങ്ങളും വ്യാപകമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Recent Comments